സംസ്ഥാനത്ത് കാലവർഷം എത്തിയിട്ട് ഒരു മാസം പൂർത്തിയായി, കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) കണക്ക് പ്രകാരം കേരളത്തിൽ നാളിതുവരെ ലഭിച്ചത് 53% അധിക മഴ. പതിവ് പോലെ കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളിലാണ്. ഇത്തവണ മേയ് 24ന് തന്നെ കാലവർഷം ആരംഭിച്ചിരുന്നു. ആദ്യവാരം തന്നെ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇക്കുറി മികച്ച കാലവർഷം ലഭിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി ഇത്തവണ ജൂണിൽ ഭേദപ്പെട്ട മഴ ലഭിച്ചു. മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 536.0 മില്ലി മീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. 2018 ലെ മഹാപ്രളയത്തിനു ശേഷം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഇക്കുറി പെയ്തിറങ്ങിയത്. 2018 ജൂണിൽ 750 മി.മീ മഴയാണ് ലഭിച്ചത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് 29വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടെ മഴക്കണക്കിൽ ജൂൺ വീണ്ടും മുന്നേറുമെന്ന് ഉറപ്പാണ്.
മഴകണക്കിൽ നെല്ലറയും പിന്നിലല്ല
പാലക്കാട് ജില്ലയിൽ മേയ് 23 മുതൽ ജൂൺ 26വരെയുള്ള 35 ദിവസത്തിനിടെ ആകെ പെയ്തത് 501.4 മില്ലിമീറ്റർ മഴ. കാലവർഷത്തിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ 104.3 മില്ലിമീറ്റർ അധിക മഴയാണ് ഇത്തവണ പെയ്തതെന്ന് കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) കണക്ക് വ്യക്തമാക്കുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ മഴ പെയ്തത് ഇതിന് മുമ്പ് 2018 ജൂലായ് 18 മുതൽ ആഗസ്റ്റ് 7 വരെയായിരുന്നു. അന്ന് 20 ദിവസത്തിനിടെ ആകെ 654.2 മില്ലിമീറ്റർ മഴയാണു പെയ്തിറങ്ങിയത്. അന്ന് പാലക്കാട് ജില്ലയും ചരിത്രത്തിൽ ആദ്യമായി മഹാപ്രളയത്തിൽ മുങ്ങി. 2019ലും 20 ദിവസത്തിനിടെ 600.1 മില്ലിമീറ്റർ മഴ പെയ്തു.
അതേസമയം, ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതു 10 വർഷത്തിനു ശേഷമാണെന്നു കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഇത്തവണ മേയ് അവസാനവാരം തന്നെ മഴ ശക്തമായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് 20നു ശേഷമായിരുന്നു കാലവർഷം ശക്തമായത്. ഈ വർഷം വേനൽ മഴയും നൂറു ശതമാനത്തിലേറെ അധികമായി ലഭിച്ചു. 207.8 മില്ലിമീറ്റർ വേനൽ മഴയാണു പെയ്തത്. സാധാരണ 100 മില്ലിമീറ്റർ വരെയാണു പെയ്യാറ്. ഈ മാസം ഒന്നു മുതൽ ഇന്നലെ വരെ 406.5 മില്ലിമീറ്റർ മഴ പെയ്തു. മഴ കൂടുതൽ പെയ്തതോടെ ഡാമുകളിലെയും ഭാരതപ്പുഴ ഉൾപ്പെടെ പുഴകളിലെയും ജലനിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്നു.
ഈ വർഷം പെയ്ത മഴയുടെ കണക്ക് മില്ലിമീറ്ററിൽ, ബ്രാക്കറ്റിൽ സാധാരണ ലഭിക്കാറുള്ള മഴ
മാർച്ച് : 36.1 (28)
ഏപ്രിൽ: 78.8 (62.1)
മേയ്: 92.9 (80.1)
ജൂൺ: കഴിഞ്ഞദിവസം വരെ: 406.5 (302.5)
മലമ്പുഴയിൽ ഇരട്ടി മഴ
ജൂൺ ഒന്നു മുതൽ കഴിഞ്ഞദിവസം വരെ മലമ്പുഴയിൽ പെയ്തതു 346.1 മില്ലി മീറ്റർ മഴ. സാധാരണ ലഭിക്കാറുള്ളതിനെക്കാൾ ഇരട്ടിയാണിത്. ജലസേചന വകുപ്പിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. അകമലവാരം മല നിരകളിൽ ശക്തമായ മഴയുള്ളതിനാൽ ഡാമിന്റെ ജലസ്രോതസുകളായ പുഴകളിലും തോടുകളിലും ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. മലമ്പുഴ ഡാമിൽ നിലവിലെ ജലനിരപ്പ് 111.42 മീറ്ററാണ്.
പരമാവധി ജല സംഭരണശേഷി 115.06 മീറ്ററും. റൂൾ കർവിൽ ജലനിരപ്പ് നിറുത്തുന്നതിനായി ഡാമിന്റെ സ്പിൽ വേ ഷട്ടറുകൾ ഇന്നലെ രാവിലെ 10ന് തുറന്നു. 4 ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. കെ.എസ് ഇ.ബി പവർ ജനറേഷനും തുടങ്ങിയിട്ടുണ്ട്. ഇതിനു മുൻപ് ജൂണിൽ ഇത്രയും ജലനിരപ്പ് ഉയർന്നതു 2016ലാണ്. കഴിഞ്ഞ വർഷം ഇതേ സമയം 104.71 ആയിരുന്നു.
ഡാമുകളിലെ ജലനിരപ്പ് മീറ്ററിൽ (നിലവിലെ ജലനിരപ്പ്, പരമാവധി സംഭരണശേഷി, കഴിഞ്ഞ വർഷം ഇതേ ദിവസത്തെ ജലനിരപ്പ് എന്ന ക്രമത്തിൽ)
മലമ്പുഴ: 111.42, 115.06, 104.71
കാഞ്ഞിരപ്പുഴ: 94.57, 97.50, 87.70
വാളയാർ: 199.33, 203, 201.12
പോത്തുണ്ടി: 103.02, 108.20, 95.45
ചുള്ളിയാർ: 150.56, 154.07, 141.5
മീങ്കര: 156.11, 156.36, 151.61
മംഗലംഡാം: 77.03, 77.88, 75.73
ശിരുവാണി: 876.1, 877, 831.
നെൽപ്പാടങ്ങൾ വെള്ളത്തിലായി
ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നനൂർ ഉരുക്ക് തടയണയുടെ സമീപത്തുള്ള കൃഷിയിടങ്ങൾ വീണ്ടും പുഴയെടുത്തു. പുഴയുടെ അതിർത്തി നിശ്ചയിക്കുന്ന രീതിയിൽ സംരക്ഷണ ഭിത്തിനിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് പുഴ കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത്. മുൻ വർഷങ്ങളിൽ കൃഷിയിടങ്ങൾ ഒലിച്ച് പോയ ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്താനായിരുന്നു അധികൃതർ പദ്ധതിയിട്ടത്. എന്നാൽ വീണ്ടും അതേ സ്ഥലത്ത് വെള്ളം കയറിയതോടെ കൂടുതൽ കൃഷിയിടങ്ങൾ കൂടി ഒലിച്ചു പോകാനാണ് സാധ്യത എന്നാണ് കർഷകർ പറയുന്നത്.
ഭാരതപ്പുഴയ്ക്കു കുറുകെയുള്ള തടയണയുടെ മാന്നനൂർ തീരത്തെ പാർശ്വഭിത്തി 2018 ലെ പ്രളയകാലത്താണ് മുമ്പ് ഇടിഞ്ഞത്. ഇതോടെ പുഴ കരകയറി. രണ്ടാം പ്രളയത്തോടെ സ്ഥിതി ദയനീയമായി. നിലവിൽ, ഭിത്തി തകർന്ന ഭാഗത്തെ കൃഷിഭൂമിയിലൂടെയാണു പുഴ ഒഴുകുന്നത്. മാന്നനൂർ പാടശേഖരത്തിലെ 6 ഏക്കറോളം കൃഷിഭൂമി ഇതിനകം ഒഴുകിപ്പോയി. പുഴയ്ക്കും പാടശേഖരത്തിനും മധ്യേയുണ്ടായിരുന്ന മാന്നനൂർ ലിഫ്റ്റ് ഇറിഗേഷന്റെ കനാൽ ആദ്യ പ്രളയകാലത്തു തന്നെ പുഴയെടുത്തു. ഇറിഗേഷന്റെ സ്ഥലത്തെയും സ്വകാര്യ ഭൂമിയിലെയും ഒട്ടേറെ വൃക്ഷങ്ങളും ഒഴുകിപ്പോയിരുന്നു. ഇതിനു ശേഷമാണു പുഴ കൃഷിയിടങ്ങളിലേക്കു കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |