'ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ നടന്നു, പിന്നാലെ ഇസ്ലാം മതം സ്വീകരിച്ചു'; വെളിപ്പെടുത്തി ജയ്
ഇസ്‌ലാം മതത്തിലേക്ക് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് തമിഴ് നടൻ ജയ്. ഹിന്ദുമതത്തേയും ക്രിസ്തുമതത്തേയും താൻ പിന്തുടർന്നിരുന്നുവെന്നും എന്നാൽ അവിടെ തനിക്ക് അപമാനങ്ങൾ നേരിട്ടിരുന്നുവെന്നും ജയ് വ്യക്തമാക്കുന്നു. പള്ളിയിൽ പോകുമ്പോൾ എല്ലാവരും തുല്യരാണെന്ന തോന്നലുണ്ടായിയെന്നും അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദേഹം വെളിപ്പെടുത്തി.
'2011 മുതലാണ് ഞാൻ ഈ വിശ്വാസത്തിലേക്ക് താൽപര്യം കാണിച്ച് പിന്തുടരാൻ തുടങ്ങിയത്. എനിക്ക് നിരവധി മുസ്ലീം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തു. എല്ലാ വിശ്വാസങ്ങളെയും പിന്തുടർന്നു. പക്ഷേ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത തൃപ്തിയില്ലാത്ത ചില സംഭവങ്ങൾ നടന്നു. തുടരെ തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ ഞാൻ മസ്ജിദിൽ പോയി.
ഞാൻ വരിയിൽ നിന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല. പുറത്തുവന്നശേഷമാണ് സംസാരിച്ചത്. അവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമുക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ആ വിശ്വാസം ഫോളോ ചെയ്തപ്പോൾ എന്റെ പേഴ്സണൽ കാരക്ടർവരെ മാറാൻ തുടങ്ങി'- ജയ് വ്യക്തമാക്കി.