വാഹനങ്ങളുടെ നീണ്ട നിരയില്ല? പൈലറ്റും എസ്‌കോർട്ടും മാത്രം; സുരക്ഷയിൽ ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ

Friday 15 May 2026 12:49 PM IST

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലി മാറ്റവുമായി വിഡി സതീശൻ. മുഖ്യമന്ത്രിക്ക് നൽകി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വിഡി സതീശൻ സുരക്ഷാ സംബന്ധമായ നിർദ്ദേശം നൽകിയത്. പൊലീസും എസ്‌കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ്നൽകിയിരുന്നത്. ജീവന് ഭീഷണിയുള്ള സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ നൽകിയത്. ഏഴ് വാഹനങ്ങളുടെ വലിയ വാഹനനിരയിലായിരുന്നു പിണറായി വിജയന്റെ യാത്ര. പൊലീസ് സംഘത്തിൽ മുപ്പത് മുതൽ നാൽപത് പൊലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടായിരുന്നു. കൂടാതെ കമാൻഡോകളുടെ ഒരു സ്‌ട്രൈക്കർ ഫോഴ്സും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പോകുന്ന റോഡിലേക്കുള്ള ഇടറോഡുകൾ അടയ്ക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ ഗതാഗത നിരോധനം, പാർക്കിംഗ് വിലക്ക് തുടങ്ങിയവയും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചാണ് പൊലീസ് വിന്യാസത്തിൽ പദ്ധതി തയ്യാറാക്കുന്നത്.