കുഞ്ഞ് വയറ്റിൽ കിടന്ന് മരിച്ചു, രവി മോഹൻ എന്നെ സമീപിച്ചത് ആ സമയത്ത്, സൗഹൃദത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഗായിക
നടൻ രവി മോഹനുമായുള്ള (ജയം രവി) സൗഹൃദത്തെക്കുറിച്ചും താരത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് താനാണ് കാരണമെന്ന ആരോപണങ്ങൾക്കും മറുപടിയുമായി ഗായിക കെനീഷ രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വികാരാധീനയായാണ് കെനീഷ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യയെയും ഗായിക രൂക്ഷമായി വിമർശിച്ചു.
'ഒരു കുടുംബം തകർത്ത് ഒരാളെ സ്വന്തമാക്കേണ്ട ആവശ്യം എനിക്കില്ല. സ്വന്തം ജീവിതത്തിൽ വലിയ ട്രാജഡികൾ നേരിട്ട സ്ത്രീ ഒരിക്കലും ഒരു അച്ഛനെ തന്റെ മക്കളിൽ നിന്ന് അകറ്റാൻ ശ്രമിക്കില്ല,'- കെനീഷ പറഞ്ഞു.
രവി മോഹൻ മാനസികമായി തളർന്നിരുന്ന സമയത്താണ് തന്നെ സമീപിച്ചതെന്നും, ആദ്യം പ്രൊഫഷണലായി സഹായിക്കാൻ ശ്രമിച്ച് പിന്നീട് ഒരു സുഹൃത്തായി മാറിയെന്നും അവർ വെളിപ്പെടുത്തി. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്കും കെനീഷ മറുപടി നൽകി. 18ാം വയസിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതും അതിനെതുടർന്നുണ്ടായ ശാരീരികമാനസിക പീഡനങ്ങളെക്കുറിച്ചും അവർ വെളിപ്പെടുത്തി.
'എന്റെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ എനിക്ക് നഷ്ടമായി. ആ കുഞ്ഞ് എന്റെ ശരീരത്തിൽ നിന്ന് മരിച്ചാണ് പുറത്തുപോയത്. ഇത്രയും വലിയ വേദന അനുഭവിച്ച ഞാൻ മറ്റൊരാളുടെ മക്കളെ അവരിൽ നിന്ന് അകറ്റുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?' - കെനീഷ ചോദിച്ചു. 2013ൽ അമ്മയെയും 2017ൽ അച്ഛനെയും തനിക്ക് നഷ്ടമായെന്നും അൽഷിമേഴ്സ് ബാധിച്ച അച്ഛനെ അവസാനകാലം വരെ പരിചരിച്ചത് താനാണെന്നും കെനീഷ പറഞ്ഞു. അച്ഛനെ ഉപേക്ഷിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.
'നിങ്ങൾക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് വരിക, അല്ലാതെ സോഷ്യൽ മീഡിയയിലൂടെ ഒളിയമ്പെയ്ത് വ്യക്തിഹത്യ നടത്തരുത്'- കെനീഷ പറയുന്നു. 500 രൂപയ്ക്ക് വേണ്ടി ബാറുകളിൽ പാടി തുടങ്ങിയ അധ്വാനമാണ് ഇന്നത്തെ ഉയർച്ചയ്ക്ക് പിന്നിലെന്നും അവർ പറഞ്ഞു. സിനിമയോ പ്രശസ്തിയോ അല്ല ലക്ഷ്യം, ആത്മീയമായ കാര്യങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് കെനീഷ വീഡിയോ അവസാനിപ്പിച്ചത്.