അധികാരം വെറും അലങ്കാരമാണോ ?

Sunday 10 May 2026 12:20 AM IST

"ഈയിടെയായി എന്റെയുള്ളം 'ജ്ഞാനപ്പാന'യുടെ ആത്മനിർവൃതിയിലാണ് എന്നു സമ്മതിക്കുമ്പോൾ, ഞാൻ ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞു എന്നാരും വ്യാഖ്യാനിക്കരുത്. ഞാൻ എളിയ നിലയിൽ ഈശ്വര വിശ്വാസിയാണ്. ഇപ്പോൾ ചുറ്റാകെ നടക്കുന്നതു കാണുമ്പോൾ, വീണ്ടും, വീണ്ടും ഞാൻ,'ജ്ഞാനപ്പാന'യെ നെഞ്ചോടു ചേർത്തു വെയ്ക്കട്ടെ! നമ്മുടെ രാജ്യത്ത്, മാളിക മുകളിൽ കയറിയ 'മന്നന്മാരാണ് തങ്ങൾ' എന്ന് സ്വയം സങ്കല്പിച്ചു നടന്നിരുന്ന ചിലർ, ഇപ്പോൾ തോളിൽ മാറാപ്പു കേറിയേയെന്ന് ഒച്ചയില്ലാതെ നിലവിളിച്ച്, വിലപിച്ചു നടക്കുന്നതു കാണുമ്പോൾ, അഞ്ഞൂറാണ്ടിലേറെ പഴക്കമുള്ള ആ പുണ്യകൃതിയെ നെഞ്ചോടു ചേർത്തു പിടിച്ച്,'കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായി പിറക്കുന്നു'യെന്ന സിദ്ധാന്തം, നമ്മുടെ കേരളത്തിലും ചിലർക്കൊക്കെ കാലാകാലങ്ങളിൽ അത്യാവശ്യ ചികിത്സാരീതിയായി വരാം എന്നുമൊക്കെ എത്രയോ മുന്നേകൂട്ടി പൂന്താനം തിരുമേനി കണ്ടിരുന്നു കാണുമല്ലോ എന്നാലോചിക്കുമ്പോൾ കണ്ണുനിറയുമല്ലേ? എന്റെയും, നിങ്ങളുടേയുമല്ല, ഉപ്പുതിന്നവർ, വെള്ളംകുടിക്കണ്ടേ! എന്നാലിനി എല്ലാവരും ചേർന്നു പാടിക്കോളൂ,'കൃഷ്ണ! കൃഷ്ണാ! മുകുന്ദാ! ജനാർദ്ദനാ........!" യെന്നുപറഞ്ഞ്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും വലിയൊരു വിപത്ത് തലയിൽ നിന്നിറങ്ങിയതിന്റെ ആശ്വാസമാസ്വദിക്കുന്ന ഭാവത്തിലായിരുന്നു.

പ്രഭാഷകൻ തുടർന്നു : അധികാരം എന്നത് യഥാർത്ഥത്തിൽ ഉത്തരവാദിത്വം, നിർണയം എടുക്കാനുള്ള ശക്തി മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സ്വാധീനം ഇവയുടെ കൂട്ടായ്മയാണ്. ഒരു വ്യക്തി അധികാരം 'അലങ്കാരമായി' മാത്രം കാണുമ്പോൾ: അത് സ്ഥാനമാനത്തിന്റെ പ്രദർശനമായി മാറും. പദവി നിലനിർത്താനുള്ള ഒരു ഉപകരണം മാത്രമാകും. ജനങ്ങൾക്ക് പ്രയോജനം കുറയും. പക്ഷേ, അധികാരം ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ: അത് സേവനമാകുന്നു . നീതിയും,നന്മയും ഉറപ്പാക്കുന്ന ഒരു ഉപകരണമായി അത് മാറുന്നു. നേതാവിന്റെ മാന്യതയും വിശ്വാസവും ഉയരും. ചുരുക്കത്തിൽ: അധികാരം, അലങ്കാരമാക്കാൻ കഴിയും — പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം ഉത്തരവാദിത്വമാണ്. അത്, ഒരു നല്ല അധികാരി മറക്കില്ല!

'ഞാൻ എങ്ങനെ സേവിക്കാം?' എന്ന ചിന്തയാണ് ഒരു മികച്ച നേതാവിന്റെ അടിസ്ഥാനം. മികച്ച നേതാവ് ദർശനത്തോടെ നയിക്കും, സത്യനിഷ്ഠയിലൂടെ വിശ്വാസം നേടും, ധൈര്യത്തോടെ പ്രവർത്തിക്കും, സേവന മനോഭാവത്തോടെ ആളുകളെ ഉയർത്തും.അധികാരമുള്ളവരൊക്കെ ധിക്കാരികളാകണമെന്നില്ല.അധികാരം മനുഷ്യന്റെ ഉള്ളിലെ സ്വഭാവത്തെ കൂടുതൽ വ്യക്തമായി പുറത്തുകൊണ്ടുവരും. ഒരാൾക്ക് വിനയം ഉണ്ടെങ്കിൽ, അഹങ്കാരം ഉണ്ടെങ്കിൽ → അധികാരം അത് വർദ്ധിപ്പിച്ച് ധിക്കാരമായി തോന്നിക്കും. അധികാരത്തിന്റെ മയക്കം, ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം, അനുഭവക്കുറവ് അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് മറയ്ക്കാനുള്ള ശ്രമം, 'ഞാനാണ് മേൽ' എന്ന തെറ്റായ ധാരണ ഇവയെല്ലാമാണ് അധികാരിയുടെ ദുരന്തമായി ഭവിക്കുന്നത്! അപ്പോൾ, അധികാരത്തിൽ നിന്ന് ഇറങ്ങേണ്ടത് എങ്ങനെയെന്നു കൂടി പറയണ്ടേ? ഇറങ്ങുമ്പോൾ മാന്യമായും, സുതാര്യമായും ഇറങ്ങണം. ചുരുക്കത്തിൽ പറഞ്ഞാൽ: യോഗ്യതയോടെ കയറുക, നൈതികതയോടെ ഇരിക്കുക, മാന്യമായി ഇറങ്ങുക. നടക്കുമോ? ഞാൻ വീണ്ടും ജ്ഞാനപ്പാനയെടുക്കട്ടെ: സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണം കെട്ടുനടക്കുന്നിതു ചിലർ! അപ്പോൾ ഞാനിറങ്ങട്ടെ!" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോളുയർന്ന കൂട്ടച്ചിരി അഭൂതപൂർവമായിരുന്നു.