ജനങ്ങളുടെ കമാൻഡും, 'തുറന്നുപറച്ചിലും'

Thursday 21 May 2026 12:18 AM IST

കുരങ്ങന്റെ കൈയിൽ കിട്ടിയ പിച്ചിപ്പൂമാല പോലെ, എല്ലാം അലമ്പാക്കുന്ന ബുദ്ധിശൂന്യത കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലും ആവർത്തിക്കുമോയെന്ന ആശങ്കയിലായിരുന്നു നിയമസഭാ

തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറ്റിരണ്ട് സീറ്റ് തൂത്തുവാരിയ ശേഷമുള്ള പത്തു ദിവസം കേരളം. കുഞ്ഞാലിക്കുട്ടി മുമ്പ് പറഞ്ഞതു പോലെ, 'ചർച്ചന്നെ, ചർച്ചന്നെ ച‌ർച്ച.' ഒന്നും കരയ്ക്കടുക്കുന്നില്ല. ഭൈമീകാമുകന്മാർ മൂന്ന്. 'ഒന്ന് വീട്ടുകാരൻ. ഒന്ന് വിരുന്നുകാരൻ. മൂന്നാമൻ കാമുകൻ' എന്ന് സാമൂഹ്യമാദ്ധ്യമങ്ങൾ. ഇതിലാർക്ക് പിടിച്ചു കൊടുക്കും പെണ്ണിനെ.

തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു. തൊമ്മനും ചാണ്ടിയും അയയുമ്പോൾ മത്തായി മുറുകുന്നു.

നീണ്ട പത്തുകൊല്ലത്തെ 'ചുവപ്പന്മാരുടെ' ഭരണത്തിൽ സഹികെട്ട ജനങ്ങൾ മുതലും പലിശയും ചേർത്ത് താലത്തിൽ വച്ച് നൽകിയ ഭരണമാണ്. 'നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ..' ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തെ ആട്ടക്കഥ പത്തുദിവസം പിന്നിടുന്നതിനിടെ കത്തി, പച്ച വേഷങ്ങൾ ആടിത്തിമിർത്തു. ഇതിനായിരുന്നോ വോട്ട് ചെയ്തതെന്ന ജനത്തിന്റെ ചോദ്യം ഭയന്ന് യു.ഡി.എഫ് എം.എൽ.എമാർ പുറത്തിറങ്ങാൻ മടിച്ചു.

കോൺഗ്രസ് എം.എൽ.എമാരുടെ തലകൾ എണ്ണി നോക്കിയിട്ടും ഉത്തരം കിട്ടാതെ ഹൈക്കമാൻഡ്. തലകൾ മാത്രം എണ്ണിയാൽ കേരളത്തിലും കോൺഗ്രസിന്റെ ഗതി ഹിന്ദി സംസ്ഥാനങ്ങളിലേത് പോലെയാവുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ തരംതിരിച്ച് ഫ്ലക്സുകളുടെ ഘോഷയാത്ര. അതിൽ ചിലതിൽ, വയനാട്ടിൽ നിന്നുള്ള പാർലമെന്റംഗമായ പ്രിയങ്കാ ഗാന്ധിക്കും, അവിടെ നിന്ന് കഴിഞ്ഞ തവണ ജയിച്ച രാഹുൽ ഗാന്ധിക്കും എതിരെയും മുന്നറിയിപ്പുകൾ. ഹൈക്കമാൻഡിന് ബുദ്ധി ഉദിച്ചു. ജനത്തിന്റെ കമാൻ‌ഡാണ് മുഖ്യം.

കേരളത്തിലെ ജനം ആഗ്രഹിക്കുന്നത് കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷത്ത് നിന്ന് പോരാട്ടം നയിച്ച വി.ഡി.സതീശനെയാണെന്ന് തിരിച്ചറിഞ്ഞു. അതിന് പ്രേരകമായി, ജനവികാരമറിയുന്ന ആന്റണി, സുധീരൻ, കെ.മുരളീധരൻ, മുല്ലപ്പള്ളി തുടങ്ങിയ മുതിർന്ന നേതാക്കളുടെയും, ലീ‌ഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും പിന്തുണ. പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. പതിനൊന്നാം ദിവസത്തെ പ്രഭാതം. രണ്ട് മണിക്കൂറിൽ രാഹുൽഗാന്ധി കെ.സി.വേണുഗോപാലിനെ തഞ്ചത്തിൽ മെരുക്കി. രമേശ് ചെന്നിത്തലയുടെ പിണക്കം മാറ്റി. വി.ഡി.സതീശനെ ക്യാപ്ടനായി പ്രഖ്യാപിച്ചു. ചെന്നിത്തലയ്ക്ക് പൊലീസ് ഭരണം വിട്ടുകൊടുക്കാൻ സതീശനും സന്നദ്ധനായതോടെ, ഡബിൾ ഒ.കെ.



'സി.പി.എമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്. പാർട്ടി നേതാക്കളെക്കൊണ്ട് തോൽവി അംഗീകരിപ്പിക്കാനാണ് ബുദ്ധിമുട്ട്.' ‌ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ വാക്കുകൾ ശരിവയ്ക്കുന്നതാണ്, തോൽവിക്ക്

കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.

