'പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയില്ല, രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്'; സംസ്ഥാനത്തിന് റോളില്ലെന്ന് മുഖ്യമന്ത്രി

Friday 29 May 2026 4:03 PM IST

തിരുവനന്തപുരം: സർക്കാരിന്റെ നയങ്ങളുടെ പ്രതിഫലനമാണ് ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ ഇന്ന് നടത്തിയത്. ഞങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'എല്ലാ വെല്ലുവിളികളെയും ജനാധിപത്യമായ മാർഗത്തിലൂടെ അതിജീവിച്ച് പുതുയുഗത്തിലേക്ക് തുടങ്ങും. പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പിലാക്കും. അതിൽ രണ്ടെണ്ണത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞു. സാമ്പത്തികപരമായ കാര്യങ്ങൾ സർക്കാർ തലത്തിൽ പരിശോധിച്ച് ഉചിതമായ സമയത്ത് മറ്റ് പരിപാടികൾ കൂടി പ്രഖ്യാപിക്കും. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ സ്വപ്ന പദ്ധതികൾ. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയ പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് നമുക്കുള്ളത്. അതിന് ആവശ്യമായ ഏവിയേഷൻ പ്രോജക്ടുകൾ ഞങ്ങളുടെ കയ്യിലുണ്ട്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയാണിത്'- വിഡി സതീശൻ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയിലും വിഡി സതീശൻ പ്രതികരിച്ചു. പിണറായിയുടെ കാലത്തെ നയമല്ല ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ എന്തുകൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ലെന്നതിലും അദ്ദേഹം വിശദീകരണം നൽകി. എപ്പോഴാണ് പ്രതികരിക്കേണ്ടതെന്ന അവകാശമെങ്കിലും എനിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങൾ പ്രതികരണം ആരായുന്നതിനിടെ ഒരു ചാനലിന്റെ മൈക്ക് എന്റെ മുഖത്ത് കൊണ്ടു. ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഉചിതമായ സമയത്ത് പ്രതികരിക്കും. ഞാൻ ഒളിച്ചോടുന്ന ആളല്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശങ്ങൾ പോലെ മറുപടി പറയാനുള്ള അവകാശം എനിക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അവർ നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതിനകത്ത് എന്തു റോളാണുള്ളത്. റെയ്ഡിന്റെ കാര്യം ഞങ്ങളെ അറിയിച്ചിട്ട് പോലുമില്ല. പൊലീസിനെയും അറിയിച്ചില്ല. എന്നിട്ടും ആൾക്കൂട്ടം കൂടുന്നത് കണ്ട്, ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസിനെ വിട്ടത് ആഭ്യന്തരമന്ത്രിയാണ്. അതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞു.

നാല് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസാണിത്. എൽഡിഎഫ് അധികാരത്തിൽ നിന്ന് താഴെയിറങ്ങുന്നത് വരെ അവർ ഒന്നും ചെയ്തില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്. അദ്ദേഹം പ്രധാനമന്ത്രിയെയോ ബിജെപി നേതാക്കളെയോ ബിജെപി സർക്കാരിനെയോ ആരെയും കുറ്റപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ ഇഡി കേസ് വന്നപ്പോൾ അദ്ദേഹം കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിത്തകർത്തോ? രാഷ്ട്രീയമായാണ് അദ്ദേഹം കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വധേയനായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.