
2006-ൽ പുറത്തിറങ്ങിയ 'ഗ്യാംഗ്സ്റ്റർ'എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണാവത്ത് ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് മാതാപിതാക്കളിൽ നിന്നുണ്ടായ പ്രതികരണം ഏറെ വേദനിപ്പിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ദേശീയ പുരസ്‌കാരം നേടിയ ശേഷമാണ് മാതാപിതാക്കളുടെ മനോഭാവത്തിൽ മാറ്റമുണ്ടായതെന്നും കങ്കണ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാത' യുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കങ്കണ.
'ഞാൻ ചെയ്യുന്ന കാര്യങ്ങളൊന്നും അവർക്ക് അത്ര താല്പര്യമുള്ളതായിരുന്നില്ല. എങ്കിലും 'അവൾ സ്വന്തമായി എന്തെങ്കിലും വഴി കണ്ടുപിടിച്ചോളും' എന്ന് അവർ കരുതിക്കാണും. എന്റെ ആദ്യ സിനിമയായ 'ഗ്യാംഗ്സ്റ്റർ' റിലീസായ ശേഷം അച്ഛൻ എന്നോട് സംസാരിച്ചില്ല. എന്താ ഒന്നും പറയാത്തതെന്ന് അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു: 'മോളേ, നമ്മുടെ സമുദായത്തിൽ ഇതൊക്കെ പ്രശ്നമാണ്. നീ പ്രായപൂർത്തിയായിട്ടുപോലുമില്ല, എന്നിട്ട് അവർ നിന്നെക്കൊണ്ട് ഇങ്ങനെയുള്ള സീനുകളൊക്കെ ചെയ്യിപ്പിച്ചല്ലോ' അത് കേട്ടപ്പോൾ ഞാൻ ചോദിച്ചു, 'ഈ സിനിമ മുഴുവൻ കണ്ടിട്ട് നിങ്ങൾക്ക് ആ സീനുകൾ മാത്രമാണോ കാണാൻ പറ്റിയത്?' എനിക്ക് ഭയങ്കര സങ്കടം തോന്നി. സമൂഹം എന്ത് വിചാരിക്കും എന്ന് മാത്രമാണ് അവർ ആലോചിച്ചത്.
ആ സിനിമയെ അവർ അങ്ങനെ കണ്ടതിൽ ശരിക്കും എന്റെ നെഞ്ച് തകർന്നുപോയി. അതിനുശേഷം എന്റെ സിനിമകളെക്കുറിച്ച് മാതാപിതാക്കളിൽ നിന്ന് ഒരു റിവ്യൂവും ഞാൻ പ്രതീക്ഷിക്കാറില്ല. കാരണം അവർ സിനിമകളൊന്നും കണ്ട് ശീലമുള്ളവരല്ല. പിന്നീട് 'ക്വീൻ' സിനിമയിലെ എന്റെ പ്രകടനം കണ്ട് സാക്ഷാൽ അമിതാഭ് ബച്ചൻ സർ എനിക്ക് അഭിനന്ദിച്ചുകൊണ്ട് ഒരു മനോഹരമായ കത്ത് അയച്ചു. അപ്പോൾ ഞാൻ ചിന്തിച്ചു—ബച്ചൻ സാറിന് മനസിലായ കാര്യം എന്തുകൊണ്ട് എന്റെ അച്ഛന് മനസിലായില്ല എന്ന്. പക്ഷേ, അതിന്റെ പേരിൽ എനിക്ക് അച്ഛനോട് ദേഷ്യമൊന്നുമില്ല. കാരണം അദ്ദേഹം ഒരു കലാകാരനല്ലല്ലോ, അദ്ദേഹം ചെയ്യുന്ന ജോലി വേറെയാണ്. എന്നാൽ എനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയപ്പോൾ അവർക്ക് ഭയങ്കര സന്തോഷമായി. ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഞാൻ ആ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷമാണ് ശരിക്കും അവരുടെ ചിന്താഗതി മാറിയത്.' -കങ്കണ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |