അനുദിനം ഉയരുന്ന ഇന്ധന വില

Wednesday 27 May 2026 12:53 AM IST

അനുദിനം ഇന്ധനവില കൂടുകയാണ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനകം നാലാം തവണയും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 7.35 രൂപയുടെയും ഡീസലിന് 7.53 രൂപയുടെയും ആകെ വർദ്ധനയാണുണ്ടായത്. നികുതികളും ചേരുമ്പോൾ 10 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ എത്തിയത് ചരക്ക് കൂലിയും ഗതാഗതച്ചെലവും സ്വാഭാവികമായും കൂടാൻ ഇടയാക്കുകയും അത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂപത്തിൽ സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ ഇനിയും പരിഹരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് പ്രധാനമായും ഇത്തരമൊരു അവസ്ഥ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതിനെത്തുടർന്ന് നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെടുത്തുന്നതും രാജ്യത്ത് പാചക വാതക, ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്ധനത്തിന്റെ വിലയിൽ പകുതിയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. എല്ലാ സർക്കാരുകളുടെയും ഏറ്റവും വലിയ വരുമാന മാർഗങ്ങളിലൊന്നാണിത്. അതിനാൽ ഈ പ്രതിസന്ധിയുടെ എല്ലാ ഭാരവും ജനങ്ങളുടെ മേൽ വരുന്നത് ഒഴിവാക്കാൻ നികുതിയിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ കഴിയുന്നത്ര കുറവ് വരുത്താനുള്ള തീരുമാനമാണ് ആദ്യം എടുക്കേണ്ടത്. അതൊരു ഹ്രസ്വകാല ആശ്വാസ നടപടിയാകും. എന്നാൽ, ദീർഘകാല പദ്ധതികൾ നടപ്പാക്കി ഇത്തരം പ്രതിസന്ധികൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സന്ദർഭം കൂടിയാണിത്.

വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ ജനങ്ങളും പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടതും അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ഇന്ധന ചെലവ് കൂടുമ്പോൾ ഓട്ടോ, ബസ്, ട്രെയിൻ തുടങ്ങിയ ഗതാഗത മാർഗങ്ങളുടെ ചെലവ് കൂടുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കും. ഇത് അതിജീവിക്കാൻ വിദഗ്ദ്ധർ പല മാർഗങ്ങളും ഉപദേശിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനം ഒരേ സ്ഥലത്തേക്ക് ഓട്ടോയിലും ടാക്‌സിയിലും മറ്റും ഷെയർ ചെയ്ത് യാത്ര ചെയ്യാൻ തയ്യാറാകുക എന്നതാണ്. അങ്ങനെ വരുമ്പോൾ ഓട്ടോയിൽ മുപ്പത് രൂപയുടെ ദൂരം മൂന്നുപേർ ഷെയർ ചെയ്യുമ്പോൾ ഒരാൾക്ക് പത്തു രൂപയേ ചെലവ് വരൂ. അതുപോലെ ഒരേ സ്ഥലത്തുനിന്നും പതിവായി ഓഫീസിൽ പോകുന്നവർ ചേർന്ന് എല്ലാ ദിവസവും സ്വന്തം കാറിൽ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കി കാർപൂളിംഗ് രീതികൾ സ്വീകരിക്കണം. അതോടൊപ്പം പൊതുഗതാഗതത്തിന്റെ സൗകര്യം ആധുനിക രീതിയിൽ മെച്ചപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനം വേണ്ടിവരുന്നത് വാഹനങ്ങളുടെ ഉപയോഗത്തിനായാണ്. ഇലക്ട്രിക് കാറുകളുടെ കടന്നുവരവ് ഇതിനൊരു പരിഹാരമാകുന്ന രീതിയിൽ വർദ്ധിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ എണ്ണക്കമ്പനികൾ വില കൂട്ടുമെങ്കിലും കുറയുമ്പോൾ അതനുസരിച്ചുള്ള വില കുറയ്ക്കാറില്ല. നേരത്തേ ഉണ്ടായ നഷ്ടം നികത്താനാണിതെന്നാണ് കമ്പനികളുടെ വാദം. ഇത് മാർക്കറ്റ് തത്വങ്ങൾക്ക് നിരക്കുന്നതല്ല. ഈ രീതിയിലും മാറ്റം ഉണ്ടാകേണ്ടതാണ്. വിലക്കയറ്റം പിടിച്ചുനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യവിതരണ വകുപ്പുകൾ മാർക്കറ്റിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ട സന്ദർഭം കൂടിയാണിത്. ചെലവ് കൂടുകയും വരവ് അതിനനുസരിച്ച് കൂടാതിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ജീവിതം ദുസഹമാകും. സ്വാഭാവികമായും ഇതിന്റെ കുറ്റം അവർ സർക്കാരിലാവും കാണുക. ഇത് മുൻകൂട്ടി മനസിലാക്കിയുള്ള ആശ്വാസ നടപടികളാണ് ഭരണകർത്താക്കളിൽ നിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.