വർഷങ്ങൾക്ക് മുമ്പ് കാണാതായ 22കാരി പാക് അതിർത്തിയിൽ; വിറ്റത് മൂന്ന് ലക്ഷം രൂപയ്‌ക്ക്, രക്ഷപ്പെടുത്തി പൊലീസ്
റാഞ്ചി: വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി പൊലീസ്. സിംദേഗ സ്വദേശിയായ 22കാരിയെയാണ് ജാർഖണ്ഡ് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഞെട്ടിക്കുന്ന വിവരങ്ങളാണ് 22കാരി പൊലീസിനോട് വെളിപ്പെടുത്തിയത്.
2023ലാണ് യുവതിയെ കാണാതാകുന്നത്. അന്ന് അയൽഗ്രാമത്തിലെ ഒരാൾ ജോലി വാഗ്‌ദാനം ചെയ്‌ത് അവരെ ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡൽഹിയിലെ ഒരു ഏജൻസി വഴി യുവതി ഒരു വീട്ടിൽ ജോലിക്കാരിയായി. കുറച്ച് ദിവസം അവിടെ നിന്നെങ്കിലും പീഡനം സഹിക്കവയ്യാതെ അവൾ അവിടെ നിന്നും ഓടിപ്പോയി. പിന്നീട് ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് സ്റ്റാൻഡിന് സമീപം അലഞ്ഞ് നടക്കുന്നതിനിടെ, മീററ്റിൽ നിന്നുള്ള ദമ്പതികൾ അവളെ കൂടെക്കൂട്ടി. പിന്നീട് ഇന്ത്യ - പാക് അതിർത്തിക്കടുത്തുള്ള ബാർമറിലെ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയ്‌ക്ക് വിൽക്കുകയും ചെയ്‌തു.
ആ കുടുംബത്തിൽ നിന്ന് യുവതിക്ക് നിരന്തരം പീഡനം അനുഭവിക്കേണ്ടിവന്നു. തടവിലാക്കപ്പെട്ടു. ഈ സമയം യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയതായും ഡിഎസ്‌പി രൺവീർ സിംഗ് പറഞ്ഞു. പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയം അമ്മയെ ഫോണിലൂടെ വിളിച്ച് തനിക്ക് ഇത്രയും കാലമുണ്ടായ ദുരനുഭവങ്ങളെല്ലാം അവൾ അറിയിച്ചു. തുടർന്ന് മേയ് 20ന് യുവതിയുടെ ബന്ധുക്കൾ സിംദേഗയിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബാർമറിൽ നിന്ന് കണ്ടെത്തിയത്. നിലവിൽ അവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചതായും ഡിഎസ്‌പി പറഞ്ഞു.