ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി ബ്ലെൻഡിംഗ് ആൻഡ് ബോട്ട്ലിംഗ് പ്ലാന്റ് നിർമ്മാണോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പൊതുമേഖലയിൽ നിലവിൽ തിരുവല്ലയിൽ മാത്രമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വില്പന നടത്തുന്ന മദ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങിയാണ് വിൽപ്പന. ഷുഗർ ഫാക്ടറിയിൽ പുതിയ പ്ലാന്റ് വരുന്നതോടെ സ്വകാര്യമേഖലയിൽ നിന്നുവാങ്ങുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുറമേ നിന്ന് സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ എത്തിച്ച് 'ജവാൻ' പോലുള്ള വിലകുറഞ്ഞ മദ്യമാണ് ഇവിടെ ഉത്പാദിപ്പിക്കുക. 2024 ജൂലായിലാണ് മലബാർ ഡിസ്റ്റിലറിയിൽ മദ്യം ഉത്പാദിപ്പിക്കാനുള്ള ഭരണാനുമതി ലഭിച്ചത്. 5 ലൈൻ ബോട്ട്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബിവറേജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
29.5 കോടി രൂപയുടെ പദ്ധതിയിൽ തുടക്കത്തിൽ 15 കോടി മുടക്കാനാണ് ബെവ്‌കോ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പൂർണമായും ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന 3 ബോട്ട്ലിംഗ് ലൈൻ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. പ്രതിദിനം 1,21,500 ലീറ്റർ മദ്യം ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. മദ്യം ഉത്പാദിപ്പിക്കുന്നതിനായി മഴവെള്ള സംഭരണി നിർമ്മിച്ച് ആ വെള്ളം ഉപയോഗിക്കാൻ കഴിയുമോ എന്നുള്ളതിനാണു പ്രഥമ പരിഗണന നൽകുന്നത്. ഡിസ്റ്റിലറിയുടെ ഇരുവശങ്ങളിലുമുള്ള പുഴകളിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്ത് നിർമ്മിക്കുന്ന സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കാനുള്ള പദ്ധതിയും പരിശോധിക്കുന്നുണ്ട്.
10 മാസത്തിനകം
പ്ലാന്റ് സജ്ജം
117 ഏക്കറോളം സ്ഥലത്ത് വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലായാണു ചിറ്റൂർ ഷുഗർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഷുഗർ ഫാക്ടറിയിലെ 7500 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിലാണ് പ്ലാന്റ് സ്ഥാപിക്കുക. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ പൂർത്തീകരിക്കേണ്ടതുണ്ട്. 10 മാസത്തിനകം പ്ലാന്റിന്റെ പണി പൂർത്തിയാക്കുന്ന തരത്തിലുള്ള നടപടികളുമായാണു അധികൃതർ മുന്നോട്ടുപോകുന്നത്. ചാരായ നിരോധനവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാരണം 2002ൽ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു. തുടർന്ന് 2009 ജൂണിലാണ് ഈ സ്ഥലത്ത് മലബാർ ഡിസ്റ്റിലറി സ്ഥാപിക്കുന്നത്. തുടർന്ന് ബെവ്‌കോയ്ക്കു കീഴിൽ 10 ലൈൻ ബോട്ട്ലിംഗ് പ്ലാന്റ് ആരംഭിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2018ൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മലബാർ സിമന്റ്സിൽ
നിന്ന് ശുദ്ധജലം
മേനോൻപാറ മലബാർ ഡിസ്റ്റിലറിയിൽ സർക്കാർ നിർമ്മിക്കാൻ പോവുന്ന വിദേശമദ്യ ബ്ലെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് പ്ലാന്റിലേക്കാവശ്യമായ വെള്ളം മലബാർ സിമന്റ്സിലെ ഖനിയിൽ നിന്ന് എത്തിക്കാനും ആലോചന. സിമന്റിന്റെ അസംസ്‌കൃത വസ്തുക്കളുടെ നിർമ്മാണത്തിന് മുന്നോടിയായി ഖനിയിൽ പാറപൊട്ടിക്കുമ്പോൾ നീക്കം ചെയ്യുന്ന വെള്ളമാണു ശുദ്ധീകരിച്ച് മദ്യ നിർമ്മാണത്തിനായി നൽകാൻ ശ്രമം നടത്തുന്നത്. മലബാർ സിമന്റ്സിനു അധിക വരുമാനം ലക്ഷ്യമിടുന്നത് കൂടിയാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഖനിയിലെ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പഠനം നടത്തിയിരുന്നു. മദ്യ നിർമാണത്തിനു ജലം ഉപയോഗിക്കാമെന്നാണു റിപ്പോർട്ട്.
