'ത്രസിപ്പിക്കുന്ന രംഗങ്ങളുണ്ടാകില്ല, ഇത് പറയാൻ എനിക്ക് ചമ്മലാണ്; എന്നാലും ഞാൻ നിങ്ങളോട് പറയുകയാണ്'

Tuesday 19 May 2026 10:25 AM IST

ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറായ സബ്സ്ക്രിപ്ഷൻ കൂടുതൽ താരങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളിൽ നിന്നും നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒരു ഫീച്ചറാണിത്. താരങ്ങളുടെ അക്കൗണ്ടുകൾ പണം നൽകി സബ്സ്ക്രെെബ് ചെയ്യുന്നതുവഴി അവരുടെ പ്രത്യേക കണ്ടന്റ് നിങ്ങൾക്ക് ലഭിക്കുന്നു. ഇപ്പോഴിതാ ഈ സബ്സ്ക്രിഷൻ ഫീച്ച‌ർ ആരംഭിച്ചിരിക്കുകയാണ് നടി മഞ്ജു പത്രോസും. 'ഞാനും തുടങ്ങി സബ്സ്ക്രിപ്ഷൻ' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം മഞ്ജു അറിയിച്ചത്.

'അളിയൻസിന്റെ ഷൂട്ടിനിടെയാണ് ഈ വീഡിയോ ഞാൻ എടുക്കുന്നത്. ഇനി ഞാൻ വന്ന കാര്യം പറയാം. സത്യത്തിൽ എനിക്ക് ഇത് പറയാൻ തന്നെ ചമ്മലാണ്. പലരും ഇതിന് ദുരുപയോഗം ചെയ്യുന്നതുകൊണ്ട് അത് പുറത്തുപറയാൻ കഴിയാത്ത ഒരു സാധനമായി മാറി. എന്നാലും ഞാൻ പറയുകയാണ്. എനിക്ക് ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിഷൻ ഫീച്ചർ വന്നു. അപ്പോൾ ഞാൻ ഓർത്തു ഒരു സബ്സ്ക്രിപ്ഷൻ തുടങ്ങാമെന്ന്. ഈ സബ്സ്ക്രിപ്ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെയാണ് എനിക്ക് തന്നെ തോന്നുന്നത്.

വളരെ കുറച്ചുപേർ ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. കഴിയുന്നവർ സബ്സ്ക്രെെബ് ചെയ്യണം. പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളൊന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രെെബ് ചെയ്യേണ്ട. എന്റെ ജീവിത യാത്ര, എന്റെ ജീവിതാനുഭവങ്ങൾ, ചെറിയ യാത്രകൾ, എന്നെ വിഷമിപ്പിക്കുന്ന, എനിക്ക് സന്തോഷം തരുന്ന അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം. അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. രണ്ടുപേർ ഇതിനോടകം എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അഞ്ചുപേർ ആയാലും ഞാൻ കണ്ടന്റ് ചെയ്യും'- മഞ്ജു വ്യക്തമാക്കി.