തുടരുന്ന ദൃശ്യങ്ങൾ
58 മണിക്കൂറിനുള്ളിൽ 100 കോടി ക്ളബിൽ ഇടംപിടിച്ച് മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച റെക്കാഡ്. ദൃശ്യം 3 കൈവരിച്ച നേട്ടത്തിന്റെ സന്തോഷത്തിൽ സംവിധായകൻ ജീത്തു ജോസഫ് സംസാരിക്കുന്നു.
ദൃശ്യം സീരിസിൽ ഏറ്റവും വലിയ ഒാപ്പണിംഗ് മൂന്നാം ഭാഗത്തിന് ലഭിക്കാൻ കാരണം ?
'ദൃശ്യം" റിലീസ് ചെയ്തപ്പോൾ തിയേറ്ററിൽ കാര്യമായ ചലനം ഉണ്ടായില്ല. സാവധാനം ഏറ്റെടുക്കുകയായിരുന്നു. പിന്നെ, അന്ന് വൈഡ് റിലീസ് ഇല്ലായിരുന്നു. ഏറെ നാൾ ദൃശ്യം തിയേറ്ററിൽ കുടുംബപ്രേക്ഷകർ ഏറ്റെടുത്തു . ദൃശ്യം 2 തിയേറ്റർ റിലീസ് ചെയ്യാൻ സാഹചര്യം വന്നില്ല. 'ദൃശ്യം 3" വന്നപ്പോൾ ദൃശ്യം ഫ്രാഞ്ചൈസിയോടുള്ള ഇഷ്ടം കാരണമാണ് വളരെ വലിയ ഓപ്പണിംഗ് ലഭിച്ചത്. ആളുകൾക്ക് വലിയ ആകാംക്ഷ ഉണ്ടായിരുന്നു. 'ജോർജ് കുട്ടിക്ക് ഇനി എന്ത് സംഭവിക്കും" എന്ന് എന്നെയും ആന്റണിയെയും ( നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ) കാണുമ്പോൾ ആളുകൾ ചോദിക്കുമായിരുന്നു. ആ ആകാംക്ഷ തന്നെയാണ് തിയേറ്ററിൽ കാണുന്നത്. കഥയുടെ സസ്‌പെൻസ് മറ്റുള്ളവർ വെളിപ്പെടുത്തും മുൻപേ അത് നേരിട്ട് അറിയണമെന്ന് ആളുകൾ ആഗ്രഹിച്ചു. ആ ആവേശം ആദ്യ ദിവസങ്ങളിൽ കണ്ടു.
മറ്റ് സിനിമകളെ ദൃശ്യവുമായി താരതമ്യം ചെയ്യുന്നത് വെല്ലുവിളിയായി മാറി അല്ലേ?
തീർച്ചയായിട്ടും. ദൃശ്യത്തിന് മുൻപ് ചെയ്തത് മെമ്മറീസ്. അതിനുമുൻപ് മൈ ബോസ്, മമ്മി ആന്റ് മീ . അന്നത്തെ പ്രേക്ഷകർക്ക് എന്നിലുള്ള വിശ്വാസം ഭയങ്കരമായി കൂടി. ദൃശ്യം വലിയൊരു തലത്തിലേക്ക് ഉയർത്തപ്പെട്ടു. മലയാള സിനിമയിൽ ത്രില്ലർ സിനിമകൾക്ക് ബെഞ്ച് മാർക്ക് സൃഷ്ടിച്ചു. സ്വാഭാവികമായി, ദൃശ്യത്തിനു ശേഷം എന്റെ സിനിമകളെ, ഒരു പരിധിവരെ മെമ്മറീസുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അത് ചെറിയ ബുദ്ധിമുട്ട് അല്ല ഉണ്ടാക്കിയത്. വ്യത്യസ്തമായ ജോണർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന സംവിധായകനാണ് ഞാൻ. അതിനാൽ വളരെ ബോധപൂർവം തന്നെയാണ് 'ലൈഫ് ഓഫ് ജോസൂട്ടി" ചെയ്തത്. പ്രേക്ഷകർക്ക് പ്രതീക്ഷ അമിത ഭാരത്താൽ ഉണ്ടാകുമെന്ന് 'ജോസൂട്ടി" ചെയ്യുമ്പോൾ നന്നായി അറിയാമായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. എന്നാൽ എന്നെ സംബന്ധിച്ച് വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ഉള്ളതിനാൽ ഇടയ്ക്കിടെ മാറ്റി ചെയ്യും. 'ദൃശ്യം" കഴിഞ്ഞു നേരിട്ട ഏറ്റവും വലിയ പ്രശ്നം ആളുകളുടെ അമിത പ്രതീക്ഷ തന്നെയാണ്. പിന്നീട് വന്ന സിനിമകളെ എല്ലാം ദൃശ്യവും മെമ്മറീസുമായി താരതമ്യം ചെയ്യുന്നു.
അക്കാര്യത്തിൽ സങ്കടവും അഭിപ്രായവ്യത്യാസവുമുണ്ട്. ദൃശ്യവും ദൃശ്യം 2ഉം താരതമ്യം ചെയ്യുന്നത് മനസിലാക്കാം. അല്ലാതെ ദൃശ്യവും ലൈഫ് ഓഫ് ജോസൂട്ടിയും താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ടും വ്യത്യസ്തമാണല്ലോ? പക്ഷേ എനിക്ക് എന്തുചെയ്യാൻ പറ്റും? അതു പ്രേക്ഷകരുടെ തീരുമാനവും താത്‌പര്യവുമാണ്. അതിനെ കഴിയും വിധം അതിജീവിക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അമിത പ്രതീക്ഷകൾ ചില സിനിമകളുടെ വിജയത്തെ പോലും ബാധിച്ചു. അതു തന്നെയാണ് സ്വാഭാവികമായും നേരിട്ട വെല്ലുവിളി.
ദൃശ്യം 4 സംഭവിക്കുമോ?
ഉറപ്പ് പറയാനാകില്ല. 'ദൃശ്യം 3' അവസാനിക്കുമ്പോൾ ടെയിൽ ഇൻഡിൽ ആ കഥാപാത്രം ഈ സംഭവവികാസങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും അവരുടെ അവസ്ഥ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത അവസാനിപ്പിക്കണമെന്നും ആഗ്രഹിച്ചു. അതു ദൃശ്യം 4 എന്ന സൂചന നൽകുന്നതായി പ്രേക്ഷകർ കണ്ടിട്ടുണ്ടാകും. ടെയിൽ ഇൻഡ് ചെയ്യുമ്പോൾ തന്നെ അതു ഒരുപക്ഷേ നാലാം ഭാഗത്തിലേക്ക് ലീഡായി പ്രേക്ഷകർ കാണുമെന്ന് അറിയാമായിരുന്നു. നാലാം ഭാഗം ഉണ്ടാകുമോ എന്നു ചോദിച്ചാൽ അറിയില്ല.
ജോർജ്‌കുട്ടിയിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ മോഹൻലാൽ എന്ന നടനിൽ അതു പ്രകടമാണോ?
നടൻ എന്ന നിലയിൽ മാറ്റമൊന്നുമില്ല. ജോർജ്‌കുട്ടിയിൽ ഉണ്ടായ മാറ്റം ഉൾക്കൊണ്ട് മോഹൻലാൽ മനോഹരമായി അവതരിപ്പിച്ചു. മോഹൻലാൽ എന്ന നടൻ വെള്ളം പോലെ ആണ്. കഥാപാത്രം ഏതു പാത്രത്തിൽ ഒഴിച്ചാലും അതായി മാറാൻ കഴിയുന്ന അതുല്യ നടൻ. അതാണ് മോഹൻലാൽ എന്ന നടന്റെ പ്രത്യേകത. മൂന്നാം ഭാഗത്തിൽ ജോർജ്കുട്ടിയിൽഉണ്ടായ മാറ്റങ്ങളിലേക്ക് മോഹൻലാൽ ഇറങ്ങി ചെന്നിട്ടുണ്ട്.
