ഉയർന്ന പെൻഷന് തടയിട്ട് കേന്ദ്രം

Wednesday 22 January 2025 3:01 AM IST

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ഇ.പി.എഫ്.ഒ നൽകണമെന്ന സുപ്രീംകോടതി വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും അർഹരായവരിൽ നേരിയ ശതമാനത്തിനു മാത്രമേ ഇതുവരെ ഉയർന്ന പെൻഷൻ ലഭിച്ചിട്ടുള്ളൂ. പെൻഷൻ നിശ്ചയിക്കുന്നതിലെ അവ്യക്തത, ജീവനക്കാരുടെ കുറവ്, മറ്റ് പല കോടതികളിലും നടക്കുന്ന കേസുകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി,​ ഉയർന്ന പെൻഷൻ വിതരണം പരമാവധി താമസിപ്പിക്കുന്ന നയമാണ് ഇ.പി.എഫ്.ഒ സ്വീകരിച്ചുവരുന്നത്. ഉയർന്ന പെൻഷന് അപേക്ഷിച്ചിട്ടുള്ളവർക്ക് പ്രോ റേറ്റാ രീതി അനുസരിച്ച് പെൻഷൻ കണക്കാക്കുമെന്നാണ് ഏറ്റവും ഒടുവിൽ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രോ റേറ്റാ രീതി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നതാണ് ഇതിന് ഇ.പി.എഫ്.ഒ പറയുന്ന ന്യായം.

ഇതു സംബന്ധിച്ച കേസുകൾ വിവിധ കോടതികളിൽ ഇപ്പോഴും നിലനിൽക്കുകയാണ്. അവയിൽ അന്തിമ തീർപ്പ് വരുന്നതിനു മുമ്പാണ് ഉയർന്ന പെൻഷൻ പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന പ്രോ റേറ്റാ രീതി അവർ അവലംബിച്ചിരിക്കുന്നത്. ഇത് ഉയർന്ന പെൻഷന് തടയിടാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്നാണ് ജീവനക്കാർ വ്യാഖ്യാനിക്കുന്നത്. പെൻഷനബിൾ ശമ്പളത്തെ സർവീസ് കാലാവധികൊണ്ട് ഗുണിച്ചശേഷം 70 കൊണ്ട് ഹരിക്കുന്നതാണ് പെൻഷൻ ഫോർമുല. അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷനബിൾ ശമ്പളം എന്നിരിക്കെ, 2014 സെപ്തംബർ ഒന്നിനു മുമ്പും ശേഷവുമുള്ള സേവന കാലയളവിനെ പ്രത്യേകം പരിഗണിക്കുന്നതാണ് പ്രോ റേറ്റ രീതി. അവസാന കാലത്താണ് ശമ്പളം ഉയർന്നിരിക്കുക എന്നതിനാൽ 2014 വരെയുള്ളത് പ്രത്യേകമായി കണക്കാക്കുന്നതുവഴി പെൻഷൻ കുറയും.

വെയിറ്റേജിന്റെ കാര്യത്തിലാണ് മറ്റൊരു കുരുക്ക്. ഇരുപതു വർഷത്തിലേറെ സർവീസുള്ളവർക്ക് രണ്ടുവർഷത്തെ വെയിറ്റേജ് നൽകാറുണ്ട്. ഇത് 2014-നു മുൻപത്തെ കാലയളവിലാണ് നൽകുക. ഇതുവഴി വീണ്ടും പെൻഷൻ കുറയും. ഈ രീതികൾ അവലംബിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഒന്നാമത് പ്രോ റേറ്റാ രീതി സുപ്രീംകോടതി കേസിൽ വിഷയമേ ആയിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് മറച്ചുവച്ചാണ് പ്രോ റേറ്റ രീതി​ നിയമവി​രുദ്ധമെന്ന് സുപ്രീംകോടതി​ പറഞ്ഞി​ട്ടി​ല്ലെന്ന് ഇ.പി​.എഫ്.ഒ ന്യായീകരി​ക്കുന്നത്. പെൻഷൻ കാത്തി​രി​ക്കുന്നവർക്ക് ഏക ആശ്വാസം ഫെബ്രുവരി​ ഏഴിനകം പെൻഷൻ അപേക്ഷകളെല്ലാം തീർപ്പാക്കണമെന്ന സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ ഉത്തരവാണ്. പെൻഷൻ പറ്റി നാലും അഞ്ചും വർഷം കഴിഞ്ഞവർ അധിക പെൻഷനു വേണ്ടിയുള്ള ലക്ഷങ്ങൾ വരുന്ന കുടിശ്ശിക തുക പലിശയ്ക്കു വാങ്ങിയും പണയം വച്ചും ബാങ്ക് വായ്പയെടുത്തും മറ്റുമാണ് അടച്ചിട്ടുള്ളത്. ഇതിൽ തീരുമാനം വൈകുന്നത് അത്തരക്കാരെ വലയ്ക്കുന്നതിനു തുല്യമാണ്.

പരിശോധന പൂർത്തിയാക്കിയ അപേക്ഷകളിൽ ഈ മാസം 24-നകം പണം നൽകണമെന്നാണ് കമ്മിഷണറുടെ ഉത്തരവ്. അയ്യായിരത്തിൽ താഴെ അപേക്ഷകളുള്ള ഓഫീസുകൾ ഇതേ തീയതിയ്ക്കകം അപേക്ഷ തീർപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിലധികം അപേക്ഷകൾ പരിശോധിക്കുകയും 21,000 ഡിമാന്റ് ലെറ്ററുകൾ അയയ്ക്കുകയും ചെയ്തുവെന്നാണ് ഇ.പി.എഫ്.ഒയുടെ കേന്ദ്ര ട്രസ്റ്റ് ബോർഡ് യോഗം വിലയിരുത്തിയത്. രാജ്യത്തൊട്ടാകെ ലക്ഷക്കണക്കിന് അപേക്ഷകർ കാത്തിരിക്കെ ഇതുവരെ 58,000 ഉയർന്ന പെൻഷൻ അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയിട്ടുള്ളത്. തൊഴിലാളി വിരുദ്ധമായ ഈ മെല്ലെപ്പോക്ക് ഇ.പി.എഫ്.ഒ അവസാനിപ്പിക്കണം.