സിബിഎസ്ഇ പ്ലസ്ടു പരീക്ഷ എഴുതിയവരാണോ? എങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കൂ
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണിത്. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും സമാന അവസ്ഥയിലാണ് എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം.cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്. മാർക്ക് വെരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ് നൽകേണ്ടത്.
ഈ വർഷം തിടുക്കപ്പെട്ട് നടപ്പാക്കിയ ഓൺസ്ക്രീൻ മാർക്കിംഗ് സിസ്റ്റം കാരണം തങ്ങൾക്ക് മാർക്ക് കുറഞ്ഞുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ രീതിയിൽ എങ്ങനെ പേപ്പർ നോക്കണമെന്ന് അദ്ധ്യാപകർക്ക് ആവശ്യത്തിന് പരിശീലനം നൽകിയില്ലെന്നും ഇത് തങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. മാത്രമല്ല ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിലെ അപാകതമൂലം ഉത്തരങ്ങളിൽ പലതും വ്യക്തമായിരുന്നില്ലെന്ന് മൂല്യനിർണയത്തിന് എത്തിയ അദ്ധ്യാപകരും പറയുന്നുണ്ട്. ഓൺസ്ക്രീൻ മാർക്കിംഗ് സിസ്റ്റം നടപ്പാക്കുമ്പോൾ എങ്ങനെ പരീക്ഷ എഴുതണം എന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകിയിരുന്നില്ലെന്നും മൂല്യനിർണയം ശരിയായ രീതിയിലല്ലെന്ന് തെളിയിക്കുന്നതാണ് വിജയശതമാനത്തിലെ കുറവ് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.