ജീവനെടുക്കുന്ന പലിശക്കെണി
ബ്ലേഡ് മാഫിയകളും മൈക്രോ ഫിനാൻസ് സംഘങ്ങളും സംസ്ഥാനത്ത് സ്ഥാനമുറപ്പിക്കുന്നതിന്റെ സൂചനകളാണ് പാലക്കാടൻ അതിർത്തി ഗ്രാമമായ ചിറ്റൂരിലെ നാല് ആത്മഹത്യകൾ. നിയമങ്ങൾ കർശനമാക്കിയിട്ടും നിയന്ത്രണമില്ലാതെ കൊള്ളപ്പലിശ സംഘങ്ങൾ സജീവമാവുകയാണ്. വിവിധ പേരുകളിൽ ഗ്രാമങ്ങളിൽ വേരുറപ്പിക്കുന്ന പലിശയിടപാട് സംഘങ്ങൾ മൈക്രോ ഫിനാൻസ് കമ്പനി എന്ന പേരുകളിലാണ് തലപൊക്കുന്നത്. വീടുകളിലെത്തി അയൽക്കൂട്ടം ഭാരവാഹികളെ കണ്ടെത്തി പണം നൽകി വരുന്ന സംഘങ്ങൾ ചിലപ്പോൾ നിർബന്ധിച്ച് വായ്പ നൽകാനും മടിക്കാറില്ല. വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും വായ്പ നൽകുന്ന സംഘങ്ങൾ മൂന്നിരട്ടിയിലധികം തുക ഭീഷണിപ്പെടുത്തി തിരികെ വാങ്ങുന്നുവെന്നാണ് ആരോപണം. വീടുകയറി ഭീഷണിപ്പെടുത്തിയും ഈട് നൽകിയ വസ്തുവകകൾ പിടിച്ചെടുക്കുമെന്ന് ശബ്ദം മുഴക്കിയുമാണ് വട്ടിപ്പലിശ സംഘം കളം നിറയുന്നത്. തമിഴ്നാട് നിന്നുള്ള സംഘങ്ങളോടൊപ്പം കിടപിടിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ അതിർത്തി പഞ്ചായത്തുകളിൽ സജീവമാണ്. ഒരു ഈടും വാങ്ങാതെ ആധാർ, റേഷൻ കാർഡ്, പാൻ കാർഡ് തുടങ്ങീ കോപ്പികൾ മാത്രം വാങ്ങിയാണ് 18 മുതൽ 22 ശതമാനം പലിശ നൽകി വായ്പ നൽകുന്നത്. സഹകരണ ബാങ്കുകളിൽനിന്ന് ചുരുങ്ങിയ പലിശ നിരക്കിൽ വായ്പ ലഭിക്കുമെങ്കിലും ഈട് ആവശ്യമില്ലയെന്ന പേരിലാണ് വീട്ടമ്മമാർ ഇതുപോലുള്ള കൊള്ളപ്പലിശക്കാരുടെ വലയിൽ വീഴുന്നത്. മൊബൈൽ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ സമ്മാനമായി നൽകിവരുന്ന കമ്പനികളുമുണ്ട്. അടവ് മുടങ്ങുമ്പോഴാണ് പലിശ നിരക്കിന്റെ കെണി മനസിലാകുന്നത്. മൈക്രോ ഫിനാൻസ്, വട്ടിപ്പലിശ ഇടപാടുകളിൽ കുടുങ്ങിയവർക്ക് നിയമ സഹായങ്ങൾ നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ റവന്യു, പൊലീസ്, ധനകാര്യ വകുപ്പ് എന്നിവയുടെ പൊതു ജനസമ്പർക്ക പരിപാടി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലിഞ്ഞത് നാല് ജീവനുകൾ
മൈക്രോഫിനാൻസ് ഏജന്റുമാരുടെ ഭീഷണി മൂലം പാലക്കാട് ചിറ്റൂരിൽ മാത്രം ജീവനൊടുക്കിയത് 4 പേർ. ഇതിൽ വൃദ്ധദമ്പതികളിൽ ഭർത്താവ് മരണത്തിന് കീഴടങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ആത്മഹത്യക്ക് പ്രേരിപ്പിക്കുംവിധമാണ് മൈക്രോഫിനാൻസ് ഏജന്റുമാർ വീടുകളിലെത്തി പെരുമാറുന്നത്. വായ്പ തിരിച്ചടക്കാൻ പറ്റുന്നില്ലെങ്കിൽ ജീവിച്ചിരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. ഭീഷണി സഹിക്കവയ്യാതെയാണ് ചിറ്റൂരിലെ വൃദ്ധദമ്പതികളായ മാണിക്യനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാണിക്യൻ മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൈക്രോഫിനാൻസുകാർ നൽകിയ ചെറിയ വായ്പയാണ് മാണിക്യന്റെ ഭാര്യയെടുത്തത്. ഒരു വായ്‌പ അടച്ച് തീർക്കാൻ മറ്റൊരു വായ്പയെ ആശ്രയിച്ച്, ഈ കുടുംബവും മറ്റെല്ലാവരെയും പോലെ കെണിയിൽ കുരുങ്ങി. ആഴ്ചയിൽ 600 രൂപയും, മാസത്തിൽ 2000 രൂപയും അടവ് വരുന്ന വ്യത്യസ്ത വായ്പകളാണ് ഇവർക്കുള്ളത്.
ഒരു അപകടം സംഭവിച്ചതിനുശേഷം മാണിക്യന് 4 മാസം ജോലിക്ക് പോകാൻ സാധിച്ചില്ല. ഇതോടെ അടവ് മുടങ്ങി. ഇവർ 2000 രൂപ അടവ് നൽകാനുള്ള മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ഏജന്റ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തങ്ങളുടെ നിസഹായാവസ്ഥ അറിയിച്ചിട്ടും ഏജന്റ് ദയ കാണിച്ചില്ല. കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ദമ്പതികൾ കണ്ടെത്തിയ വഴി ആത്മഹത്യയാണ്. എന്നാൽ ഭാര്യയെ തനിച്ചാക്കി മാണിക്യൻ യാത്രയായി. അവസാന നിമിഷത്തിലും പണം തിരിച്ചടയ്ക്കാനിവർ ജോലിക്ക് ശ്രമിച്ചിരുന്നു. തങ്ങളുടെ കടക്കെണി ഇവർ മകനെ അറിയിച്ചിരുന്നില്ല. മകൻ ജോലിക്ക് പോകുന്ന സമയത്താണ് പ്രശ്നങ്ങളത്രയും നടന്നത്. വിവരമറിഞ്ഞപ്പോൾ വൈകി. ആത്മഹത്യ നടന്ന വീടുകളിൽ പൊലീസെത്തി മൊഴി എടുത്തെങ്കിലും മറ്റ് നടപടികളുണ്ടായിട്ടില്ല.
മാനദണ്ഡങ്ങളേതുമില്ല
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ചിറ്റൂരിൽ വായ്പകൾ നൽകുന്നത്. ലോണെടുക്കുന്നവർക്ക് തിരിച്ചടക്കാൻ സാധിക്കുമോ എന്നത് ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാറില്ല. ഭീമമായ പലിശയും ഈടാക്കും. ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുമാർ പലിശയുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല. 30000 രൂപ വായ്പ എടുത്ത ഒരു സംഘത്തിനോട് പലിശയിനത്തിൽ മാത്രം തിരിച്ചടക്കാൻ ആവശ്യപ്പെട്ടത് 15000 രൂപയാണ്. പലിശ മാത്രം 50 ശതമാനം. ഗ്രൂപ്പ് ലയബിലിറ്റി എന്ന പേരിൽ ഒരു സംഘത്തിനാണ് വായ്പ നൽകുക. സംഘത്തിലെ ഒരാൾ പോലും അടവ് മുടക്കിയാൽ മറ്റെല്ലാവരെയും ഇത് ബാധിക്കും. ആർ.ബി.ഐ മാനദണ്ഡമനുസരിച്ച് ഒരാൾക്ക് രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 1.25 ലക്ഷം രൂപ മാത്രമെ വായ്പ നൽകാൻ സാധിക്കു. ഇവിടെ ഒരാൾക്ക് ഏഴും എട്ടും ലോണുകളാണുള്ളത്. ആഴ്ചയിൽ 17000 രൂപ വരെ അടക്കേണ്ട സ്ഥിതിയിലേക്കെത്തിയ കുടുബവും ചിറ്റൂരിലുണ്ട്.
നിയന്ത്രിക്കാൻ നിയമങ്ങളുണ്ട്
1958ലെ കേരള പണം കടം കൊടുപ്പുകാർ നിയമപ്രകാരം വാണിജ്യ ബാങ്കുകളെക്കാൾ കൂടുതലായി പരമാവധി രണ്ട് ശതമാനം പലിശയേ കടം കൊടുക്കുന്നവർ ഈടാക്കാൻ പാടുള്ളൂ. കൂടുതലായി വാങ്ങുന്നവർ മൂന്നു വർഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും അർഹരാണ്. 4 മുതൽ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകൾ ഈടാക്കുന്ന വാർഷിക പലിശ. ബ്ലേഡുകാർ ഈടാക്കുന്നതാവട്ടെ പത്ത് ശതമാനം ദിവസപ്പലിശയും 15 മുതൽ 25 ശതമാനം വരെ മാസപ്പലിശയും. വർഷങ്ങളായി സംസ്ഥാനത്തെ നഗര, ഗ്രാമാന്തരങ്ങളിൽ കൊള്ളപ്പലിശക്കാർ യഥേഷ്ടം വിലസിയിട്ടും എത്രപേർ നിയമനടപടികൾക്ക് വിധേയമായിട്ടുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്.
നിലവിലുള്ള നിയമങ്ങൾ പ്രയോഗിക്കാൻ അധികൃതർ സന്നദ്ധരായാൽ നിയന്ത്രിക്കാവുന്നതേയുള്ളൂ കൊള്ളപ്പലിശക്കാരെ. എന്നാൽ, മിക്ക ബ്ലേഡ് മാഫിയകളും ഉന്നതരാഷ്ട്രീയക്കാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളവരാണ്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവർ നിർഭയം പ്രവർത്തിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങാവേണ്ട സർക്കാരും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിരവരുമാനമില്ലാത്തവരെ കൈയ്യൊഴിയുമ്പോഴാണ് പലിശക്കുരുക്കുകളിൽ സാധാരണക്കാർ കുടുങ്ങുന്നത്. നാട്ടിലെ സാധാരണക്കാർക്കും മറ്റും വേണ്ടി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെട്ടാണ് ഓരോ ധനകാര്യസ്ഥാപനവും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും വായ്പകൾ നൽകുന്നതും. എന്നാൽ കർഷകരുൾപ്പെട്ട സമൂഹം പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന കാലത്ത് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഉണ്ടാവുന്നത്.