പാലക്കാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യു,ഡി.എഫ് സ്ഥാനാർത്ഥിയായി ഡി.സി.സി നിർദ്ദേശിച്ചത് കെ. മുരളീധരനെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ എ.ഐ.സി.സിക്ക് അയച്ച കത്ത് പുറത്തുവന്നു. രണ്ടുപേജുള്ള കത്തിന്റെ ഒരുഭാഗമാണ് പുറത്തുവന്നത്. ബി,ജെ,പിയെ തോൽപ്പിക്കാൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. ഡി.സി.സി ഭാരവാഹികൾ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇതെന്നും കത്തിൽ പറയുന്നു. പുറത്തുവന്ന കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരില്ല.
അതേസമയം കത്തിനെ കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയ സമയത്ത് പലരുടെയും പേരുകൾ ഉയർന്നു വരുമെന്നും പല ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും സതീശൻ പറഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ അദ്ധ്യായമാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും സതീശൻ പറഞ്ഞു. കത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പിയും വ്യക്തമാക്കി. ജനാധിപത്യ പാർട്ടിയിലെ അഭിപ്രായം മാത്രമാണിത്. ഇപ്പോൾ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. മുരളീധരനെ ഡി.സി.സി നിർദ്ദേശിച്ചിരുന്നെങ്കിൽ അതിൽ അത്ഭുതമില്ലെന്ന് യു.ഡി,എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. കേരളത്തിലെ ഏത് മണ്ഡലത്തിലേക്കും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് മുരളീധരനെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ എല്ലാ നേതാക്കളും സജീവമാണെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |