തലയില്ലാത്ത മൃതദേഹം, ദുരഭിമാനക്കൊലയെന്ന് നിഗമനം; ഒരു മാസത്തിന് ശേഷം യുവതി ജീവനോടെ പൊലീസ് സ്റ്റേഷനിൽ നടന്നെത്തി

Friday 29 May 2026 8:37 PM IST
പ്രതീകാത്മക ചിത്രം

മുംബയ്: കൊലപാതകമെന്ന് വിധിയെഴുതി പിതാവും സഹോദരനും ജയിലിലായ സംഭവത്തിൽ കൊല്ലപ്പെട്ട യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തി. മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിനിർ ശിവാനി കൽമേക്കർ (26)​ ആണ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്. മഹാരാഷ്ട്ര പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതോടെ പുറത്തുവന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലുള്ള ഖക്നാർ പരിധിയിൽ നിന്ന് ശിവാനിയെയും അരുൺ ദാദു കൽമേക്കർ (24) എന്ന യുവാവിനെയും കാണാതായത്. തുടർന്ന് ഇരുവരുടെയും കുടുംബങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിക്കായി തിരച്ചിൽ തുടരുന്നതിനിടെ, മേയ് ആദ്യവാരം മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലുള്ള രാജുര അണക്കെട്ടിന് സമീപത്തുനിന്ന് തലയില്ലാത്ത ഭാഗികമായി കരിഞ്ഞ ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ഇത് കാണാതായ ശിവാനിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ശിവാനിയെ ദുരഭിമാനക്കൊലയുടെ ഭാഗമായി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ, യുവതിയുടെ പിതാവ് ബാപ്പുറാം കൽമേക്കർ (55), സഹോദരൻ അജയ് കൽമേക്കർ (27) എന്നിവരെ മഹാരാഷ്ട്ര പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മൃതദേഹം ആരുടേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന പോലും നടത്താതെയാണ് മഹാരാഷ്ട്ര പൊലീസ് ശിവാനിയുടെ പിതാവിനെയും സഹോദരനെയും പ്രതികളാക്കി ജയിലിലടച്ചത്. പൊലീസിന്റെ ധൃതിപിടിച്ചുള്ള അറസ്റ്റിനെതിരെ നാട്ടുകാർക്കിടയിലും കടുത്ത പ്രതിഷധമാണ് ഉയർന്നിരുന്നത്.

കേസ് അന്വേഷിച്ച മദ്ധ്യപ്രദേശിലെ ഖക്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ യഥാർത്ഥ സത്യം പുറത്തുവന്നത്. ശിവാനിയും അരുണും മഹാരാഷ്ട്രയിലെ നാസിക്കിൽ ഒന്നിച്ച് താമസിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. അരുൺ ഇവിടെ കൂലിപ്പണി ചെയ്യുകയായിരുന്നു. യുവതി ജീവനോടെയുണ്ടെന്ന വിവരം ബുധനാഴ്ച തന്നെ ഖക്നാർ പൊലീസ് മഹാരാഷ്ട്ര പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്‌ച ജൽഗാവ്ജാമോദ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ശിവാനി താൻ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് മൊഴി നൽകുകയായിരുന്നു. ഇതോടെ പൊലീസ് പ്രതിക്കൂട്ടിലായ അവസ്ഥയിലുമായി. അണക്കെട്ടിന് സമീപം കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.