SignIn
Kerala Kaumudi Online
Friday, 25 July 2025 3.43 PM IST

തൊഴിൽ മേഖലയുടെ ഡിജിറ്റൽ മുഖം

Increase Font Size Decrease Font Size Print Page
d

ഡിജിറ്റൽ സമൂഹത്തിന്റെ ആധുനിക യുഗത്തിൽ ചാറ്റ്ബോട്ടുകൾ, പോർട്ടലുകൾ, ഓൺലൈൻ പരാതി പരിഹാരം, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയിൽ അധിഷ്ഠിതമായ ഇ- ഗവേർണൻസ് സർക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം വലിയ തോതിൽ കുറച്ചിട്ടുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴിൽ വളർച്ചയും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയും ഉൾപ്പെടെ ഒട്ടേറെ മേഖലകളിലെ സേവനവിതരണം സർക്കാർ പുനർനിർവചിക്കുകയും പുനർനിർമ്മിക്കുകയുമാണ്. പ്രക്രിയകളെല്ലാം കൂടുതൽ കാര്യക്ഷമവും സുതാര്യവും ജനകേന്ദ്രീകൃതവുമായി മാറിക്കൊണ്ടിരിക്കുന്നു.

പദ്ധതികളുമായി ബന്ധപ്പെട്ട പോർട്ടലുകൾ ഇപ്പോൾ 'ഓൾ ഇൻ വൺ" (വിവിധോദ്ദേശ്യ) പ്ലാറ്റ്‌ഫോമുകളായാണ് വർത്തിക്കുന്നത്. ആധാർ ലിങ്ക് ചെയ്യുന്നതിലൂടെ വിവിധ പദ്ധതികൾ തമ്മിലുള്ള പരസ്പരബന്ധം സാദ്ധ്യമാവുകയും,​ ഗുണഭോക്തൃ ഇരട്ടിപ്പ് തടയുകയും, ആനുകൂല്യങ്ങൾ യഥാർത്ഥ സ്വീകർത്താക്കളിൽ കൃത്യസമയത്ത് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ആനുകൂല്യങ്ങൾ നേടാനും, നിരീക്ഷിക്കാനും, തൊഴിലവസരങ്ങൾ അന്വേഷിക്കാനും,​ നൈപുണ്യ പരിശീലനം നേടാനും സൗകര്യമൊരുക്കുക മാത്രമല്ല,​ പ്രതിഭകളുടെ ദേശീയ പൂളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികൾ, തൊഴിലന്വേഷകർ, തൊഴിലുടമകൾ, അവസരങ്ങൾ എന്നിവയുടെ സമഗ്രമായ ദേശീയ ഡാറ്റാബേസുകൾ തയ്യാറാക്കുന്നതിനും ഈ പോർട്ടലുകൾ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. അവബോധപൂർണവും ഡാറ്റാ അധിഷ്ഠിതവുമായ തീരുമാനങ്ങളെടുക്കാൻ നയരൂപകർത്താക്കളെ ഇത് സഹായിക്കുന്നു. മഹാമാരികൾ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഈ ഡാറ്റാബേസുകൾ വിലപ്പെട്ട സേവനമാണ് നൽകുന്നത്. ഈ ഡിജിറ്റൽ പരിവർത്തനം കാരണം ഭരണം കൂടുതൽ കാര്യക്ഷമമാവുകയും,​ പൗരന്മാർ ശാക്തീകരിക്കപ്പെടുകയും,​ ക്ഷേമപദ്ധതികളുടെ വ്യാപ്തിയും സ്വാധീനവും വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.

കരിയർ

സർവീസ്

ഈ പരിവർത്തനത്തിനുള്ള ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ. തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2015-ൽ ആരംഭിച്ച NCS പോർട്ടൽ, തൊഴിലന്വേഷകർക്ക് തൊഴിലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. 5.5 കോടിയിലധികം തൊഴിലന്വേഷകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ഒരു 'വൺ- സ്റ്റോപ്പ് പ്ലാറ്റ്‌ഫോം" (സമഗ്ര പ്ലാറ്റ്‌ഫോം) ആയി ഇത് വർത്തിക്കുന്നു. കരിയർ കൗൺസലിംഗ്, ജോബ് മാച്ചിംഗ്, ഇന്റേൺഷിപ്പ് വിവരങ്ങൾ, അപ്രന്റീസ്ഷിപ്പുകൾ, നൈപുണ്യ കോഴ്‌സുകൾ മുതലായവ ലഭ്യമാക്കുന്നു.

NCS പദ്ധതിക്കു കീഴിൽ ഇതുവരെ ഏകദേശം 57,000 തൊഴിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. NCS പോർട്ടലിനെ SIDH, ഉദ്യം, ഇ-ശ്രം, EPFO, ESIC, പി‌എം ഗതിശക്തി ഡിജി ലോക്കർ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കൂടുതൽ തൊഴിലന്വേഷകരുടെ പ്രവേശനം സാദ്ധ്യമാക്കുകയും കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. ഏകദേശം 30 സർക്കാർ-സ്വകാര്യ ജോബ് പോർട്ടലുകളുമായും NCS പോർട്ടലിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നു. അതുപോലെ ശ്രം, സുവിധ, സമാധാൻ പോർട്ടലുകൾ വ്യവസായവും വ്യാപാരവും ബിസിനസും സുഗമമാക്കുകയും,​ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുകയും,​ തൊഴിൽ നഷ്ടപരിഹാരങ്ങളും പരാതികളും തീർപ്പാക്കുകയും ചെയ്യുന്നു.

സാമൂഹ്യ

സുരക്ഷ

തൊഴിലിന്റെ മറ്റൊരു സുപ്രധാന വശമാണ് സാമൂഹ്യ സുരക്ഷ. അനൗപചാരിക, അസംഘടിത മേഖലകളാണ് ഇന്ത്യയിൽ വൻതോതിൽ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്. തൊഴിലുടമ നൽകേണ്ട രേഖാമൂലമുള്ള കരാറുകളുടെയും സാമൂഹ്യസുരക്ഷാ പരിരക്ഷയുടെയും അഭാവമാണ് ഈ മേഖലയിൽ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പരിമിതികളിലൊന്ന്. രോഗം, പരിക്ക്, അപകടം, തൊഴിൽനഷ്ടം, മറ്റ് അടിയന്തര സാഹചര്യങ്ങൾ അടക്കം ചെറിയൊരു സംഭവംപോലും തൊഴിലാളികളെ പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിടാം. താത്കാലിക പ്രതിസന്ധികൾ ആജീവനാന്ത പ്രതിസന്ധികളായി മാറുന്നത് തടയുമെന്നും ദുരിതകാലത്ത് സംരക്ഷണം ഉറപ്പാക്കുമെന്നുമുള്ള വാഗ്ദാനമാണ് പൊതുവെ സർക്കാരിന്റെ സാമൂഹ്യ സുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇ- ശ്രം പോർട്ടൽ ഈ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇപ്പോൾ സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളെക്കുറിച്ച് സവിശേഷമായ അറിവും ധാരണയുമുണ്ട്. 2021-ൽ ആരംഭിച്ച ഈ പോർട്ടലിൽ 30.7 കോടിയിലധികം അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 13 സാമൂഹ്യസുരക്ഷാ പദ്ധതികൾ ഒരിടത്ത് സമന്വയിപ്പിച്ചുകൊണ്ട് തൊഴിലാളികൾക്കുള്ള 'ഒറ്റത്തവണ പരിഹാരം" എന്ന നിലയിൽ പോർട്ടൽ പ്രവർത്തിക്കുന്നു. ഇത് ആനുകൂല്യ വിതരണം, മെച്ചപ്പെട്ട പ്രവേശനക്ഷമത, പരമാവധി ഗുണഭോക്താക്കൾ എന്നിവ സാദ്ധ്യമാക്കുന്നു.

ഇ-ശ്രമിലെ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ തൊഴിലാളികൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഒന്നിലധികം പോർട്ടലുകളിലേക്ക് തടസരഹിതമായ പ്രവേശനം നേടാം. മാത്രമല്ല,​ പദ്ധതിയുമായി ബന്ധപ്പെട്ട അവകാശങ്ങളെക്കുറിച്ച് അവബോധം നേടാനും, ആനുകൂല്യങ്ങൾ നിരീക്ഷിക്കാനും, തൊഴിലവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും, നൈപുണ്യ പരിശീലനം നേടാനും, പെൻഷൻ, ഇൻഷുറൻസ് എന്നിവ നേടാനും അവസരം ഒരുക്കുകയും ചെയ്യുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ 'ഭാഷിണി" പദ്ധതി പ്രയോജനപ്പെടുത്തി 22 ഭാഷകൾ ഉൾക്കൊള്ളുന്ന ബഹുഭാഷാ സൗകര്യം ഇ-ശ്രമിൽ അടുത്തിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇ.പി.എഫ്.ഒ

പരിഷ്കാരം

ഇതിനൊപ്പം തന്നെ,​ 34.6 കോടിയിലധികം അംഗങ്ങളുള്ള EPFO യെ, EPFO 2.0-യിലേക്ക് പുതുക്കുന്നതിനുള്ള ഡിജിറ്റൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങൾ അംഗങ്ങളുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും തൊഴിലുടമകൾക്ക് ബിസിനസ് സുഗമമാക്കുകയും ചെയ്യുന്നു. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ, ഒരു കേന്ദ്രീകൃത ഡാറ്റാബേസ്, ഇ- പാസ്ബുക്ക്, ഉമംഗ്‌ ആപ്പ്, ഗുണഭോക്തൃ വിഹിതങ്ങളുടെ ഇലക്ട്രോണിക് ശേഖരണം, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന സംരംഭങ്ങൾ അംഗങ്ങളുടെ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിച്ചു. EPFO-യുടെ കീഴിൽ കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം കൂടി നിലവിൽ വരുന്നതോടെ 77 ലക്ഷം പെൻഷൻകാർക്ക് രാജ്യത്ത് എവിടെനിന്നും പെൻഷൻ സ്വീകരിക്കാനാകും.

കൂടാതെ, ഓട്ടോ-ക്ലെയിം സെറ്റിൽമെന്റിന്റെ പരിധി ഒരുലക്ഷം രൂപയായി ഉയർത്തിയത് ഏകദേശം 7.5 കോടി അംഗങ്ങളുടെ ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കും. EPFO ഫണ്ട് ട്രാൻസ്ഫർ പ്രക്രിയ ലളിതമാക്കിയതിലൂടെ 1.25 കോടിയിലധികം അംഗങ്ങൾക്ക് പ്രയോജനം ലഭിക്കുകയും,​ ഏകദേശം 90,000 കോടി രൂപയുടെ വാർഷിക കൈമാറ്റം സാദ്ധ്യമാവുകയും ചെയ്തു. ഈ പരിഷ്‌കാരങ്ങളിലൂടെയുള്ള EPFO യുടെ ആധുനികവത്കരണവും ഡിജിറ്റൈസേഷനും കാര്യക്ഷമത വർദ്ധിപ്പിക്കുകയും മാനുഷിക പ്രക്രിയകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇത് അംഗങ്ങളെയും തൊഴിലുടമകളെയും സംബന്ധിച്ചിടത്തോളം നടപടിക്രമങ്ങൾ ലളിതമാക്കുന്നു.

സുരക്ഷിതവും തൃപ്തികരവുമായ തൊഴിൽമേഖല സൃഷ്ടിക്കുന്നതും,​ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല ഉത്പാദനക്ഷമതയ്ക്ക് അനിവാര്യമാണെന്ന് തൊഴിലുടമകൾ തിരിച്ചറിയണം. കൂടാതെ, തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം, പിന്നാക്കം നിൽക്കുന്നവർക്കും ദുർബലർക്കും നിരന്തരം പിന്തുണ ഉറപ്പാക്കുകയെന്നതും നിർണായകമാണ്. ഈ പിന്തുണ സാമ്പത്തികവും സാമൂഹികവുമായ ചലനാത്മകതയെ പ്രോത്സാഹിപ്പിക്കുകയും,​ തൊഴിൽശക്തിയിലെയും സമ്പദ്‌വ്യവസ്ഥയിലെയും പങ്കാളിത്ത തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

(കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകൻ)​

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.