SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.09 AM IST

പുലർച്ചെ പാൽ കറക്കാൻ ഇറങ്ങിയ വീട്ടമ്മയ്‌ക്ക് നേരെ ആക്രമണം; മുളകുപൊടിയെറിഞ്ഞ് സ്വർണാഭരണങ്ങൾ കവർന്നു

police-jeep

തിരുവനന്തപുരം: പാൽ കറക്കാൻ വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം. ദേഹമാസകലം മുളകുപൊടി എറിഞ്ഞശേഷം കഴുത്തിൽ വെട്ടുകത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ കവർന്നത്. ആലംകോടിന് സമീപം തൊപ്പിച്ചന്ത ആലുംമൂട്ടിൽ വീട്ടിൽ വിനോദിന്റെ ഭാര്യ സുനിതയാണ് (42) ആക്രമിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്ക് വീടിനോടുചേർന്നുള്ള പാശുഫാമിലേക്ക് പാലുകറക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ജോലിക്കാരനെ ചവിട്ടിവീഴ്‌ത്തി ദേഹമാസകലം മുളകുപൊടി വിതറിയ ശേഷമാണ് സുനിതയെ രണ്ടംഗ സംഘം ആക്രമിച്ചത്. മാലയും ബ്രേസ്‌ലെറ്റും ഉൾപ്പടെ രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഊരിയെടുക്കാനാകാതെ വന്നപ്പോൾ പ്രതികൾ വെട്ടുകത്തികൊണ്ട് വള അടിച്ചുപൊട്ടിക്കാൻ ശ്രമിക്കവെ സുനിതയുടെ കൈയ്‌ക്കും പരിക്കേറ്റു.

പ്രതികൾ വീടിനുള്ളിലേക്കും അതിക്രമിച്ചുകയറാൻ ശ്രമിച്ചു. എന്നാൽ, സുനിതയുടെ നിലവിളികേട്ട് ഉണർന്ന മക്കൾ ഇതുകണ്ട് വാതിൽ കുറ്റിയിട്ടത് രക്ഷയായി. സംഭവത്തിൽ കടയ്‌ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരവനന്തപുരത്തുനിന്ന് ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സാരമായി പരിക്കേറ്റ സുനിതയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, GOLD, STOLEN, ATTACK, INJURY, CASE, CHIRAYINKEEZHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY