SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 PM IST

ഒരുമിച്ച് ജീവിക്കാൻ കോടികളുടെ സ്വർണം മോഷ്ടിച്ചു; പിന്നാലെ കാമുകന്റെ ചതിയിൽ വീണ് ജുവലറി ജീവനക്കാരി

harshitha-shetty

അഹമ്മദാബാദ്: അഹമ്മദാബാദിൽ പ്രമുഖ ജുവലറിയിൽ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ജീവനക്കാരി പിടിയിൽ. ഷോറൂമിലെ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന ഹർഷിദ ഷെട്ടിയാണ് പിടിയിലായത്. കാമുകനുമൊത്ത് പുതിയ ജീവിതം തുടങ്ങാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഒടുവിൽ ജയിലഴിക്കുള്ളില്‍ അവസാനിച്ചത്.

മേയ് 11നാണ് കേസിനാസ്പദമായ സംഭവം. നിക്കോളിലെ ഗ്രാവിറ്റി ഷോപ്പിംഗ് മാളിലെ ജുവലറി ഷോറൂമിലാണ് മോഷണം നടന്നത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ഡിസ്‌പ്ലേയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാതായതോടെ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തു‌ടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ആഭരണങ്ങൾ പരിശോധിക്കാനെന്ന ഹർഷിദ വ്യാജേന ട്രേകൾ ഓരോന്നായി എടുക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ തിരിയുമ്പോൾ മോതിരങ്ങൾ, മാലകൾ, മംഗല്യസൂത്രങ്ങൾ, പാദസരങ്ങൾ എന്നിവ കൈക്കലാക്കി പോക്കറ്റിലിടുകയുമായിരുന്നു. 1.66 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് ഹർഷിദ മോഷ്ടിച്ചത്. കഴിഞ്ഞ 11 മാസമായി ഈ ഷോറൂമിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിന് പിന്നാലെ ഹർഷിദ കാമുകനൊപ്പം അഹമ്മദാബാദിൽ നിന്ന് രക്ഷപ്പെട്ടു. മോഷ്ടിച്ച ആഭരണങ്ങളും പണവും ഉപയോഗിച്ച് ഇരുവരും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഹോട്ടലുകളിലും ഹിൽ സ്റ്റേഷനുകളിലും താമസിച്ച് യാത്രകൾ നടത്തി. എന്നാൽ ഇതിനിടെ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാകുകയും ഹർഷിദ കുളിക്കാൻ പോയ സമയം നോക്കി കാമുകൻ മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവുമായി അവിടെനിന്ന് കടന്നുകളഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ ഹർഷിദ കാമുകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനെ പൊലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളുടെ ബാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഹർഷിദയും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ പൂർണ്ണമായി വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME NEWS, JEWELLERY HEIST, WOMEN, THEFT CASE, AHMEDABAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY