പൃഥ്വിരാജിന്റെ ഖലീഫയിൽ മാളവിക ശർമ്മയും
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ കൃതി ഷെട്ടിയോടൊപ്പം മാളവിക ശർമ്മയും നായിക. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ഖലീഫയിൽ ബോളിവുഡ് താരം നിതിൻ മുകേഷ് ആണ് പ്രതിനായകൻ. നിതിൻ മുകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തും.
തെലുങ്ക് താരം മാളവിക ശർമ്മയുടെ ആദ്യ മലയാള ചിത്രം കൂടി ആണ് ഖലീഫ. നീല പോക്കറ്റ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അജയന്റെ രണ്ടാം മോഷണത്തിൽ നായികമാരിൽ ഒരാളായി മലയാളത്തിലേക്ക് എത്തിയതാണ് കൃതിഷെട്ടി. കൃതിയുടെ രണ്ടാമത്തെ മലയാള ചിത്രം ആണ് ഖലീഫ.അതേസമയം മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
ജിനു എബ്രഹാം രചന നിർവഹിക്കുന്ന ഖലീഫ സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ബിഗ് ബഡ്ജറ്റ് എന്റർടെയ്നറാണ് . മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും.
ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ.