കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കുളത്തൂർ: വലിയവേളി പള്ളിക്ക് സമീപം സൃഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് കാണാതായ 10-ാം ക്ലാസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി തൈവിളാകത്ത് വീട്ടിൽ സ്പിഡി വിൻസന്റിന്റെ മകൻ ജോഷ്വ (15) യുടെ മൃതദേഹം പെരുമാതുറ ഭാഗത്ത് ഒഴുകി നടക്കുന്നത് കണ്ട മത്സ്യ തൊഴിലാളികൾ കരക്കെത്തിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ വേളി സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5നാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വലിയവേളി സ്വദേശികളായ ഇമ്മാനുവേൽ (14) നീന്തി രക്ഷപ്പെടുകയും മറ്റൊരാളായ റെയ്‌നോ (14) യെ മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തുകയും ചെയ്തു. ജോഷ്വയെ കണ്ടെത്താൻ മത്സ്യ തൊഴിലാളികൾ വലകളുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഴിഞ്ഞത്ത് നിന്നെത്തിയ തീരദേശ പൊലീസും തിരച്ചിൽ നടത്തിയിരുന്നു. ആക്കുളം ഗുഡ് ഷെപ്പേർഡ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു ജോഷ്വ.