പാർട്ടി ചെങ്കോട്ടകളെല്ലാം കടപുഴകി. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ ജി. സുധാകരനും കണ്ണൂരിലെ പാർട്ടി കോട്ടകളായ തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനും വിജയിച്ചത് യു.ഡി.എഫിന്റെ മാത്രം വോട്ടുകൾ കൊണ്ടാണെന്ന് പാർട്ടിക്കാർ പോലും പറയില്ല.

അണികളുടെ പ്രതിഷേധം അണപൊട്ടുമെന്നായപ്പോൾ, സി.പി.എം കമ്മിറ്റികളിൽ അംഗങ്ങൾക്ക് ഉള്ളിലുള്ളതെല്ലാം തുറന്ന് പറയാൻ സ്വാതന്ത്ര്യം നൽകി പാർട്ടി നേതൃത്വം. പിന്നെ, വിവിധ ജില്ലാ സെക്രട്ടേറിയറ്റുകളിലും ജില്ലാ കമ്മിറ്റികളിലും നേതൃത്വത്തെ നിറുത്തിപ്പൊരിക്കൽ. പിണറായിയെയും എം.വി.ഗോവിന്ദനെയും ഒറ്റതിരിച്ച് ആക്രമണം. പാർട്ടി എരിയ മുതൽ ബ്രാഞ്ച് തലം വരെയുള്ള കമ്മിറ്റികൾ കൂടാനിരിക്കുന്നതേയുള്ളൂ. പുറത്ത് കണ്ടതിലും

വലുത് മാളത്തിലുണ്ടാവുമോ?



ഉളുപ്പില്ലായ്മയ്ക്ക് പദ്മ പുരസ്കാരമുണ്ടെങ്കിൽ ലഭിക്കാൻ സർവഥാ യോഗ്യൻ പ്രൊഫ.കെ.വി. തോമസാണെന്ന് ഫേസ് ബുക്കിൽ കുറിച്ചത് കോൺഗ്രസുകാരനാണോ, മാർക്സിസ്റ്റുകാരനാണോ എന്നറിയില്ല.. ഭാരതരത്നം തന്നെ നൽകണമെന്ന് താഴെ കമന്റ്. കോൺഗ്രസ് എം.പിയും എം.എൽ.എയും കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയുമൊക്കയായി വിലസിയ തോമാച്ചൻ ഒടുവിൽ എഴുപത്തിയഞ്ചാം വയസിൽ പാർലമെന്റിലേക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ മറുകണ്ടം ചാടി.

പിണറായി സർക്കാരിന്റെ കാലത്ത് 'അടിയൻ ലച്ചിപ്പോം' എന്ന മട്ടിൽ ഡൽഹിയിൽ സർക്കാരിന്റെ 'തല തൊട്ടപ്പൻ:. പ്രതിമാസം ലക്ഷങ്ങളുടെ പെൻഷന് പുറമെ, ഒരു ലക്ഷം രൂപ ഓണറേറിയം, വീട്,​ കാർ,​ സേവകപ്പട. പിണറായി സർക്കാരിന് മൂന്നാമൂഴം സ്വപ്നം കണ്ടവരിൽ തോമാച്ചനും. ഒടുവിൽ സർക്കാർ നിലംപതിച്ചപ്പോൾ, താൻ ഇപ്പോഴും ഖദർ ഊരിയിട്ടില്ലെന്നും ,സി.പി.എമ്മിൽ ചേരുകയോ, കൊടിപിടിക്കുകയോ ചെയ്തിട്ടില്ലെന്നും സ്വയം ന്യായീകരണം.

സതീശൻ സർക്കാരിൽ അടുത്ത ഊഴം തേടാനാണെന്ന് അസൂയാലുക്കൾ. കോളേജദ്ധ്യാപകനായിരിക്കെ രാഷ്ട്രീയത്തിലിറക്കി പാലൂട്ടി വളർത്തിയ ലീ‌ഡർ കെ. കരുണാകരന്റെ കൈയിൽ തന്നെ ഒടുവിൽ കൊത്തി. സ്വന്തം പുസ്തകത്തിലൂടെ. സോണിയാ ഗാന്ധിയുടെ അടുക്കള ക്യാബിനറ്റിൽ അംഗമായിരുന്ന തോമാച്ചന്റെ അതിഥി സത്കാരം നുണഞ്ഞവരിൽ പഴയ കോൺഗ്രസ് നേതാക്കൾ മാത്രമല്ല, ഇപ്പോഴത്തെ ചില ഉന്നത സി.പി.എം നേതാക്കളുമുണ്ടെന്നതാണ് കഥയിലെ ട്വിസ്റ്റ്. തോമാച്ചന്റെ വീട്ടിൽ മീൻ പിടിച്ചു രസിച്ചവരിൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയും പെടുമത്രെ.



നുറുങ്ങ്

♦സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും മഞ്ഞക്കുറ്റികൾ നീക്കാനും കേസുകൾ പിൻവലിക്കാനും തീരുമാനിച്ച് വി.ഡി.സതീശൻ സർക്കാർ.

►'നീയെന്റെ പ്രാ‌ർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു' എന്ന് സതീശനോട് മഞ്ഞക്കുറ്റി ഇരകൾ.

(വിദുരരുടെ ഫോൺ:9946108221)