അതുകൊണ്ട് നമ്മൾ തോറ്റു

Thursday 21 May 2026 12:42 AM IST

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ നടന്ന വിശകലന യോഗത്തിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി കൃത്യമായ കണ്ടെത്തലുകളാണ് നടത്തിയത്. തിരഞ്ഞെടുപ്പിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫ് തിരിച്ചുപിടിച്ചു. എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ സഖാവേ എന്ന സന്ദേശം സിനിമയിലെ ഡയലോഗ് മനസിൽ വച്ചാണ് അംഗങ്ങൾ ജില്ലാ കമ്മിറ്റിക്ക് എത്തിയത്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലി വൻ തിരിച്ചടിയായെന്നു പാർട്ടി വിലയിരുത്തി. ഇതുകൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രിയായിരുന്ന വീണാ ജാേർജ് ജില്ലയ്ക്ക് മാത്രമല്ല, സംസ്ഥാനത്തിനൊട്ടാകെ നാണക്കേട് ഉണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടവർ ഏറെ. ആദ്യം നടന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പിന്നീട് രണ്ടു ദിവസമായി നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലും അംഗങ്ങളുടെ പൊതുവികാരം ഇങ്ങനെയായിരുന്നുവെന്നാണ് അറിഞ്ഞത്. ആരെയും ഭയക്കാതെ അഭിപ്രായങ്ങൾ പാർട്ടി യോഗത്തിൽ വെട്ടിത്തുറന്നു പറയാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി അനുമതി കൊടുത്തത് പാർട്ടി അണികൾക്ക് വലിയ ആവേശമാണ് നൽകിയത്. ഇത്രയും നാൾ ആരെയൊക്കെയാണാേ പാർട്ടി സഖാക്കൾ ഭയന്ന് ഒന്നും പുറത്തു പറയാതെ നടന്നത്, അവരെയൊക്കെ ആഞ്ഞാഞ്ഞ് വെട്ടിക്കൊണ്ടായിരുന്നു യോഗത്തിലെ അഭിപ്രായ പ്രകടനങ്ങൾ. പെരുമാറ്റമാണ് പ്രധാനം മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പെരുമാറ്റ രീതിയും ശൈലികളും ശരിയായില്ല. ഇത്തരം പ്രവർത്തനങ്ങൾ ജനത്തെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്നും പാർട്ടി അകലുന്നുവെന്ന യാഥാർത്ഥ്യം നേതൃത്വത്തിന് ഇല്ലാതെ പോയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പേരെടുത്തു വിമർശിച്ചവർ ചൂണ്ടിക്കാട്ടി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെ അല്ല, ഭാര്യയാണെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. പരാജയം ഏറ്റുവാങ്ങിയ പാർട്ടി തകർച്ചയുടെ വക്കിലായിട്ടും പ്രതിപക്ഷ നേതൃസ്ഥാനം പോലും വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്നും പിണറായി വിജയനെതിരെ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുയർന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുത്തില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വീണ്ടും എത്താൻ തയ്യാറായത് പാർട്ടി അണികളോടുള്ള വെല്ലുവിളിയാണ്. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തിരുത്തണമെന്നും അഭിപ്രായങ്ങളുയർന്നു. പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി മാത്രമാണ്. മന്ത്രിമാരുടെ പ്രവർത്തനവും ശരിയായിരുന്നില്ലെന്നും പാർട്ടിയെ നോക്കുകുത്തിയാക്കിയാണ് പലരും പ്രവർത്തിച്ചതെന്നും ആരോപണമുണ്ടായി. മന്ത്രിയായിരുന്ന വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ അവരുടെ സാന്നിദ്ധ്യത്തിലാണ് വിമർശനമുണ്ടായത്. ജനങ്ങളുമായി അകന്ന വീണാ ജോർജ് ആറന്മുളയിൽ പരാജയം ചോദിച്ചു വാങ്ങിയെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായത്. മന്ത്രിയുടെ പെരുമാറ്റവും ചില പ്രവർത്തനങ്ങളും ജനങ്ങളിൽ നിന്ന് അകറ്റി. ഫോൺ വിളിച്ചാൽ എടുക്കാത്തയാളെ എം.എൽ.എയായി തുടരാൻ ജനം അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്ത് അവർ അനാവശ്യ വിവാദങ്ങളുണ്ടാക്കി. കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധനത്തിനിടെ മർദ്ദനമേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലായ ശേഷം ആശുപത്രി ഐ.സി.യുവിൽ നിന്ന് മന്ത്രി നേരം വെളുക്കുന്നതിന് മുൻപ് കാറിൽ മടങ്ങിയത് പരിഹാസ്യമായി. ഇത്തരം വിവാദങ്ങൾ ആറൻമുളയിൽ വീണാ ജോർജ് നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാകാതെ പോയി. ഇതൊക്കെയാണെങ്കിലും, മന്ത്രി ജനങ്ങളുടെ പൾസ് മനസ്സിലാക്കിയെന്നു വേണം കരുതാൻ. മത്സര രംഗത്തേക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും തന്നെ നിർബന്ധപൂർവം ആറന്മുളയിൽ മത്സരിപ്പിക്കുകയായിരുന്നുവെന്ന് വീണാ ജോർജ് ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചതായാണ് അറിയുന്നത്. പകരം ഒരു സ്ഥാനാർത്ഥിയില്ലെന്നും താൻ തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ടത് ജില്ലാ കമ്മിറ്റിയാണ്. ഇപ്പോൾ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം തന്റെ മേൽ അടിച്ചേല്പിക്കുകയാണ്. പ്രചാരണഘട്ടത്തിൽ ഉയർന്ന ആരോപണങ്ങൾ താൻ ഒറ്റയ്ക്കു പ്രതിരോധിക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും പ്രചാരണത്തിലെ പാളിച്ചകൾ പ്രകടമായിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ച് വോട്ടു തേടുന്നതിൽ കൂട്ടായ ശ്രമം ഉണ്ടായില്ലെന്ന ആക്ഷേപവും ചില അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ഇടതു സർക്കാർ ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതിനെയും അംഗങ്ങൾ വിമർശിച്ചു. പതിവ് പ്രസ്താവന ജില്ലാ സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും ഉണ്ടായ വിമർശനങ്ങൾ പുറത്തു വന്നതോടെ പാർട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം രംഗത്തുവന്നു. മാദ്ധ്യമങ്ങൾ നുണകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു. മാദ്ധ്യമങ്ങൾ പറഞ്ഞതൊന്നുമല്ല യോഗങ്ങളിൽ ഉണ്ടയാതെന്നാണ് സെക്രട്ടറിയുടെ വാദം. പാർട്ടിയോഗങ്ങളിലെ കാര്യങ്ങൾ പുറത്തുവരുമ്പോൾ സെക്രട്ടറിമാർ ഇങ്ങനെ പ്രസ്താവനകൾ ഇറക്കുന്നത് സാധാരണമാണ്. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തിയ ജില്ലാ ഘടകം ആരെയും ഭയക്കാതെ സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. പാർട്ടിയെ തിരുത്താൻ പാർട്ടി അണികൾ തന്നെ രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പിന്റെ സത്യസന്ധമായ അവലോകനത്തെ നേതൃത്വം എങ്ങനെ കാണുമെന്നാണ് കണ്ടറിയേണ്ടത്.