പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാകേസ്

Wednesday 27 May 2026 1:33 AM IST

കാസർകോട്: ഉപ്പളയിൽ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ വാറണ്ട് പ്രതിയും സ്ത്രീകളും അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഉപ്പള മണിമുണ്ടെയിലെ സുഹൈൽ അടക്കമുള്ളവർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്ടെ വാറണ്ട് കേസിൽ പ്രതിയായ സുഹൈലിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. വാറണ്ട് കേസിലെ പ്രതിയെ വീട്ടിൽ നിന്ന് പിടികൂടാനെത്തിയ പൊലീസിനെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ രണ്ട് പോലീസുകാർക്കാണ് പരിക്കേറ്റത്. പ്രതിയെ മണിക്കൂറുകൾക്ക് ശേഷം ബലപ്രയോഗത്തിൽ കീഴ്പ്പെടുത്തി. അക്രമത്തിൽ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗങ്ങളായ സജീഷ്, തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിൽസ തേടി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സുഹൈലിന് വാറണ്ട് നില നിൽക്കുന്നത്. പല തവണ തേടിയെത്തിയിട്ടും പോലീസിന് സുഹൈലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുഹൈലിന്റെ വീട്ടിലെത്തിയത്. സുഹൈലും സ്ത്രീകളുമടക്കം ചില പരിസര വാസികൾ ചേർന്ന് പോലീസിനെ കത്തിയും മറ്റു ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു .ഇതിനിടെ സുഹൈൽ ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയതിന് ശേഷം ബല പ്രയോഗത്തിൽ കീഴ്പ്പെടുത്തി. പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും അക്രമം നടത്തിയതിനുമാണ് മഞ്ചേശ്വരം പോലീസ് സുഹൈലിനും മൂന്ന് സ്ത്രീകൾക്കും ചില പരിസര വാസികൾക്കുമെതിരെ ജാമൃ മില്ലാ വകുപ്പ് ചേർത്ത് കേസെടുത്തത്.