പ്രതിദിനം 50,000 മുതൽ 1.15 ലക്ഷം ലീറ്റർ വെള്ളമാണ് ഖനിയിൽ നിന്നു നീക്കുന്നത്. പമ്പ് ഉപയോഗിച്ച് ഇതു സമീപത്തെ പുഴകളിലേക്കാണ് ഒഴുക്കി കളയുന്നത്. മലബാർ സിമന്റ്സിൽ ശുദ്ധജലത്തിന് ഉൾപ്പെടെ നിലവിൽ ഉപയോഗിക്കുന്നതും ഇത്തരം ഖനികളിൽ നിന്നു ശുദ്ധീകരിച്ച ജലമാണ്.
തൊഴിലവസരം
വർദ്ധിക്കും
ഡിസ്റ്റിലറിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതോടെ പ്രദേശത്ത് നൂറുകണക്കിന് തൊഴിലവസരങ്ങളുണ്ടാകും. എഴുന്നൂറോളം തൊഴിലാളികൾ ജോലിചെയ്തിരുന്ന ചിറ്റൂർ ഷുഗേഴ്സ് 2002ലാണ് പൂട്ടിയത്. കരിമ്പ് കിട്ടാതായി പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് സഹകരണ ഷുഗർ മില്ലിന്റെ പ്രവർത്തനം നിലച്ചത്. തുടർന്ന് 2009ലാണ് മലബാർ ഡിസ്റ്റിലറിയായത്. അന്നത്തെ 30 തൊഴിലാളികൾ മാത്രമാണ് ഇപ്പോഴുള്ളത്.
പാരിസ്ഥിതിക
പ്രശ്നങ്ങൾ ചർച്ചയാകുന്നു
മേഖലയിൽ മദ്യം ഉത്പാദനം ആരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ ചിറ്റൂർ മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. മദ്യനിർമ്മാണത്തിന് വൻതോതിൽ വെള്ളം വേണ്ടിവരുന്നതോടെ ഈ മേഖലകൾ കൊടിയ വരൾച്ചയുടെ പിടിയിലാകുമെന്നാണ് ആശങ്ക.
ഭൂഗർഭജലനിരക്ക് അപകടകരമായി താണ പ്രദേശങ്ങളാണ് ചിറ്റൂർ ബ്ലോക്കിൽപ്പെടുന്ന എലപ്പുള്ളിയും വടകരപ്പതിയും. കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് മദ്യനിർമ്മാണത്തിന് വേണ്ടത്. പ്രതിവർഷം കോടിക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുത്താൽ എലപ്പുള്ളിയും വടകരപ്പതിയും മരുപ്രദേശങ്ങളാവും.
പ്രതിമാസം മൂന്നരലക്ഷം കെയ്സ് ജവാൻ റം അഥവാ നാൽപ്പത്തിരണ്ട് ലക്ഷം കുപ്പി മദ്യമാണ് ഉണ്ടാക്കുന്നത്. ഒരു കുപ്പിയിൽ 750 എം.എൽ മദ്യം എന്ന് കണക്കാക്കിയാൽത്തന്നെ മുപ്പത്തൊന്നരലക്ഷം ലിറ്റർ മദ്യം. ഒരു ലിറ്റർ മദ്യം നിർമ്മിക്കാൻ പത്ത് ലിറ്ററിലധികം വെള്ളം വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |