മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

Friday 29 May 2026 10:15 PM IST
ടി.യു.കുരുവിള

കോതമംഗലം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള (89) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെതുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയപള്ളി സെമിത്തേരിയിൽ.

ഭാര്യ : ചിന്നമ്മ ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം. മക്കൾ : റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ. മരുമക്കൾ: ഡോ.പോൾ ജേക്കബ് മാരേക്കാട്ട് (പാമ്പാക്കുട), പരേതനായ പവൽസ് കുര്യൻ കിളുത്താറ്റിൽ (കാക്കനാട്), തോമസ് മുത്തൂറ്റ് (കോഴഞ്ചേരി), പരേതനായ സുദീപ് തോമസ് ജോൺ പൈനുമൂട്ടിൽ (കോന്നി), റിതിക അസറിയ (കോഴിക്കോട്).

സമുദായ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴിൽമേഖലകളിലും ടി.യു. കുരുവിള നിറഞ്ഞുനിന്നിരുന്നു. യാക്കോബായ സഭയുടെ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു. യാക്കോബായ സഭ സഭാവിശ്വാസിക്ക് നൽകുന്ന ഏറ്റവും ഉയർന്ന പദവിയായ ബാർ ഈത്തോ ശാറീറോ പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽനിന്ന് സ്വീകരിച്ചിട്ടുണ്ട്. കമാൻഡർ, ഷെവലിയാർ തുടങ്ങിയ പദവികളും നേടിയിട്ടുണ്ട്. ഈ മൂന്ന് സ്ഥാനങ്ങൾ ഉള്ള സഭയിലെ ഏക വ്യക്തികൂടിയാണ്.

അരനൂറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയപൊതുപ്രവർത്തനത്തിനുടമയാണ്. 2006ലും 2011ലും അദ്ദേഹം കോതമംഗലത്തുനിന്ന് നിയമസഭയിലെത്തി. 2016ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായത്. കേരളാ കോൺഗ്രസിന്റെ ആദ്യകാലംമുതലുള്ള പ്രവർത്തകനാണ്. ഏറെക്കാലവും പി.ജെ. ജോസഫിനൊപ്പം പ്രവർത്തിച്ചു. എം.എൽ.എആയതും മന്ത്രിയായതും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ്.

1964 മുതൽ 1978വരെ പതിനാല് വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കീരമ്പാറ സഹകരണ ബാങ്കിന്റെ പ്രഥമ പ്രസിഡന്റായും പ്രവർത്തിച്ചു. കോതമംഗലം മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ പ്രഥമ കൗൺസിലിൽ അംഗമാകുകയും സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാനാകുകയും ചെയ്തു. പ്ലാന്റേഷൻ കോർപ്പറേഷൻ, ഹൗസിംഗ് ബോർഡ് ചെയർമാനായും റബർ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.