ഇന്ന് ജോയിന്റ് കൗൺസിൽ പണിമുടക്ക്,​ ഇത് അതിജീവനത്തിനുള്ള സമരം

Wednesday 22 January 2025 3:04 AM IST

വലതുപക്ഷ നയങ്ങളുടെ വക്താക്കൾ രാജ്യത്തു നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെയും,​ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വേതനവും ആനുകൂല്യവും സംരക്ഷിക്കാനും രണ്ടു ദശാബ്ദത്തിലേറെയായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. ജീവിതം അത്രമേൽ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ജീവിക്കാനാവശ്യമായ വേതനത്തിനും ഉറപ്പുള്ള സുരക്ഷിത പെൻഷനുമായി ഈ അതിജീവന സമരം.

1864 മുതൽ ലഭ്യമായിരുന്നതാണ് വാർദ്ധക്യകാലം സുരക്ഷിതമാക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന പഴയ പെൻഷൻ പദ്ധതി. ആ സുരക്ഷിതത്വത്തിന്റെ തണലറുത്താണ് 2004 ജനുവരിയിൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. 2013 ഏപ്രിൽ വരെ കേരളം അതു നടപ്പിലാക്കാതെ ത്രിപുരയ്ക്കും പശ്ചിമബംഗാളിനുമൊപ്പം പഴയ പെൻഷൻ പദ്ധതി തുടർന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ നിലപാടാണ് അന്ന് പുരോഗമന പ്രസ്ഥാനങ്ങളും ഇടതു പാർട്ടികളും സ്വീകരിച്ചത്. ജീവനക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത പദ്ധതിയായതിനാലാണ് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കഴിഞ്ഞ പാർട്ടി കോൺഗ്രസുകൾ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായി പ്രമേയങ്ങൾ പാസാക്കിയതും പാർലമെന്റിൽ ശക്തമായ നടപടി സ്വീകരിച്ചതും.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്,​ 2013 ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. അതിനു മുമ്പ് ആന്റണി സർക്കാരിന്റെ കാലത്തും പെൻഷനും ആനുകൂല്യങ്ങളും കവർന്നെടുക്കാൻ നീക്കമുണ്ടായെങ്കിലും 32 ദിവസത്തെ പണിമുടക്കിലൂടെ ആ തീരുമാനം മരവിപ്പിക്കാനായി. തുടർന്നു വന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ആ ഉത്തരവ് റദ്ദാക്കിയത്. അടുത്ത യു.ഡി.എഫ് സർക്കാർ ജീവനക്കാരെ വീണ്ടും ശത്രുപക്ഷത്താക്കി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി. പദ്ധതിക്കെതിരെ രാജ്യമാകമാനം നടന്ന പ്രക്ഷോഭങ്ങൾക്ക് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്നു. കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ, പെൻഷൻ ജലരേഖയായി മാറുമെന്ന ആശങ്ക ജനിപ്പിക്കുന്ന പദ്ധതിയായി അത് മാറി. മിനിമം പെൻഷൻ ഉറപ്പു പറയുന്നുണ്ടെങ്കിലും ഇതുവരെ അതിൽ വ്യക്തത വരുത്താൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല.

2016-ലെ എൽ.ഡി.എഫ് പ്രകടനപത്രിയിൽ ഇനിയും നടപ്പിലാക്കാൻ കഴിയാതെപോയത്,​ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം മാത്രമാണ്. അതു നടപ്പാക്കാൻ 2018-ൽ സതീഷ്ചന്ദ്ര ബാബു അദ്ധ്യക്ഷനായി പുനഃപരിശോധനാ സമിതിയെ നിയോഗിച്ചു. പക്ഷേ,​ സമിതിയുടെ റിപ്പോർട്ട് രഹസ്യ രേഖയാണെന്ന സർക്കാർ നിലപാടിനെ സുപ്രീംകോടതിയിൽ ജോയിന്റ് കൗൺസിന് ചോദ്യം ചെയ്യേണ്ടി വന്നു. കോടതി നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് വെളിച്ചംകണ്ടത്.

2024 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ,​ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മറ്റൊരു പെൻഷൻ പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുകയും,​ അതു പഠിക്കാൻ വീണ്ടും ഉപസമിതി രൂപീകരിക്കുകയും ചെയ്തു. പദ്ധതി പിൻവലിക്കാൻ യാതൊരു തടസവുമില്ലെന്ന് പുനഃപരിശോധനാ സമിതി റിപ്പോർട്ട് നൽകി. പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങിയാൽ സർക്കാരിന് നിലവിൽ ഒരു സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകില്ലെന്നു മാത്രമല്ല,​ വിഹിതമായി അടയ്ക്കുന്ന തുകയുടെ ലാഭം ഉണ്ടാവുകയും ചെയ്യും. എന്നിട്ടും പെൻഷൻ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കില്ലെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും ജീവനക്കാരിൽ നിന്ന് വിഹിതം പിടിക്കുന്നതും,​ സർക്കാർ വിഹിതം നൽകുന്നതും നാടിന്റെ പൊതുസമ്പത്ത് നഷ്ടപ്പെടുത്തുന്ന നിലപാടാണ്.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നത് തൊഴിലാളിവർഗ സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നിരിക്കെ, എന്തുകൊണ്ട് മുന്നണി നേതൃത്വം നൽകുന്ന സർക്കാർ അതു പാലിക്കാൻ തയ്യാറാകുന്നില്ലെന്നത് ദുരൂഹമാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്തും,​ അവർക്ക് വേതന സുരക്ഷിതത്വം ഉറപ്പാക്കിയുമാണ് എക്കാലവും ഇടതു സർക്കാരുകൾ മുന്നോട്ടു പോയത്. മഹാമാരിയും മഹാദുരന്തങ്ങളും സാമ്പത്തികമായി കേരളത്തെ തകർത്ത കാലമായിരുന്നു 2016 മുതൽ 2021 വരെ. എന്നിട്ടും അക്കാലത്തുപോലും സർക്കാർ ജീവനക്കാരുടെ വേതനം പരിഷ്‌ക്കരിക്കുവാനും ക്ഷാമബത്ത കുടിശിക തീർത്തു നൽകുവാനും കഴിഞ്ഞു. തുടർഭരണത്തിന്റെ വഴികൾ തുറന്നതും അത്തരം നിലപാടുകളാണ്. എന്നാൽ,​ ഇടതുപക്ഷ നയങ്ങളിൽ തുടർഭരണ കാലത്ത് വീഴ്ചകളുണ്ടായി.

വേതനം പരിഷ്‌കരിക്കാനുള്ള പ്രാബല്യ തീയതി കഴിഞ്ഞ് ആറു മാസമായി. വിലക്കയറ്റത്തിന് ആനുപാതികമായി നൽകേണ്ട ക്ഷാമബത്ത 19 ശതമാനം കുടിശികയാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനു പോലും പ്രതിമാസം 4500-ൽ അധികം രൂപയുടെ കുറവ് വേതനത്തിലുണ്ടായി. ഇത് സർക്കാർ മേഖലയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ധനകമ്മിയുടെ കണക്കെടുപ്പിൽ ഏറെ നഷ്ടമുണ്ടായ ജീവിതങ്ങളാണ് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും. ഇല്ലായ്മകളുടെ ധവളപത്രങ്ങളല്ല, അതിജീവനത്തിനായുള്ള ബദലുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. ആ ബദലുകൾക്കു വേണ്ടിക്കൂടിയാണ് ഈ പണിമുടക്ക്.