ഡിജിറ്റൽ സർവകലാശാല: കാലാവധി കഴിഞ്ഞ ചെയർമാൻ ഭരണസമിതി യോഗം വിളിച്ചു

Thursday 28 May 2026 12:00 PM IST

തിരുവനന്തപുരം:ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞ ചെയർമാൻ ഭരണസമിതി യോഗം വിളിച്ചതായി പരാതി. ഗവർണറുടെ നിർദ്ദേശപ്രകാരം സി.എ.ജി നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകൾ സാധൂകരിക്കാനാണ് 29ന് യോഗം വിളിച്ചത്. സംവരണം അട്ടിമറിച്ച് നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്താനും നീക്കമുണ്ട്.

യൂണിവേഴ്സിറ്റി നിയമപ്രകാരം ചെയർമാന്റെയും ബോർഡ് ഒഫ് ഗവർണേഴ്സ് അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാണ്. പരമാവധി മൂന്ന് മാസം കൂടി തുടരാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

നിലവിലെ ചെയർമാൻ ബംഗളുരുവിലെ ഐ.ടി വ്യവസായി പ്രൊഫ. വിജയ് ചന്ദ്രുവിനെ പിണറായി സർക്കാർ 2021ലാണ് സർവകലാശാലയുടെ ആദ്യ ചെയർമാനായി നിയമിച്ചത്. 2024ൽ കാലാവധി അവസാനിച്ച ശേഷം നിയമാനുസൃതമായി ഇതുവരെ കാലാവധി നീട്ടിയിട്ടില്ല.

ഡിജിറ്റൽ സർവ്വകലാശാല ചട്ടപ്രകാരം മറ്റു സർവ്വകലാശാലകളിൽ നിന്നു ഭിന്നമായി വി.സിക്ക് പകരം ഭരണസമിതികളുടെ യോഗം വിളിച്ചു ചേർക്കേണ്ടതും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ടതും ചെയർമാനാണ്. കാലാവധി കഴിഞ്ഞ ചെയർമാനാണ് ഇപ്പോൾ അനധികൃതമായി 29ന് യോഗം വിളിച്ചു ചേർത്തത്. സി.എ.ജി കണ്ടെത്തിയ അനധികൃത സാമ്പത്തിക ക്രമക്കേടുകളുടെ സാധൂകരണവും കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനവും യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 അദ്ധ്യാപകതസ്തികകളിൽ നിയമനം നടത്തുന്നതിലും തീരുമാനമുണ്ടാകും.

കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചു ചേർത്തിട്ടുള്ള ബോർഡ് ഒഫ് ഗവർണേഴ്സിന്റെ യോഗം തടയണമെന്നും ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും ഐ.ടി മന്ത്രിക്കും നിവേദനം നൽകി.