കെ.ജി. സത്യസന്ധനായ പത്രപ്രവർത്തകൻ - എ.കെ. ആന്റണി

Thursday 21 May 2026 1:53 AM IST

തിരുവനന്തപുരം : മാന്യനും സത്യസന്ധനുമായ പത്രപ്രവർത്തകനായിരുന്നു കെ.ജി. പരമേശ്വരൻ നായരെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ.കെ. ആന്റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ.ജിയുമായി 1964 മുതൽ അടുപ്പമുണ്ട്. താൻ കെ.എസ്.യു പ്രസിഡന്റായി വന്ന കാലംമുതൽ തുടങ്ങിയതാണ് ആ സൗഹൃദം. സെക്രട്ടേറിയറ്റിന് സമീപത്തെ ഹാപ്പി ടൂറിസ്റ്റു ഹോമിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള കേരളകൗമുദി സിറ്റിബ്യൂറോയിലെ പതിവ് സന്ദർശകനായി ഞാൻ മാറി. അവിടെ അന്ന് കെ. വിജയരാഘവനും വർഗീസും കെ.ജിയും ഉണ്ടായിരുന്നു. നിഷ്പക്ഷമായിട്ടാണ് കെ.ജി വാർത്തകൾ തയ്യാറാക്കിയത്. കെ.ജിയുമായി ഉള്ള ബന്ധം വിവരിക്കാൻ വാക്കുകളില്ല. അടുത്തകാലം വരെയും അദ്ദേഹത്തെ കണ്ടിരുന്നു. എന്റെ വീട്ടിലും വന്നിരുന്നു. വിജയരാഘവൻ, രാമചന്ദ്രൻ, വർഗീസ്, ഇപ്പോൾ കെ.ജിയും. കേരളകൗമുദിയിലെ കഴിഞ്ഞ ഒരു കാലഘട്ടത്തിലെ പ്രമുഖരുടെ ഒരു നിര തന്നെ വിടപറഞ്ഞിരിക്കുന്നു.ആന്റണി പറഞ്ഞു.