നക്‌സൽ മുക്‌ത ഭാരതം

Thursday 21 May 2026 12:22 AM IST

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ‌്‌ഗഡിലെ ബസ്തർ മേഖല സന്ദർശിച്ചുകൊണ്ട് ഇന്ത്യ പൂർണമായും നക്സൽ മുക്തമായതായി പ്രഖ്യാപിച്ചിരിക്കുന്നു. 2026 മാർച്ച് 31നകം നക്‌സലിസം ഇല്ലാതാക്കുമെന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. 'കീഴടങ്ങുക അല്ലെങ്കിൽ നേരിടുക' എന്ന കേന്ദ്രത്തിന്റെ കർശനമായ നയമാണ് അരനൂറ്റാണ്ടോളമായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെയെങ്കിലും ഉറക്കം കെടുത്തിയിരുന്ന മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ തിരി കെടുത്തിയത്. 2024-26 കാലയളവിൽ എഴുന്നൂറോളം പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും നാലായിരത്തോളം നക്സലൈറ്റുകൾ കീഴടങ്ങുകയും ചെയ്തിരുന്നു. കീഴടങ്ങുന്നവരോട് പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്ന് ഉറപ്പ് നൽകിയതിന് പുറമെ അവരുടെ പുനരധിവാസത്തിന് കോടികൾ ചെലവിട്ടുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിരുന്നു.

അതേസമയം, കീഴടങ്ങാൻ തയ്യാറാകാത്തവരെ അവരുടെ ഒളിത്താവളങ്ങളിലെത്തി അതിശക്തമായി സായുധസേനകൾ നേരിടുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ മാവോയിസ്റ്റുകൾക്കു ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ആദിവാസി മേഖലയിൽ റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷ്യവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകൾക്ക് ഏറ്റവും ശക്തിയുള്ള ജില്ലയാണ് ഛത്തീസ്‌ഗഡിലെ ബസ്‌തർ. ആ മേഖലയിൽ നടത്തിയ ആദ്യ സന്ദർശനത്തിലാണ് ഇന്ത്യ നക്‌സൽ മുക്തമായെന്ന പ്രഖ്യാപനവും ആഭ്യന്തരമന്ത്രി നടത്തിയതെന്നത് ശ്രദ്ധേയമായി. കമാൻഡർമാർ ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെട്ടതും മാവോയിസ്റ്റ് സംഘടനയിൽ തന്നെ സംഭവിച്ച പിളർപ്പുകളുമാണ് ഈ സായുധ സംഘടനകളുടെ തകർച്ചയ്ക്ക് വഴിതെളിച്ചത്. ഇന്ത്യയെ ശിഥിലീകരിക്കാൻ വിദേശ സഹായവും മാവോയിസ്റ്റുകൾക്ക് ലഭിച്ചിരുന്നു.

കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും എത്താൻ പ്രധാനമന്ത്രി മോദിയെ വോട്ടർമാർ അനുഗ്രഹിച്ചാൽ ഒന്നോരണ്ടോ വർഷത്തിനകം രാജ്യത്ത് നിന്ന് നക്‌സലിസം വേരോടെ പിഴുതെറിയാനാകുമെന്ന് നേരത്തേ അമിത് ഷാ നടത്തിയ പ്രഖ്യാപനം പാലിക്കാൻ കഴിഞ്ഞത് നക്‌സലിസം അവസാനിപ്പിച്ച ആഭ്യന്തരമന്ത്രി എന്നനിലയിൽ അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്താൻ ഇടയാക്കും. ഇതിനിടയാക്കിയത് തന്റെ മേന്മ കൊണ്ടല്ലെന്നും അതിന്റെ മുഴുവൻ ഖ്യാതിയും ആത്മസമർപ്പണത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച സായുധ വിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ബസ്‌തറിൽ നടന്ന യോഗത്തിൽ അമിത് ഷാ പറയുകയുണ്ടായി. 2010ൽ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നക്‌സലിസത്തെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ അതിനുശേഷവും മാവോയിസ്റ്റുകളെ നേരിടുന്നതിന് തുടർച്ചയായ നടപടികൾ ഉണ്ടായില്ല.

2023ന് ശേഷമാണ് കാര്യങ്ങളുടെ സ്വഭാവം മാറിയത്. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നതല്ലാതെ മറ്റൊരു വഴിയും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചില്ല. 2025 മേയിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ബസവരാജുവും ദന്തേവാഡ ആക്രമണത്തിന്റെ സൂത്രധാരൻ ഹിഡ്‌മയും വധിക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം സോനു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കീഴടങ്ങുകയും ചെയ്തു. സാഹചര്യങ്ങൾ മാറിയെന്നും ഇന്നത്തെ കാലത്ത് സായുധ പോരാട്ടം തുടരാനാവില്ലെന്നും തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് അവർ കൂട്ടത്തോടെ കീഴടങ്ങാൻ തുടങ്ങിയത്. ഏറ്റവുമൊടുവിൽ ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോയ നക്സൽ സാന്നിദ്ധ്യമാണ് ഇപ്പോൾ ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നത്. നക്‌‌സലുകൾ ഒഴിഞ്ഞ ആദിവാസി മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളും വികസനങ്ങളും ഉറപ്പാക്കുന്ന നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകേണ്ടതുണ്ട്. ഒരിക്കൽ രാജ്യം നേരിട്ടിരുന്ന ഏറ്റവും വലിയ ഭീഷണി ഇപ്പോൾ ഇല്ലാതാകുന്നത് കേന്ദ്ര സർക്കാരിന്റെ കാര്യപ്രാപ്തിയുള്ള നടപടികളുടെ വലിയ നേട്ടമായി വിലയിരുത്തപ്പെടേണ്ടതാണ്.