ആലുവയിൽ വൻ കഞ്ചാവ് വേട്ട: രണ്ടിടങ്ങളിലായി 35 കിലോ കഞ്ചാവ് പിടിച്ചു

Wednesday 20 May 2026 2:54 AM IST

ഒരു മലയാളി ഉൾപ്പെടെ ആറുപേർ പിടിയിൽ

ആലുവ: ദേശീയപാതയിൽ രണ്ടിടങ്ങളിലായി 35 കിലോ കഞ്ചാവുമായി ഒരു മലയാളി ഉൾപ്പെടെ ആറുപേർ പൊലീസ് പിടിയിൽ. തോട്ടക്കാട്ടുകരയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെയും ദേശത്ത് ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെയുമാണ് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവുമായെത്തി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുമ്പോഴാണ് ആദ്യസംഘം പിടിയിലായത്. ഇവർ ഓട്ടോ ഡ്രൈവർ ആസാദിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നൽകിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോയിൽ കുട്ടമശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, പെരുമ്പാവൂർ എ.എസ്.പി. ഹാർദ്ദിക് മീണ, ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്‌പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണ, അജിത് കുമാർ, വി.ആർ.വിഷ്ണു, കെ.കെ. സജീഷ്, ടി. അനൂപ്, ബിജു, എ.എസ്.ഐമാരായ പി.എ.അബ്ദുൽ മനാഫ്, ബിനു, സീനിയർ സി.പി.ഒമാരായ ടി.എ.അഫ്‌സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ. അഫ്‌സൽ, സിറാജുദ്ദീൻ, അരവിന്ദ് വിജയൻ, ഗസ്‌നി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 375 കിലോഗ്രാമോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.