സതീശൻ അല്ലാതെ മറ്റാര്?

Friday 15 May 2026 12:46 AM IST

ലേറ്റായാലും ലേറ്റസ്‌റ്റായ തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടായിരിക്കുന്നത്- വി.ഡി.സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. കപ്പിനും ചുണ്ടിനുമിടയിൽ നിരവധി സ്ഥാനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ള,​ നിലപാടുകളുള്ള കോൺഗ്രസ് നേതാവാണ് സതീശൻ. ഇപ്പുറത്ത് നിൽക്കുമ്പോഴും അപ്പുറത്തേക്കും ഒരു പാലമിടുന്ന ആളല്ല. അതുകൊണ്ട് തന്നെയാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിക്കാതെ പോയത്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാതെ പോയതോടെയാണ് പൊതുസമൂഹം മഹിമയുള്ള കോൺഗ്രസ് നേതാവ് എന്ന നിലയിൽ വി.ഡി. സതീശനെ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത്. നല്ലപോലെ ഗൃഹപാഠം ചെയ്തതിനുശേഷം നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന, നിയമബോധമുള്ള നിയമസഭാ സാമാജികനാണ് സതീശൻ. സമുദായ നേതാക്കന്മാരുമായും മറ്റും കൃത്യമായ ഒരു അകലം സതീശൻ എന്നും പാലിച്ചിരുന്നു. കോൺഗ്രസിൽ അത് പതിവില്ലാത്തതാണ്.

അതേസമയം,​ ഘടകകക്ഷികളുടെ നേതാക്കന്മാരുമായി ഉമ്മൻചാണ്ടി പിന്തുടർന്നിരുന്ന അതേ ബന്ധം തന്നെയാണ് സതീശനും മാതൃകയാക്കിയത്. സതീശന്റെ ചെറുപ്പകാലത്ത് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയുമൊക്കെ തലപ്പത്ത് വന്നവർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരങ്ങളിലേക്കാണ് അതൊന്നുമാകാതെ സതീശൻ പിന്നീട് വളർന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരുന്ന് മുഖ്യമന്ത്രി പിണറായിയെ മാത്രം ഫോക്കസ് ചെയ്ത് വിമർശിക്കുന്ന ഒരുരീതിയല്ല സതീശൻ സ്വീകരിച്ചത്. മറിച്ച് ഇടതുപക്ഷ സർക്കാരിന്റെ പൊതുവായ വീഴ്ചകളാണ് കാര്യകാരണ സഹിതം തുറന്നുകാണിച്ചത്.

രണ്ടാം പിണറായി സർക്കാരിനെതിരെ പത്രസമ്മേളനങ്ങളിലൂടെ മാത്രം ആഞ്ഞടിക്കുന്നതിന് പകരം സമരഭൂമിയിൽ ഇറങ്ങി നിന്നുള്ള പ്രക്ഷോഭങ്ങൾക്ക് കൃത്യമായ ആസൂത്രണത്തോടെ ദിശാബോധം നൽകാൻ സതീശന് കഴിഞ്ഞിരുന്നു. കൃത്യമായ ഇടവേളകളിൽ സർക്കാരിനെ വിമർശിക്കാൻ ഓരോരോ വിഷയങ്ങൾ വീണുകിട്ടിയത് നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ തിളങ്ങി നിൽക്കാൻ സതീശന് അടിത്തറ ഒരുക്കുകയും ചെയ്തു. ആശാസമരം മുതൽ ശബരിമല സ്വർണക്കൊള്ളക്കേസ് വരെ യു.ഡി.എഫിന് അനുകൂലമായ തരംഗ വിജയത്തിന്റെ അന്തർധാരയായി മാറുകയും ചെയ്തു.

