പിണറായി പ്രതിപക്ഷ നേതാവെങ്കിൽ യഥാർത്ഥ പ്രതിപക്ഷം ബി.ജെ.പി !
'61 വയസ്സുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ മുഖ്യമന്ത്രിയായി കേരളം ഭരിക്കുമ്പോൾ 80 കഴിഞ്ഞ പിണറായി വിജയന് പ്രതിപക്ഷ നേതാവായി എന്ത് ചെയ്യാനാകും ? ഫലത്തിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുക ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറായ വി. മുരളീധരനായിരിക്കും.' നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ശരംപോലെ തുളച്ചുകയറുന്ന ഈ ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്നത് ഏതെങ്കിലും പാർട്ടി പ്രവർത്തകരല്ല. തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് വിശകലനം ചെയ്യാൻ ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങളാണിത്. 80 കഴിഞ്ഞ പിണറായി വിജയൻ പ്രതിപക്ഷ നേതാവായാൽ ബി.ജെ.പി ആയിരിക്കും നിയമസഭയിലെ പ്രതിപക്ഷമാകുകയെന്നും പിണറായിയെ ജനങ്ങൾക്ക് സമീപിക്കാനാകില്ലെന്നും ഏകാധിപതികളുടെ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കണമെന്നും വിമർശനം ഉയർന്നു. തിരുവായ്ക്ക് എതിർവായ് ഇല്ലെന്ന പോലെ അജയ്യനെന്ന് കരുതിയ പിണറായി വിജയനെതിരെ ഇത്രയും രൂക്ഷവിമർശനം ഉയരുന്നത് സി.പി.എമ്മിൽ അസാധാരണമായ പ്രതിഭാസമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതും കൊല്ലം പോലെ പാർട്ടിയുടെ ശക്തിദുർഗത്തിൽ നിന്ന്. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ സംസ്ഥാനത്തെ 14 സി.പി.എം ജില്ലാ കമ്മിറ്റികളിലും യോഗങ്ങൾ ചേരുമ്പോൾ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളിലും പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും എതിരെയാണ് അംഗങ്ങൾ അതിനിശിത വിമർശനം ഉയർത്തുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും ഒഴിയണമെന്നാണ് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നത്. അല്ലാത്തപക്ഷം ഇരുവരെയും പാർട്ടി ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് ഭരണവിരുദ്ധ തരംഗമല്ല, പിണറായി -ഗോവിന്ദൻ വിരുദ്ധ തരംഗമാണ്. ഉത്തരവാദിത്വം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഉയർന്ന രൂക്ഷ വിമർശനത്തിന്റെ ആവർത്തനമാണ് രണ്ടിടത്തെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഉയർന്നത്. കൂടുതൽ നിശിതമായ വിമർശനം കൊല്ലത്തായിരുന്നു. പരനാറി, നികൃഷ്ട ജീവി, കടക്ക് പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ്മോൻ തുടങ്ങി പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളാണ് ദയനീയമായ തോൽവിക്ക് പ്രധാന കാരണം. സാമൂഹിക ക്ഷേമ പെൻഷൻ 2000 രൂപ നൽകുന്നുവെന്ന് പറഞ്ഞ് പിണറായി ചെയ്യുന്നതെല്ലാം ജനം അംഗീകരിക്കില്ല. 2021 ലെ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ച എ. വിജയരാഘവൻ ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയെങ്കിൽ ഇത്തവണ എം. വി. ഗോവിന്ദൻ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ച് മന്ത്രിയാക്കാൻ ശ്രമിച്ചു. 4 പി.ബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടു വരണം. മറ്റു രണ്ടു പേർക്ക് ഭാര്യമാരെ മന്ത്രിമാരാക്കണം. ഇതിന്റെ ഇരയായി മാറിയത് കെ.കെ. ശൈലജ ആണെന്നും കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയച്ചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
പാർട്ടിയിൽ നിന്ന് രാജി
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്തെ മുതിർന്ന സി.പി.എം നേതാവും കോർപ്പറേഷൻ മുൻ കൗൺസിലറുമായ ജി. സോമരാജൻ പാർട്ടി വിട്ടു. 53 വർഷത്തെ പാർട്ടി അംഗത്വം ഒഴിഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ജില്ലാ സെക്രട്ടറി എസ്. സുദേവനുള്ള കത്തിൽ സോമരാജൻ അറിയിച്ചു. പിണറായിക്കെതിരെ ഗുരുതര ആരോപണങ്ങളും കത്തിൽ ഉന്നയിച്ചു. ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം ലഭിക്കാൻ നിഷേധാത്മക നിലപാട് സ്വീകരിച്ചതു പോലെ അബദ്ധജടിലമായ തീരുമാനമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതെന്ന് കത്തിൽ പറഞ്ഞു. പിണറായിയുടെ ഭാഗത്തു നിന്നുണ്ടായ തുടർച്ചയായ വീഴ്ചകൾ വോട്ടർമാരെ വെറുപ്പിച്ചു. വി.എസ്. അച്യുതാനന്ദൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയവരോട് പൊറുക്കാനാവാത്ത നടപടികളാണ് പിണറായി സ്വീകരിച്ചതെന്നും സോമരാജൻ കുറ്റപ്പെടുത്തി.
ശ്യാമളയെ മത്സരിപ്പിച്ചു, കേരളമാകെ തോറ്റു
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാര്യയെ മത്സരിപ്പിച്ചതു കൊണ്ട് കൂടിയാണ് കേരളമാകെ സി.പി.എം തോൽവി ഏറ്റുവാങ്ങിയതെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിയെക്കാൾ ഉയർന്ന ഭൂരിപക്ഷം നേടിയെന്നതിനാലാണ് കെ.കെ. ശൈലജയോട് പക തീർക്കുന്നത്. മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാതിരിക്കാൻ ഇക്കുറി തോൽക്കുന്ന സീറ്റിൽ മത്സരിപ്പിച്ചു. ഭാര്യയെ മന്ത്രിയാക്കാമെന്ന് വ്യാമോഹിച്ച് എം.വി.ഗോവിന്ദനും ഇതിന് കൂട്ടുനിന്നു. മത്സരിക്കാൻ പിണറായി അടക്കം ചിലർക്ക് മാത്രം പ്രായത്തിൽ ഇളവ് നൽകുകയും മറ്റുള്ളവരെ ടേം വ്യവസ്ഥയിൽ ഒഴിവാക്കുകയും ചെയ്തതിനെതിരെയാണ് ജി. സുധാകരനെപ്പോലുള്ളവർ പ്രതികരിച്ചത്. ജനങ്ങളും അത് ശരിവച്ചു. സുധാകരൻ അടക്കമുള്ളവർ ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനു പകരം ധാർഷ്ട്യത്തോടെ തള്ളുകയായിരുന്നു. 2021 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി തോറ്റു. അപ്പോഴെല്ലാം ഭരണവിരുദ്ധ തരംഗം ഇല്ലെന്ന് ആവർത്തിക്കുകയായിരുന്നു. കൂടുതൽ എം.എൽ.എ മാരുടെ പിന്തുണ ലഭിച്ച നേതാവിനെ മാറ്റി ജനവികാരം മാനിച്ച് കോൺഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ തീരുമാനിച്ചു. എന്നാൽ സി.പി.എം ജനവിധിയെ പുച്ഛിച്ച് തള്ളുകയായിരുന്നുവെന്നും വിമർശനം ഉയർന്നു. എന്തുകൊണ്ട് തോറ്റുവെന്ന് വിലയിരുത്താൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗവും പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി. പിണറായി ഭരണത്തിൽ നിന്ന് ജനങ്ങൾ മാറ്റം ആഗ്രഹിച്ചുവെന്നതാണ് പരാജയകാരണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ചോദ്യാവലിയിലെ നിഗമനങ്ങളോട് സെക്രട്ടേറിയറ്റിലെ പലരും വിയോജിച്ചു. ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ട് തോറ്റുവെന്നതിന് നേതൃത്വം മറുപടി പറയണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പാലക്കാട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ പാർട്ടി ഒരുവിധം പിടിച്ചു നിന്നപ്പോൾ പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന കൊല്ലത്ത് വൻ തകർച്ചയുണ്ടായത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും സംഘടനാ വീഴ്ചയുമാണെന്ന് അംഗങ്ങൾ വിമർശിച്ചു. 2011 ൽ 11 സീറ്റിലും വിജയിച്ച മുന്നണിയാണ് ഇക്കുറി രണ്ട് സീറ്റിലേക്ക് ചുരുങ്ങിയത്. ജെൻ- സി തലമുറയെ മനസ്സിലാക്കാൻ പാർട്ടി പരാജയപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച വിലയിരുത്താൻ നേതൃത്വം പരാജയപ്പെട്ടു. ചാത്തന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ഗൗരവമായി വിലയിരുത്തണമെന്നും അംഗങ്ങൾ പറഞ്ഞു.
സി.പി.ഐ കമ്മിറ്റികളിലും പിണറായിക്ക് വിമർശനം
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സി.പി.ഐ യോഗങ്ങളിലും പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. സംസ്ഥാനത്തെ എൽ.ഡി.എഫ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനും സി.പി.എമ്മിനും ആണെന്ന് ജില്ലയിലെ സി.പി.ഐ ലോക്കൽ കമ്മിറ്റികളിലാണ് വിമർശനം ഉയർന്നത്. ജനങ്ങളിൽ നിന്ന് സർക്കാർ ഏറെ അകന്നത് തിരിച്ചറിഞ്ഞില്ല. ഓരോ വിഷയങ്ങളിൽ പ്രതിഷേധം ഉയരുമ്പോഴും ധാർഷ്ട്യ സമീപനമായിരുന്നു. ഈ നിലപാട് എൽ.ഡി.എഫിന് ഗുണകരമാകില്ലെന്ന് സി.പി.എം നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ സി.പി.ഐ നേതൃത്വത്തിനും കഴിഞ്ഞില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥികളിൽ പലരെയും സി.പി.എം തോൽപ്പിച്ചു. സീറ്റ് ചർച്ചകളിലും സി.പി.ഐ സി.പി.എമ്മിനു മുന്നിൽ കീഴടങ്ങിയെന്ന ആരോപണവും ഉയർന്നു.