വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Wednesday 27 May 2026 2:14 AM IST

കോഴിക്കോട്: വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പിൽ സാജിദ് ജമാൽ അഹമ്മദ് (27) നെയാണ് സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. സൗത്ത് ബീച്ച് പരിസരത്തെ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 37.170 ഗ്രാം എം.ഡി.എം.എ, 4,630 രൂപ, ഇലക്ട്രോണിക് ത്രാസ്, മൂന്ന് മൊബൈൽ ഫോണുകൾ, സിപ്പ് ലോക്ക് കവറുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങുന്ന മയക്കുമരുന്ന് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. ഒരു വർഷത്തിനിടെ നാലാം തവണയാണ് സാജിദ് എം.ഡി.എം.എ കേസിൽ പിടിയിലാവുന്നത്. 2024 ൽ ബാംഗളൂരുവിൽ 18 കിലോ കഞ്ചാവുമായി പിടിയിലായ ഇയാൾക്കെതിരെ പന്തീരാങ്കാവ്, മെഡിക്കൽ കോളേജ്, കസബ, നല്ലളം സ്റ്റേഷനുകളിലും പരപ്പനങ്ങാടി എക്സൈസിലും നിലവിൽ ലഹരിക്കേസുകളുണ്ട്. പ്രതിയുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കോഴിക്കോട് ജില്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.