വിനയ് റായ്യും റിതിക സിംഗും വീണ്ടും മലയാളത്തിൽ, ഹിമാചലിൽ ജയസൂര്യയുടെ ഓപ്പറേഷൻ ത്രാൾ
ഇന്ന് രാവിലെ 9.30ന് പൂജ
ജയസൂര്യ നായകനായി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പറേഷൻ ത്രാൾ എന്ന ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ മിലിട്ടറി ആക്ഷൻ ചിത്രത്തിൽ വൻ താരനിര. തമിഴകത്തെ സ്റ്റൈലിഷ് വില്ലൻ വിനയ് റായ്, കിംഗ് ഒഫ് കൊത്തയിൽ ഡാൻസ് നമ്പർ അവതരിപ്പിച്ച റിതിക സിംഗ്, അനേഗൻ എന്ന ധനുഷ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അമീര മസ്ദൂർ എന്നീ അന്യ ഭാഷാതാരങ്ങൾക്കൊപ്പം സിദ്ദിഖ്, സായ് കുമാർ, ആൻസൻ പോൾ, നന്ദു തുടങ്ങിയവരും അണിനിരക്കുന്നു. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫിലൂടെ മലയാള അരങ്ങേറ്റം നടത്തിയ വിനയ് റായ്, ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയിൽ സി.ഐ അലൻ ജേക്കബ് എന്ന പ്രതിനായകനായി മിന്നും പ്രകടനം കാഴ്ചവച്ചു. വിനയ് റായ് അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രം ആണിത്. ഹിമാചൽ പ്രദേശിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9. 30ന് കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ നടക്കും. എൻ.ഐയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജന്റായാണ് ജയസൂര്യ എത്തുന്നതെന്നാണ് വിവരം. ജമ്മു കശ്മീരിലെ ത്രാളിൾ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ രതീഷ് വേഗ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമ്മാണം. സഹനിർമ്മാണം സുനിമോൾ ജോബി . ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി , കല സംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് മിക്സിംഗ് എം.ആർ. രാജകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായികുളം .