അടച്ചിട്ട വീടുകളിൽ മോഷണം

Wednesday 27 May 2026 2:35 AM IST

പയ്യോളി: അയനിക്കാട് മാപ്പിള എൽ.പി സ്കൂളിന് സമീപം അടച്ചിട്ട വീടുകളിൽ മോഷണം. അയനിക്കാട് ചെറിയാടത്ത് 'ഇന്ദീവര'ത്തിൽ ആശ, 'അനുഗ്രഹ'യിൽ പ്രകാശൻ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കളെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരമറിയുന്നത്. മുൻഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ട് പൊളിച്ച മോഷ്ടാവ് വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. സിസി ടി.വി ക്യാമറകൾ കവർന്നു. മറ്റ് വില പിടിപ്പുള്ളതൊന്നും വീട്ടിൽ സൂക്ഷിച്ചിട്ടില്ലെന്ന് വീട്ടമ്മ പറഞ്ഞു. ആശ, മകളുടെയൊപ്പം തിരുവനന്തപുരത്ത് താമസമായതിനാൽ അയനിക്കാട്ടെ വീട് അടച്ചിട്ടതായിരുന്നു. സിസി ടി.വി പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന്, അറ്റകുറ്റപ്പണികൾക്കായി ടെക്നീഷ്യന്മാർ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടടുത്ത വീട്ടിലെ മോഷണ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തങ്ങളുടെ വീട്ടിലും മോഷണം നടന്നതായി പ്രകാശൻ്റെ ഭാര്യ അറിയുന്നത്. മുൻഭാഗത്തെ വാതിലിൻ്റെ പൂട്ട് പൊളിച്ച് വാതിൽ ചാരിയ നിലയിലായിരുന്നു. ഇരുവീടുകളിലും മോഷണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പയ്യോളി പൊലീസെത്തി പരിശോധന നടത്തി.