പി.വി.അൻവറിനെതിരെ നിലപാടെടുക്കുകയും അതിൽ തന്നെ ഉറച്ചുനിൽക്കുകയും നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയും അക്കാര്യം നേടിയെടുക്കുകയും ചെയ്തതോടെയാണ് നിലപാടുകളുള്ള നേതാവ് എന്ന ഇമേജിലേക്ക് സതീശൻ മാറിത്തുടങ്ങിയത്. പാലക്കാട് എം.എൽ.എ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നിലപാട് ഏതാണ്ട് സതീശന്റെ മാത്രമായി മാറുകയായിരുന്നു. ഈ നിലപാടുകൾ ഒരുകൂട്ടം ശത്രുക്കളെ സമ്മാനിച്ചിട്ടുണ്ടെങ്കിലും കേരളത്തെ നയിക്കാൻ കെൽപ്പുള്ള ഒരാൾ എന്ന തോന്നൽ ആഴത്തിൽ സൃഷ്ടിക്കാൻ ഉതകി. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട എന്ന തീരുമാനം കൂടി വന്നതോടെ ഭൂരിപക്ഷം ജനങ്ങളുടെയും മനസിൽ നായക സ്ഥാനത്ത് സതീശന്റെ മുഖമാണ് ഉണ്ടായിരുന്നത്. പരിണിതപ്രജ്ഞനായ രമേശ് ചെന്നിത്തലയും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും സാധാരണഗതിയിൽ പ്രതിപക്ഷ നേതാവ് തന്നെയാണ് ഭൂരിപക്ഷം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി ഇതുവരെ വന്നിട്ടുള്ളത് എന്നതും സതീശന്റെ സാദ്ധ്യതയ്ക്ക് മുൻതൂക്കം നൽകാൻ പ്രേരിപ്പിച്ച ഘടകമാണ്.

അതേസമയം, സംഘടനാപരമായി യു.ഡി.എഫിന്റെ വിജയത്തിന് കെ.സി.വേണുഗോപാൽ നൽകിയ സംഭാവനകൾ ആർക്കും നിഷേധിക്കാനാകില്ല. ചുരുക്കി പറഞ്ഞാൽ ഈ മൂന്ന് നേതാക്കളും ലീഗും കേരളകോൺഗ്രസ് നേതൃത്വവും മറ്റും അടങ്ങുന്ന ടീം യു.ഡി.എഫിന്റെ വിജയമാണ് ഉണ്ടായത്. അതോടൊപ്പം ജനവികാരം മനസിലാക്കുന്നതിൽ എൽ.ഡി.എഫിന് സംഭവിച്ച പാളിച്ചയും യു.ഡി.എഫിന് തുണയായി. അതേസമയം, വലിയ ഭൂരിപക്ഷത്തോടെ കേരളത്തിൽ യു.ഡി.എഫ് തിരിച്ച് വരുമെന്നും നൂറ് സീറ്റുകൾ വരെ ലഭിക്കാമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്നും നെഞ്ചുവിരിച്ച് ചുണക്കുട്ടിയെ പോലെ പറഞ്ഞത് വി.ഡി.സതീശൻ മാത്രമായിരുന്നു. വനവാസത്തിന് പോകേണ്ടി വന്നില്ല. അതിനാൽ പട്ടാഭിഷേകത്തിന് അർഹൻ വി.ഡി.സതീശൻ തന്നെയാണ്. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും.

ടീം യു.ഡി.എഫിന്റെ വിജയത്തിൽ ലീഗ് വഹിച്ച പങ്ക് ഓർമ്മിക്കാത്ത തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഉണ്ടാകാൻ പാടില്ല. കാരണം അങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങളെ നന്ദികേടായേ ജനങ്ങൾക്ക് കാണാൻ കഴിയൂ. തൃക്കരിപ്പൂരിലും തവനൂരിലും ഇരവിപുരത്തുമൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചത് എങ്ങനെയെന്ന് ഒന്ന് ചിന്തിച്ച് നോക്കിയാൽ കോൺഗ്രസ് മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം പറയാൻ ലീഗിന് അവകാശമില്ലെന്ന് ആർക്കും പറയാനാകില്ല. സ്ഥാനാർത്ഥി പ്രഖ്യാപനവും വാശിയേറിയ തിരഞ്ഞെടുപ്പും നൂറ്റിരണ്ട് സീറ്റിന്റെ വിജയവും കാത്തിരുന്ന് കാത്തിരുന്ന് മടുപ്പും വെറുപ്പും രോഷവും ഉളവാക്കിയ മുഖ്യമന്ത്രി തീരുമാനവും ഉൾപ്പെടെ യു.ഡി.എഫിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവിന്റെ സ്തോഭജനകമായ ഒന്നാം അദ്ധ്യായം പൂർത്തിയായിരിക്കുന്നു.

