ആരാധകരുടെ കാത്തിരിപ്പിന് വിരാമം, എമ്പുരാന് തുടക്കം; സന്തോഷം പങ്കുവച്ച് മോഹൻലാൽ
മോഹൻലാൽ - പൃഥ്വിരാജ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, സുപ്രിയ മേനോൻ അടക്കമുള്ളവർ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിൽ റോബ് എന്ന വേഷത്തിലെത്തിയ അലക്സ് ഒ നെല്ലും പൂജയ്‌ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന.
ചരിത്ര വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ഡൽഹിയിലെ ഒരു ദിവസത്തെ ചിത്രീകരണത്തിനുശേഷം ലഡാക്കിലേക്ക് ഷിഫ്ട് ചെയ്യും. വിദേശ രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ടാകും. കേരളത്തിലുണ്ടാകുമോയെന്ന് വ്യക്തമല്ല. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിന് പരിക്കേറ്റതിനെ തുടർന്നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാൻ വൈകിയത്. മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.