നസ്ലിൻ ഇനി മധു സി. നാരായണൻ ചിത്രത്തിൽ
കുമ്പളങ്ങി നൈറ്റ്സിനുശേഷം മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നസ്ലിൻ . സൂര്യ - നസ്രിയ നസിം ചിത്രം പൂർത്തിയാക്കിയശേഷം നസ്ളിൻ അഭിനയിക്കുന്നത് മധു സി. നാരായണന്റെ ചിത്രത്തിൽ ആണ്. ശ്യാം പുഷ്കരൻ, മുഹ്സിൻ പരാരി എന്നിവരാണ് തിരക്കഥ. കഥ കെ.ആർ. സുനിൽ. ഡോ. അനന്തു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. എസ്. അനന്തു ആയിരിക്കും നിർമ്മാണം. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. 2019 ൽ റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി മധു സി. നാരായണൻ അരങ്ങേറ്റം കുറിക്കുന്നത്. ശ്യാം പുഷ്കരൻ ആണ് രചന നിർവഹിച്ചത്.ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവർ പ്രധാന വേഷം അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് 2020 ൽ വൻ വിജയം നേടിയ സിനിമകളുടെ പട്ടികയിലാണ്. മൂന്ന് സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തു. കുമ്പളങ്ങി നൈറ്റ്സിനുശേഷം മധു സി. നാരായണൻ സംവിധാനം ചെയ്യാതിരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു. അതേസമയം അഭിനവ് സുന്ദർനായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് ആണ് റിലീസിന് ഒരുങ്ങുന്ന നസ്ളിൻ ചിത്രം. ജൂൺ 5ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ ഗോപിക രമേശ് ആണ് നായിക. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ജഗദീഷ്, തുടങ്ങിയവരും സർപ്രൈസ് താരങ്ങളും ഭാഗമാണ്. നസ്ലിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന സൂര്യ ചിത്രത്തിന്റെ പേര് ഗലാട്ട എന്നായിരിക്കും. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവന്റെയും തമിഴ് അരങ്ങേറ്റം ആണിത്.