SignIn
Kerala Kaumudi Online
Saturday, 30 May 2026 8.58 PM IST

സിനിമാ സംഘം മുങ്ങിയെന്ന പരാതി; വ്യാപാരികൾക്ക് പണം നേരിട്ട് നൽകുമെന്ന് ആഷിഖ് അബു, മാനേജർക്കെതിരെ നടപടി

READ ENGLISH VERSION

ashiq-abu

ജോജു ജോർജും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജഃ സുന്ദരി' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിലങ്ങാട്ടെ വ്യാപാരികൾക്ക് പണം നൽകാതെ സിനിമാസംഘം മുങ്ങിയെന്ന വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി ആഷിഖ് അബു. വ്യാപാരികളുടെ കുടിശ്ശികകൾ നേരിട്ട് തീർപ്പാക്കുമെന്ന ഉറപ്പുമായാണ് ആഷിഖ് അബു രംഗത്തെത്തിയത്. യൂണിറ്റിന്റെ ഭക്ഷണച്ചുമതല ഏൽപ്പിച്ച വടകര സ്വദേശിയായ സജിത് എന്നയാൾക്ക് 25 ലക്ഷം രൂപ കൈമാറിയിരുന്നെന്നും, എന്നാൽ ഇയാൾ വ്യാപാരികൾക്ക് പണം നൽകാതെ സാമ്പത്തിക ക്രമക്കേട് നടത്തുകയായിരുന്നെന്നും കമ്പനി വ്യക്തമാക്കി. സജിത്തിനെതിരെ കോഴിക്കോട് വളയം പൊലീസിൽ ഒപിഎം ഫിലിംസ് പരാതി നൽകിയിട്ടുണ്ട്.


മനു ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്ന് മാസത്തോളമാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലും നടന്നത്. ഈ സമയത്ത് സെറ്റിലേക്കാവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങൾ സമീപത്തെ കടകളിൽ നിന്നാണ് വാങ്ങിയിരുന്നത്.

ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം

'വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികൾക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു. വിലങ്ങാട് നടന്ന അജസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ), യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ നെയാണ് ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.

വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞുവെക്കുകയും, ഫെഫ്കാ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്‌നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല'.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, LATESTNEWS, OPM CINEMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY