ആഹ്ളാദം പങ്കിട്ട് ആശമാർ: സെക്രട്ടറിയേറ്റിന് മുന്നിൽ പായസവിതരണം

Thursday 21 May 2026 11:50 AM IST

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ ഓണറേറിയം കൂട്ടിയതിൽ ആഘോഷവുമായി ആശാപ്രവർത്തകർ. 266 ദിവസം നീണ്ട രാപ്പകൽ സമരപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആശമാർ സെക്രട്ടറിയേറ്റിനുമുന്നിൽ ഒത്തുകൂടിയത്. ആഹ്ളാദസൂചകമായി പായസവിതരണവും നടത്തി.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറാണ് ആശമാരുടെ ആഹ്ളാദപ്രകടന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പിണറായി സർക്കാരിന്റെ കാലത്ത് ആശാ സമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തിന് ചെയർമാൻ പദവി നഷ്ടമായത്.

2025 ഫെബ്രുവരി പത്തിനാണ് ആശാപ്രവർത്തകർ സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 21,000 രൂപയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയുമാക്കണെമെന്ന ആവശ്യമുന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്. സമാനതകളില്ലാത്ത സ്ത്രീ പോരാട്ടത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. വി ഡി സതീശൻ നയിക്കുന്ന പുതിയ സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാപ്രവർത്തകർക്കുള്ള ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ചിരുന്നു.