പൂപ്പാറയിൽ നടന്നത് മറ്റൊരു മൂന്നാർ ദൗത്യം
മൂന്നാർ ദൗത്യത്തിന് ശേഷം ഇടുക്കി ജില്ല കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കൽ നടപടികളിലൊന്നിനാണ് കഴിഞ്ഞയാഴ്ച പൂപ്പാറ സാക്ഷ്യം വഹിച്ചത്. പന്നിയാർ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ചും റോഡ് പുറമ്പോക്ക് കൈയേറിയും നിർമ്മിച്ച 88 കെട്ടിടങ്ങളാണ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടന്ന ഈ ദൗത്യം കൈയേറ്റക്കാർക്കെതിരെയുള്ള കർശന മുന്നറിയിപ്പായി മാറി.
വർഷങ്ങളുടെ കൈയേറ്റവും നിയമപോരാട്ടവും
പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ തീരം കേന്ദ്രീകരിച്ച് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കൈയേറ്റങ്ങളാണ് ഇപ്പോൾ ഒഴിപ്പിക്കപ്പെട്ടത്. ആദ്യം താത്കാലിക ഷെഡുകളായി തുടങ്ങിയ നിർമ്മാണങ്ങൾ, പിന്നീട് അധികൃതരുടെ കണ്ണ് വെട്ടിച്ച് മൂന്ന് നിലകളുള്ള വലിയ കോൺക്രീറ്റ് കെട്ടിടങ്ങളായി രൂപമാറ്റം വരുത്തുകയായിരുന്നു. 56 വ്യക്തികൾ ചേർന്ന് നടത്തിയ ഈ കൈയേറ്റങ്ങൾക്കെതിരെ 2022 ഒക്ടോബറിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഉടമകൾ നിയമനടപടികളുമായി കോടതിയെ സമീപിച്ചു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ 2023 ജനുവരിയിൽ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് 2024 ഫെബ്രുവരിയിൽ അന്നത്തെ സബ് കളക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം വീടുകൾ ഒഴികെയുള്ള കെട്ടിടങ്ങൾ സീൽ ചെയ്തിരുന്നു. 2026 ഫെബ്രുവരിയിൽ നൽകിയ 30 ദിവസത്തെ അവസാന നോട്ടീസ് കാലാവധി അവസാനിച്ചതോടെയാണ് ബുൾഡോസറുകൾ പൂപ്പാറയിലെത്തിയത്.
ഒഴിപ്പിക്കൽ ദൗത്യം
കനത്ത സുരക്ഷയിൽ ഏഴിന് പുലർച്ചെ ആറ് മണിയോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വി.എം. ആര്യ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ എന്നിവർ ഒഴിപ്പിക്കലിന് നേരിട്ട് നേതൃത്വം നൽകി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ശാന്തമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നാല് ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ അഞ്ഞൂറിലധികം പൊലീസുകാരെയും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. 56 കടകൾ, 29 വീടുകൾ, മൂന്ന് ആരാധനാലയങ്ങൾ എന്നിവയാണ് ദൗത്യത്തിൽ പൊളിച്ചുനീക്കിയത്. ഒഴിപ്പിക്കലിനിടെ ചില താമസക്കാർ പ്രതിഷേധമുയർത്തുകയും വൈകാരികമായ രംഗങ്ങൾ അരങ്ങേറുകയും ചെയ്‌തെങ്കിലും റവന്യൂ- പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. അനധികൃത നിർമ്മാണങ്ങൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നതും മഴക്കാലത്ത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി വേഗത്തിലാക്കിയത്. കഴിഞ്ഞ വർഷം ഇടുക്കിയിലെ കൂട്ടാറിലുണ്ടായ വെള്ളപ്പൊക്കം ഒരു പാഠമാണെന്ന് കളക്ടർ ഓർമ്മിപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ചെലവ് ഉടമകളിൽ നിന്ന് തന്നെ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുത്ത ഭൂമി പന്നിയാർ പുഴയുടെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
പുനരധിവാസവും പഞ്ചായത്തിന്റെ നിലപാടും
ഒഴിപ്പിക്കപ്പെട്ടവരിൽ സ്വന്തമായി ഒരിടത്തും ഭൂമിയില്ലാത്ത 17 അർഹരായ കുടുംബങ്ങളെ ശാന്തമ്പാറ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആറുമാസത്തിനുള്ളിൽ പുതിയ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് അറിയിച്ചു. വീട് നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇവർക്ക് മാസം 4,000 രൂപ വീതം വാടക നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. എന്നാൽ കോടിക്കണക്കിന് രൂപ മുടക്കി വലിയ കെട്ടിടങ്ങൾ നിർമ്മിച്ചവർക്കോ, മറ്റ് സ്ഥലങ്ങളിൽ ഭൂമിയുള്ളവർക്കോ യാതൊരുവിധ പുനരധിവാസത്തിനും അർഹതയുണ്ടാവില്ലെന്ന് കളക്ടർ കർശനമായി പറഞ്ഞു. ഒഴിപ്പിക്കൽ നടപടികളിൽ പഞ്ചായത്ത് ഭരണസമിതിക്ക് നേരിട്ട് പങ്കില്ലെന്നും കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വിശദീകരിച്ചു. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി. പുഴയിലേക്ക് വീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പുഴയോരം പഴയ രീതിയിലാക്കാനുമായി വരും ദിവസങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.