ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
Saturday 09 May 2026 12:59 AM IST
എരുമേലി: നിയന്ത്രണം വിട്ട ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികനായ എരുമേലി തെങ്ങും തോട്ടത്തിൽ റഹ്മത്തുള്ള (16), ഓട്ടോ യാത്രക്കാരനായ കൊരട്ടി ആറാം മൈൽ ആലക്കപ്പറമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ബാബു, മറ്റൊരു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരുക്കേറ്റു. എരുമേലി ചരളയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. മുണ്ടക്കയം - എരുമേലി റോഡിലേക്ക് ഇട റോഡിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച ശേഷം മറിയുകയായിരുന്നു. സുരേഷ് എരുമേലിയിലെ ആശുപത്രിയിൽ വച്ചും റഹ്മത്തുള്ള ഇരുപത്തിയാറാം മൈലിലെ മേരി ക്യൂൻസ് ആശുപത്രിയിൽ വച്ചും മരിച്ചു. ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.