വിനോദ സഞ്ചാരിയെ ആക്രമിച്ചയാൾ പിടിയിൽ

Wednesday 20 May 2026 1:59 AM IST

ശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ലേജിലെത്തിയ വിനോദസഞ്ചാരിയെ ആക്രമിച്ചയാൾ പിടിയിൽ.വേളി പൊഴിക്കര സ്വദേശിയായ പ്രവീണിനെയാണ് (28) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കുടുംബവുമായി വേളി ടൂറിസ്റ്റ് വില്ലേജിലെത്തിയ,കാസർകോട് സ്വദേശിയായ ശ്രീധരനെയാണ് ഇയാൾ പൊഴിക്കര ബീച്ചിൽ വച്ച് കസേര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

ആക്രമണത്തിൽ തലയ്ക്ക് പൊട്ടലേറ്റ ശ്രീധരനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശ്രുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി ശ്രീധരനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.ശേഷം ഇയാളുടെ പരാതിപ്രകാരം കേസെടുത്ത പൊലീസ്,അന്വേഷണം നടത്തി പ്രവീണിനെ പിടികൂടുകയായിരുന്നു.

ലഹരിക്കടിമയായ പ്രവീൺ നിരവധിക്കേസുകളിലെ പ്രതിയാണെന്നും,കഴിഞ്ഞ ദിവസമാണ് ജയിൽ നിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.പിടിയിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ ടൂറിസം പൊലീസ് കടലിന് അഭിമുഖമായി ഒരു എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ പൊലീസിന്റെ സേവനം ലഭിക്കുന്നില്ലെന്ന് സ‌ഞ്ചാരികൾ പരാതിപ്പെടുന്നു.