രാവിലെ സഹായത്തിനെത്തി, രാത്രി വൃദ്ധയെ കൊന്ന് കായലിൽ തള്ളി; എല്ലാം സ്വർണത്തിനുവേണ്ടിയെന്ന് പ്രതി

Friday 29 May 2026 12:28 PM IST

ആലപ്പുഴ: കായംകുളത്ത് വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത് സ്വർണാഭരണങ്ങൾ മോഷ്‌ടിക്കാനെന്ന് പ്രതി. സംഭവത്തിൽ ഇന്നലെയാണ് അയൽവാസിയായ പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തു. കയ്യും കാലും ബന്ധിച്ച് ശരീരത്തിൽ കല്ല് കെട്ടിയ നിലയിലായിരുന്നു തങ്കമ്മയുടെ (80) മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിനാണ് വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്‌ക്കാൻ തങ്കമ്മ, പ്രകാശിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. രാവിലെ ഗ്യാസ് സിലിണ്ടർ അകത്തുവച്ച് മടങ്ങിയ പ്രകാശൻ രാത്രി കനത്ത മഴയ്‌ക്കിടെ വീണ്ടും തങ്കമ്മയുടെ വീട്ടിലെത്തി. ടിവി കണ്ടുകൊണ്ടിരുന്ന വൃദ്ധയുടെ മുഖത്ത് തലയിണ ഉപയോഗിച്ച് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയത്. താഴെവീണ തങ്കമ്മയുടെ കയ്യിലുണ്ടായിരുന്ന വളകളും മോതിരവും ഇയാൾ ഊരിയെടുത്തു.

എന്നാൽ, തലയിണയ്‌ക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കമ്മലും പ്രതിക്ക് കണ്ടെത്താനായില്ല. തുടർന്ന് തങ്കമ്മയുടെ കയ്യും കാലും തോ‌ർത്ത് ഉപയോഗിച്ച് കെട്ടി കൈവശമുണ്ടായിരുന്ന കയർ ഉപയോഗിച്ച് കാലിലും നെഞ്ചിലും തലയിലും കല്ലുകൾ കെട്ടി ശരീരം കായലിൽ തള്ളുകയായിരുന്നു.

തങ്കമ്മയുടെ വീടിനെക്കുറിച്ച് നന്നായി അറിയുന്നയാളാണ് കൊലപാതകി എന്ന സംശയം നേരത്തേ പൊലീസിനുണ്ടായിരുന്നു. സംശയം തോന്നിയ അഞ്ചുപേരെ ചോദ്യംചെയ്‌തു. പ്രകാശന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടതോടെ കൂടുതൽ ചോദ്യംചെയ്‌തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പ്രകാശനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.