തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളി താരങ്ങൾ, മികച്ച നടിമാരായി അഞ്ച് പേർ
ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മലയാളത്തിളക്കം. 2016 മുതൽ 2022 വരെയുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 13ഉം നേടിയത് മലയാളികൾ. മികച്ച നടിക്കുള്ള പുരസ്കാരം അഞ്ച് മലയാളികൾക്ക് ലഭിച്ചു. കീർത്തി സുരേഷ് (പാമ്പ് സട്ടൈ, 2016),നയൻതാര (അരം, 2017), മഞ്ജു വാര്യർ (അസുരൻ, 2019), അപർണ ബാലമുരളി (സൂരറൈ പോട്ര്, 2020), ലിജോമോൾ ജോസ് (ജയ് ഭീം, 2021), എന്നിവരാണ് മികച്ച നടിമാരായത്. മുടങ്ങിക്കിടന്ന സംസ്ഥാന പുരസ്കാരങ്ങൾ സിനിമാ സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് സ്റ്റാലിൻ സർക്കാർ പുനരാരംഭിച്ചത്.
സർപട്ട പരമ്പരൈയിലൂടെ (2021) മലയാളിയായ ആര്യ മികച്ച നടനായി. 2017ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരം ഉർവശി (മകളിർ മട്ടും) നേടി. 2016 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി (വേലൈനു വന്തിട്ടാ വെള്ളക്കാരൻ). 2020 ലെ മികച്ച ഗായിക (തായ് നിലം)വർഷ രഞ്ജിത്ത്. 2017ലെ വില്ലൻ അവാർഡ് റഹ്മാൻ (ഒരു മുഗുതറൈ) നേടി. ശബ്ദ സംവിധാനം എം.ആർ.രാജാകൃഷ്ണൻ (അരം 2017 ), (കടസി വ്യവസായി2021). വിഷ്ണുഗോവിന്ദ്, പി. ശങ്കർ എന്നിവർ സൗണ്ട് റെക്കോഡിംഗിന് (സൂരറൈ പോട്ര് )2020ലെ പുരസ്കാരം നേടി.
വിജയ് സേതുപതി ( പുരിയാത്ത പുതിർ), കാർത്തി (തീരൻ അധികാരം ഒൺട്രു), ധനുഷ് (വടചെന്നൈ), പാർത്ഥിപൻ (ഒത്ത സെരുപ്പ് സൈസ് ), സൂര്യ (സൂരറൈ പോട്ര്), വിക്രം പ്രഭു (താനക്കാരൻ) -മികച്ച നടന്മാർ. ജ്യോതിക (ചെക്ക ചിവന്ത വാനം),സായി പല്ലവി (ഗാർഗി)- മികച്ച നടിമാർ. ലോകേഷ് കനകരാജ്, പുഷ്കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി ജെ ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവരാണ് മികച്ച സംവിധായകർ. അടുത്ത മാസം 13ന് പുരസ്കാരങ്ങൾ സമ്മാനിക്കും.