മറ്റൊരു വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

Saturday 30 May 2026 12:28 PM IST

കൊച്ചി: മറ്റൊരു വിവാഹത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് അറസ്റ്റിലായത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് ഇയാൾ. വരുന്ന തിങ്കളാഴ്‌ചയാണ് നിതിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വധശ്രമത്തിനാണ് കുന്നത്തുനാട് പൊലീസ് നിതിനെതിരെ കേസെടുത്തിരിക്കുന്നത്.

പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് മർദ്ദനത്തിനിരയായ യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്‌ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നിതിൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. യുവതി മരിച്ചെന്നുകരുതിയ നിതിൻ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളി.

പുലർച്ചെ ബോധം വീണ്ടുകിട്ടിയ യുവതി കോഴിപ്പിള്ളി ജംഗ്‌ഷനിലെത്തി നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.