കാറിൽ എയർബാഗിനുപകരം എംഡിഎംഎ: കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: പഴയങ്ങാടിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശി തഫ്സീർ, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് സംഭവം.
പ്രകടനത്തിനിടയിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഒരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പഴയങ്ങാടി പൊലീസ് ഉദ്യോഗസ്ഥർക്ക് കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് നിർണ്ണായകമായത്.
പൊലീസ് പേരുവിവരങ്ങൾ ചോദിച്ചപ്പോൾ ഇരുവരും പതറുകയും പോക്കറ്റിൽ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ പാന്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പിന്നീട് തഹസിൽദാരെ അടക്കം സ്ഥലത്തെത്തിച്ച് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്ത് നിന്ന് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. പ്രതികൾ ലഹരി ഉപയോഗിച്ചാണോ വാഹനം ഓടിച്ചതെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.