കഴിഞ്ഞതൊക്കെ കഴിഞ്ഞു. നല്ല ഒന്നാന്തരം ഭരണത്തിലൂടെയാണ് തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചവർക്ക് യു.ഡി.എഫ് മറുപടി കൊടുക്കേണ്ടത്. അതിനാദ്യം വേണ്ടത് കേരളത്തിലെ ഏതൊരു സാധാരണക്കാരനും നേരിട്ടു പോയി കണ്ടില്ലെങ്കിൽ കൂടി തനിക്ക് പോകാനും ആശ്രയിക്കാനും കഴിയുന്ന ഒരാളാണ് മുഖ്യമന്ത്രി എന്ന തോന്നൽ ആ പദവിയിലിരിക്കുന്ന വ്യക്തി സൃഷ്ടിക്കണം. ഉമ്മൻചാണ്ടിക്ക് അതുണ്ടായിരുന്നു. തന്റേതായ രീതിയിൽ ആ ഒരു വിശ്വാസം വളർത്തിയെടുക്കുന്ന തീരുമാനങ്ങളും അഭിപ്രായ പ്രകടനങ്ങളും നടപടികളും ആവണം വി.ഡി. സതീശനിൽ നിന്നും ഉണ്ടാകേണ്ടത്. ജനങ്ങൾക്ക് അമിത പ്രതീക്ഷയാണുള്ളത്. ഒരു ദിവസം കൊണ്ട് ഒരാൾക്കും കേരളത്തെ മാറ്റിമറിക്കാനൊന്നും കഴിയില്ല. പക്ഷേ ചില സ്ഥിരം സംവിധാനങ്ങളുടെ,​ പൊലീസിന്റെ തന്നെയാകട്ടെ ജനങ്ങളോടുള്ള മനോഭാവത്തിനും സമീപനത്തിലും മാറ്റം വരുത്താനായാൽ തന്നെ അതൊരു വലിയ മാറ്റമായി ജനങ്ങൾക്ക് അനുഭവപ്പെടും. ഇതിനൊന്നും ഖജനാവിൽ നിന്നും ഒരു പൈസപോലും എടുത്ത് ചെലവാക്കേണ്ടതില്ല. ഇച്ഛാശക്തി മാത്രം മതി.

അതുപോലെ തന്നെ ധനകാര്യമന്ത്രി സ്ഥാനത്തു വരുന്നവർ, കാര്യമൊക്കെ ശരിയാണെങ്കിലും ഇവിടെ ഖജനാവ് കാലിയാണ് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ച് പറയുന്നവരാകരുത്. ഓട്ടക്കാലണ പോലും ബാക്കിയില്ലാത്ത ഇന്ത്യയുടെ ഖജനാവാണ് തൊണ്ണൂറുകളിൽ കേന്ദ്ര ധനകാര്യ മന്ത്രിയായപ്പോൾ ഡോ. മൻമോഹൻസിംഗിന് ലഭിച്ചത്. രാജ്യത്തിന്റെ സ്വർണവും പണ്ടവുമൊക്കെ ഇംഗ്ലണ്ടിൽ കൊണ്ടുപോയി പണയം വയ്ക്കേണ്ടി വന്നു. ഖജനാവ് കാലിയാണ് എന്ന് ആവർത്തിച്ച് ജനങ്ങളെ നിരാശരാക്കുന്ന ഒരു മന്ത്രിയും ഖജനാവ് നിറയ്ക്കാൻ പോകുന്ന നവീന വഴികൾ ആവിഷ്കരിക്കാൻ പോകുന്നില്ല. കരഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം ആയുധമെടുത്ത് കുരുക്ഷേത്ര ഭൂമിയിലേക്ക് ഇറങ്ങുന്നവനേ യുദ്ധം ജയിക്കാനാവൂ. അങ്ങനെയൊരു യുദ്ധം ജയിച്ച് കാണിച്ച മന്ത്രിയാണ് ഡോ. മൻമോഹൻ സിംഗ്. അതുകൊണ്ട് അദ്ദേഹത്തിന് പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരിക്കാനും കഴിഞ്ഞു. ഇതൊന്നും ധനകാര്യമന്ത്രി സ്ഥാനത്തു വരുന്ന വ്യക്തിയും മറക്കരുത്.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം നടപ്പാക്കാനുള്ള പ്രായോഗികമായ മാർഗങ്ങളും ആവിഷ്കരിക്കണം. പ്രത്യേകിച്ച് വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാവാഗ്ദാനം ഈ മുന്നണിയെ വിജയിപ്പിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. അതിശക്തമായ എതിർപ്പും പ്രക്ഷോഭങ്ങളുമാവും ഇടതുമുന്നണിയിൽ നിന്ന് സതീശന് നേരിടേണ്ടി വരിക എന്നതിൽ സംശയിക്കുകയേ വേണ്ട. എന്നാലും വികസനത്തിനും ക്ഷേമത്തിനും തുല്യപ്രാധാന്യം നൽകുന്ന, ആരോഗ്യ മേഖലയെയും മറ്റും കണ്ണിലെ കൃഷ്ണമണിപോലെ ശ്രദ്ധിക്കുന്ന ഒരു നല്ല സർക്കാരായി അടുത്ത അഞ്ചുവർഷം പ്രവർത്തിക്കാൻ വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കാം.