ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയത് അമേരിക്കയിൽ നിലവിൽ വരിക ബുധനാഴ്‌ചയാണ്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിന് കൂടുതൽ ശിക്ഷിക്കുമെന്ന് ഭീഷണിയും ട്രംപ് മുഴക്കുന്നുണ്ട്. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനും റഷ്യയിലെ ധനികരുടെ കൈയിൽ പണം എത്തുന്നത് തടയാനുമാണ് തീരുവ എന്ന വിചിത്ര വാദം കഴിഞ്ഞദിവസം അമേരിക്ക നടത്തിയിരുന്നു.
ഇതിനിടെ ട്രംപ് ഇന്ത്യയിലേക്ക് വിളിച്ച നാല് കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിയേ നൽകിയില്ലെന്ന് വ്യക്തമാക്കുകയാണ് ജർമ്മൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്‌തൂങ്. എഫ്‌എഇസഡ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് വ്യാപാര തർക്കത്തിൽ പരിഹാരത്തിന് ട്രംപ് ഫോൺകോൾ നടത്തി. വിരട്ടലുകൾ, ഭീഷണി, സമ്മർദ്ദം, പരാതി ഇവയൊന്നും മറ്റ് രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഫലിക്കുന്നില്ല എന്നാണ് വിവരം.
ഇന്ത്യ-യുഎസ് തീരുവ തർക്കം വിശദമായി പത്രം വിശകലനം ചെയ്തെങ്കിലും എന്നാണ് കോൾ ചെയ്‌തതെന്ന് വ്യക്തമാക്കുന്നില്ല. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം തള്ളിയിട്ടില്ല. ഒരു പ്രതികരണവും നടത്തിയിട്ടുമില്ല. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സമീപനം തന്ത്രപരമായ ജാഗ്രതയും നിരാശയും ചേർന്നുള്ളതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
25 ശതമാനത്തിന് പുറമേ വീണ്ടും 25 ശതമാനം നികുതി ഇന്ത്യയ്‌ക്ക് മേൽ ചുമത്താൻ ട്രംപ് തീരുമാനിച്ച സമയത്താണ് മോദിയെ വിളിക്കാൻ അദ്ദേഹം ശ്രമിച്ചതെന്നാണ് സൂചന. ട്രംപിന്റെ കുടുംബ കമ്പനി ഡൽഹിക്കടുത്ത് അദ്ദേഹത്തിന്റെ പേരിൽ ആഡംബര ടവർ നിർമ്മിച്ചത് മേയ് മാസത്തിൽ ഒരൊറ്റ ദിവസം കൊണ്ട് വിറ്റുപോയ സംഭവവും പത്രം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |