SignIn
Kerala Kaumudi Online
Saturday, 09 November 2024 5.28 AM IST

ചിരിയുടെ അമിട്ടിന് തിരികൊളുത്താം

Increase Font Size Decrease Font Size Print Page
c

മുടങ്ങുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ, സമയത്തിന് ശമ്പളം കിട്ടായ്ക, അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം, യുവാക്കൾക്ക് നിയമനമില്ലായ്ക, ഉറപ്പില്ലാത്ത സ്ത്രീസുരക്ഷ... തുടങ്ങി പലവിധ കാരണങ്ങളാൽ കേരളത്തിലെ ജനങ്ങൾ വീർപ്പുമുട്ടി നൊമ്പരപ്പെട്ട് കഴിയുകയാണ്. പലവിധ മാനസിക സംഘർഷം അനുഭവിക്കുന്ന ജനങ്ങളെ അതിൽ നിന്ന് മുക്തരാക്കാനുള്ള പോംവഴി കണ്ടുപിടിച്ചത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്ന മഹാ പ്രസ്ഥാനമാണ്. എല്ലാ മാനസിക സംഘർഷങ്ങൾക്കും നല്ല മരുന്നാണ് ചിരി. 'കണ്ണുനീരിന് ടാറ്റ ചുടു കണ്ണുനീരിന് ടാറ്റ, ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം ചിരിയുടെ അമിട്ടിന് തിരികൊളുത്താം' പതിറ്റാണ്ടുകൾക്ക് മുമ്പ് യൂസഫലി കേച്ചേരി എഴുതി, ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ പാട്ടുപോലും ചിരിതെറാപ്പിയുടെ മഹത്വം വിളമ്പുന്നതാണ്.

കുറഞ്ഞത് ഒരു മാസമെങ്കിലും സംസ്ഥാനത്തെ ജനങ്ങളെ തുടർച്ചയായി ചിരിപ്പിച്ചാൽ ഇപ്പോഴത്തെ പ്രയാസങ്ങളൊക്കെ മാറി ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉഷാറാവും എന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് മനസിലായി. അതിന് വേഗത്തിൽ ഒരു മാർഗ്ഗം കണ്ടുപിടിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്തിന്റെ വടക്കേ അറ്രം മുതൽ തെക്കേ അറ്റം വരെ ഒരു യാത്ര നടത്തുക. യാത്രയ്ക്ക് നല്ലൊരു പേരുവേണം. കലാ,സാഹിത്യഅഭിനിവേശമുള്ള, നല്ല പ്രഭാഷകനും നാടകാസ്വാദകനും സർവ്വോപരി നല്ല കാഥികനുമായ പാർട്ടിയുടെ തലസ്ഥാനജില്ലയിലെ പ്രസിഡന്റദ്യത്തെ ആണെന്ന് തോന്നുന്നു നാമകരണ ചുമതല ഏൽപ്പിച്ചത്. എന്തായാലും ശുഭമുഹൂർത്തത്തിൽ പേരിട്ടു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര. തുടങ്ങി അധിക ദിവസം കഴിയും മുമ്പ് ഇതൊരു കോമഡിയാത്രയാവുമെന്ന് പാർട്ടിയിലെ കലാഹൃദയമുള്ളവരും വിശ്വസിച്ചു.

സഹൃദയരെ, ഇത് കേവലമൊരു സമരാഗ്നി യാത്രയല്ല, സമരാഗ്നി കോമഡി യാത്രയാണ്. നടനകലാ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സൂപ്പർ സ്റ്റാർ കണ്ണൂർ സുധാകരനും കലാമണ്ഡലപരിസരത്തുള്ള ഭാവാഭിനയ ചക്രവർത്തി പറവൂർ സതീശനുമാണ് ജാഥയുടെ നായകന്മാർ. ചെന്നിത്തല ഗാന്ധി, എക്സ് ഡി .ഐ.സി മുരളീധരൻ, കൊടിസുരേഷ്, ബെന്നിബലവാൻ, തുടങ്ങി നിരവധി അഭിനയ സാമ്പ്രാട്ടുകളെ അണിനിരത്തിയാണ് പരിപാടി തുടങ്ങിയത്. പ്രതീക്ഷയ്ക്ക് ഒരു ഭംഗവും വരാത്തവിധമാണ് ജാഥയുടെ ഓരോ ദിവസവും കടന്നു പോയത്. ദൗത്യം ഏറെക്കുറെ വിജയമാക്കി ഇന്ന് പര്യവസാനിക്കുകയാണ്.

നായകന്മാർ തമ്മിലുള്ള നിരക്കി തള്ളോടെയായിരുന്നു തുടക്കം. ഓരോ ദിവസവും രാവിലെ മാദ്ധ്യമങ്ങളെ വിളിക്കുക, അവർക്ക് മുന്നിൽ രണ്ട് ശരീരവും നാലുമനസുമായി ജാഥാ നായകന്മാർ ഇരിക്കുക. പിന്നെ 'ഉന്തുന്തുന്തുന്തുന്ത് ആളെ ഉന്ത്' എന്ന ചെറുശ്ശേരി കവിതയിലെ വരികൾ പോലെ ചാനൽ മൈക്കുകൾ പരസ്പരം തള്ളിമാറ്റുക. എന്നാ താൻ പറ എന്ന് സുധാകരൻ, എന്തൂട്ട്, നിങ്ങളങ്ങ് പറഞ്ഞാമതി എന്ന് സതീശൻ. ഇങ്ങനെയുള്ള പതിവ് കലാപ്രകടനങ്ങളിലൂടെ ജാഥ അങ്ങനെ കൊഴുത്തു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒട്ടിച്ചേർന്നിരിക്കുകയും വാർത്താ സമ്മേളനം കഴിയുമ്പോൾ സജാതീയ ധ്രുവങ്ങൾ വികർഷിക്കും പോലെ രണ്ടുവഴിക്കു പിരിയുകയുമായിരുന്നു രീതി.

രണ്ടാം ദിവസമായിരുന്നു ഹാസ്യകലാപ്രകടനം പരകോടിയിലെത്തിയത്. പതിവ് വാർത്താസമ്മേളനത്തിന് കല്യാണി ആഡിറ്റോറിയത്തിൽ സുധാകരനെത്തി. ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദും ജില്ലയിലെ വനിതകളുടെ കരുത്തയായ നേതാവ് ഷാനിമോൾ ഉസ്മാനുമെല്ലാം ഒരു കൈയ്യിൽ മൊബൈലും മറുകൈയ്യിൽ നമസ്കാരവുമായി വേദിയിൽ ആസനസ്ഥരായി. വരേണ്ടത് സതീശനാണ്. 'കാത്തിരുന്ന് കാത്തിരുന്ന് കണ്ണുകഴച്ചു,​ കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലുചമച്ചു' എന്ന പാട്ട് ആരുടെയോ മൊബൈലിൽ നിന്ന് ഒഴുകിയെത്തി..ഹാളിലെ ചൂടും പരിപാടിയുടെ ടെൻഷനുമെല്ലാം കൂടിയതോടെ സുധാകരൻ അസ്വസ്ഥനായി. അതോടെയാണ് തൊട്ടടുത്തിരുന്ന ഡി.സി.സി പ്രസിഡന്റിനോട്,​ സതീശനെവിടെ എന്ന് സുധാകരൻ ചോദിച്ചത്. ഉടൻ വരുമെന്ന് മറുപടി വന്നതോടെ സുധാകരൻ കലിപ്പായി. അദ്ദേഹം എന്തോ ഒന്നു പറഞ്ഞു. ആ പറച്ചിലിൽ ചെറിയ പന്തികേടു തോന്നിയ ഡി.സി.സി പ്രസിഡന്റ് 'ചാനൽ മൈക്ക് ഓണാണെ'ന്ന് പറഞ്ഞത്,​ മീശമാധവൻ സിനിമയിൽ ജഗതിയുടെ കൃഷ്ണവിലാസം ഭഗീരഥൻപിള്ളയുടെ ക്ഷേത്രത്തിലെ വെടിവഴിപാട് വിളിച്ചുപറയും പോലെയായി. അത് കൊണ്ടും തൃപ്തിയാവാത്ത മട്ടിൽ ഷാനിമോളും പറഞ്ഞു,​ 'മൈക്കുകൾ ഓണാണെ'ന്ന്. ഏതായാലും സംഗതി കലക്കി. അധികം വൈകാതെ ചാനലുകളായ ചാനലുകളെല്ലാം സുധാകരന്റെ 'ചെന്തമിഴ്' പ്രയോഗം മ്യൂ,​ മ്യൂ ശബ്ദത്തിന്റെ അകമ്പടിയോടെ ആഘോഷമാക്കി. ഇടതുകൂടാരത്തിലെ ദോഷൈകദൃക്കുകൾ കേട്ടതിന് അല്പം പൊടിപ്പും തൊങ്ങലും വച്ച് സോഷ്യൽ മീഡിയയിൽ കൂത്തരങ്ങൊരുക്കി. ആനന്ദിപ്പാൻ ഇതിൽപ്പരമെന്തുവേണം.

ബാക്കി സീനുകൾ കർട്ടന് പിറകിലാണ്. പെട്ടിയും കിടക്കയുമെടുത്ത് പൊടിയും തട്ടിപ്പോകാൻ സതീശൻ ഒരുങ്ങി. പറഞ്ഞതെന്തെന്ന് നല്ല നിശ്ചയമില്ലാതെ സുധാകരനും കുഴങ്ങി. സംഭവത്തിന് സാക്ഷികളായ ബാബുപ്രസാദും ഷാനിമോളും ചെവിയിൽ ഒട്ടിപ്പിടിച്ച മൊബൈലുമായി ദിക്കറിയാതെ പരക്കംപാഞ്ഞു. ഒടുവിൽ സർവ്വസംഗപരിത്യാഗിയായ സാക്ഷാൽ വേണുഗോപാല ഗാന്ധിയുടെ ഇടപെടലുണ്ടായി. രണ്ട് നായകന്മാരെയും ആവോളം സ്തുതിച്ചും ആശ്വസിപ്പിച്ചും ആമോദിപ്പിച്ചും തൻപാട്ടിലാക്കി. അതോടെ സുധാകര-സതീശ ദ്വയം വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി.സുധാകരൻ ഗദ്ഗദത്തോടെ പറഞ്ഞു,​ എനിക്ക് പിറക്കാതെ പോയ അനുജനാണ് സതീശൻ. അതോടെ മനസുരുകി സതീശൻ പറഞ്ഞു,​ എനിക്ക് പിറക്കാതെ പോയ ചേട്ടനാണ് സുധാകരൻ.

ചേട്ടാ.... അനിയാ... അങ്ങനെ അവർ അനിയൻബാവയും ചേട്ടൻ ബാവയുമായി കെട്ടിപ്പിടിച്ചതോടെ രംഗം ശാന്തമായി. മാദ്ധ്യമങ്ങളെ വിളിച്ചിരുത്തിയിട്ട് മര്യാദ കാട്ടേണ്ടേ എന്ന് ചോദിച്ചത് തെറ്റിദ്ധരിച്ചതാണെന്ന് സുധാകരൻ പിന്നീട് വിശദീകരിച്ചു. പക്ഷെ എക്സ് ഡി.ഐ.സി മുരളീധരൻ പറഞ്ഞത് സുധാകരൻ തമിഴ് വാക്ക് ഉച്ചരിച്ചതാണെന്നാണ്. അതോടെ പിന്നെയും ആകെ 'കൺഫൂഷനായി'.

ഏതായാലും സ്വാമിയെ ശരണം വിളിച്ച് കോമഡി സംഘം നേരെ പത്തനംതിട്ടയ്ക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോൾ പത്തനംതിട്ട ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളന വേദിയിലെ അദ്ധ്യക്ഷ കസേരയിൽ ആന്റപ്പനുണ്ട്. സുധാകരനെ ഒന്നു പുകഴ്ത്താൻ തന്നെ നിശ്ചയിച്ച് ഉറച്ച് അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയ ആന്റപ്പൻ പണിതുടങ്ങിയത് ഇങ്ങനെ.''എത്രയും ബഹുമാന്യനായ കെ.പി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രൻ...'' വീണ്ടും മ്യൂ, മ്യൂ,മ്യൂ... ആലപ്പുഴ അരങ്ങേറ്റത്തിലെ ക്ഷീണം പൂർണ്ണമായി മാറാത്ത സുധാകരൻ വീണ്ടും പരവശനായി. അബദ്ധം മനസിലാക്കിയ ആന്റപ്പൻ പാടുപെട്ട് തിരുത്തി സുധാകരനാക്കിയപ്പോൾ 'ഇൻ ഹരിഹർ നഗറിലെ ' ജഗദീഷിന്റെ ഭാവങ്ങളാണ് മുഖത്ത് മിന്നിമറഞ്ഞത്. ജനത്തിനാവട്ടെ ചിരി അടക്കാനുമായില്ല.

ഇതുകൂടി കേൾക്കണേ

സംഘടന ഒറ്റക്കെട്ടെന്നും നേതാക്കളിൽ പരസ്പര ധാരണയുണ്ടെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കേണ്ട സമയമാണെന്ന് എല്ലാവരും ഓർത്താൽ അവർക്കും പാർട്ടിക്കും കൊള്ളാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.