ചൈനീസ് ഭാഷയിൽ ഉൾപ്പെടെ റീമേക്ക്. ദൃശ്യം ഒരു ബ്രാന്റ് ആയി മാറുന്നത് ലോക സിനിമയിൽ തന്നെ ആദ്യമായിരിക്കും ?
ഇന്ത്യയിൽ നിന്നും ഒരു പ്രദേശിക ഭാഷയിൽ നിന്നും ഇന്ത്യയ്ക്ക് പുറത്തേക്കും വിവിധ രാജ്യങ്ങളിലേക്കും റീമേക്ക് ചെയ്ത സിനിമ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ഇതിന്റെ സ്വീകാര്യത പ്രമേയത്തിന്റെ സാർവത്രികമായ സ്വഭാവം ആണ്. അതോടൊപ്പം സബ്ജക്ടിന്റെ പുതുമയും. ഒരു കുറ്റകൃത്യം ചെയ്ത കുടുംബം അതിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമം എന്ന ആംഗിളിൽ പുതുമയുണ്ട്. അച്ഛൻ മകളെയും അതോടൊപ്പം കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഇമോഷൻ ലോകത്ത് എല്ലായിടത്തും ഒരേപോലെയാണ്. അതു തന്നെയാണ് ഏതു ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നതിന്റെയും സ്വീകാര്യത നേടുന്നതിന്റെയും പ്രധാന കാരണം.
ജോർജ് കുട്ടിയെ പോലെ ' ക്ളാസിക് ക്രിമിനൽ" ആണോ സംവിധായകനും ?
ഞാൻ ക്രിമിനൽ അല്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ട്. പിന്നെ ഓരോരുത്തർക്കും ഓരോ പ്രമേയം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യമുണ്ട്. ചെറുപ്പം മുതൽ മിസ്റ്ററിയും അന്വേഷണാത്മകവുമായ സിനിമകൾ ആകർഷിച്ചിട്ടുണ്ട്. അത്തരം സിനിമകൾ കൂടുതൽ കണ്ടു. കഥകൾ വായിച്ചു. ഒരുപക്ഷേ അതായിരിക്കാം എന്നെ ത്രില്ലർ സിനിമയിലേക്ക് എത്തിച്ചത്. ഇല്ലായ്മയിൽ നിന്ന് ഒന്നും സൃഷ്ടിക്കുന്നില്ല. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഒരു കഥ രൂപപ്പെടുത്തുന്നത്. ചില സബ്ജക്ടിൽ കൂടുതൽ താത്പര്യം ഉള്ളതിനാൽ ചിലപ്പോൾ നന്നാകുന്നതായിരിക്കും. പിന്നെ എല്ലാം ദൈവാധീനം. അങ്ങനെ വിശ്വസിക്കുന്ന ആളാണ്ഞാൻ. എഴുതാനിരിക്കുമ്പോൾ നല്ല ചിന്തയും ആശയവും കിട്ടുമ്പോൾ അതു നന്നായി വരുന്നു. എപ്പോഴും അതു ലഭിക്കണമെന്നില്ല. അങ്ങനെയായിരുന്നെങ്കിൽ എന്റെ എല്ലാ സിനിമയും ഗംഭീരമാകണമല്ലോ.
ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത മകൾ കറ്റീന ചോദിച്ചാൽ തിരക്കഥ കൊടുക്കുമോ?
അടുത്തിടെ ചോദിച്ചു. ഒരു സംഭവം എഴുതണം. ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്എഴുതാനാണ് . പൊതുവെ മടിയുണ്ട്. എഴുത്ത് പൂർത്തിയാക്കാൻ എപ്പോഴും കുറച്ച് സമയം എടുക്കും. പെട്ടെന്ന് എഴുതാൻ അറിയില്ല. നോക്കട്ടെ എന്നു കറ്റീനയോട് പറഞ്ഞു.