'എന്റെ കാര്യത്തിൽ ഇടപെടാൻ അനുവാദമുള്ള ഒരേ ഒരാൾ'; ഒടുവിൽ മൗനം അവസാനിപ്പിച്ച് തൃഷ?
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് തൃഷ കൃഷ്ണൻ. എന്നാൽ അടുത്തിടെ നടി വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. നടനും തമിഴ്നാട് മുഖ്യമന്ത്രിമായ വിജയ്‌യുമായുള്ള ബന്ധമാണ് അതിന് കാരണം. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവച്ചത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയാൻ കാരണം തൃഷയാണെന്നാണ് ചിലർ ആരോപിക്കുന്നത്. ഇതിനുപിന്നാലെ വലിയ സെെബർ ആക്രമണങ്ങളും തൃഷ നേരിടുന്നുണ്ട്.
ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്റെ വളർത്തുനായ കട്ടിലിൽ ശാന്തമായി കിടന്നുറങ്ങുന്ന ഒരു വീഡിയോയാണ് നടി പങ്കുവച്ചത്. 'എന്റെ കാര്യത്തിൽ ഇടപെടാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്'- എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ഇത് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ വരുന്ന ഗോസിപ്പുകൾക്ക് മറുപടിയാണെന്ന് തൃഷയുടെ ആരാധകർ പറയുന്നു.
രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാണ് വിജയ്‌യും തൃഷയും. 2004ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് തിരുപ്പാച്ചി, ആദി, കുരുവി, ഒടുവിൽ പുറത്തിറങ്ങിയ ലിയോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയമായി മാറുകയായിരുന്നു.